പൊതുവെ സ്ത്രീകളുടെ അഴകും സൗന്ദര്യവും വർണ്ണിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചുണ്ട്. ആണോ പെണ്ണോ ആകട്ടെ, ഏറ്റവും ആകര്ഷണീയവും ചുണ്ടുകൾ തന്നെയാണ്. കവിതകളിലും സിനിമാഗാനങ്ങളിലും ചുണ്ടിനെ വർണ്ണിക്കുമ്പോൾ ചെഞ്ചുണ്ട്, ചുവന്നു തുടുത്ത അധരങ്ങൾ എന്നൊക്കെ വർണ്ണിക്കാറുണ്ട്. എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടിലെ കറുത്ത നിറം അഥവാ ഇരുണ്ട നിറം.
പൊതുവെ പുരുഷന്മാർ ഈ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നും കാണിക്കില്ലെങ്കിലും സ്ത്രീകൾ കറുത്ത ചുണ്ടുകൾ എന്നത് ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കാണുന്നത്. ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ പെടാപ്പാട് പെടുന്ന നിരവധി പെൺകുട്ടികൾ ഇന്നും നമുക്കിടയിലുണ്ട്. ചിലരൊക്കെ ലിപ്സ്റ്റിക്ക് ഇട്ട് ഈയൊരു പ്രശ്നത്തെ മറയ്ക്കുമെങ്കിലും ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ട് ചുവപ്പിച്ച് നടക്കാൻ പലർക്കും താല്പര്യം ഉണ്ടാകില്ല. അതുകൊണ്ടാണ് ഭൂരിഭാഗമാളുകളും മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം എന്ന് അന്വേഷിക്കുന്നത്.
കറുപ്പ് നിറവും കരിവാളിപ്പും മാറ്റി ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ചില എളുപ്പവഴികളുണ്ട്. അവയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തരാം.
ചുണ്ടുകൾ വരണ്ടിരിക്കുന്നത് തടയുവാനായി സ്‌ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ ഇത്തരത്തിൽ സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് ചുണ്ടുകളിലെ ബ്ലഡ് സർക്കുലേഷൻ കൂട്ടാനും സഹായിക്കും. സ്‌ക്രബ് ചെയ്യുവാനായി ഞാൻ ഉപയോഗിക്കുന്നത് തേനും പഞ്ചസാരയും ചേർത്തുള്ള ഒരു മിശ്രിതമാണ്. ഒരു ടീ സ്പൂൺ വീതം തേനും പഞ്ചസാരയും ചേർത്താണ് മിക്സ് ചെയ്യേണ്ടത്.
സ്‌ക്രബ് ചെയ്യുന്നതിനു മുൻപായി ഒരു കോട്ടൺ പഞ്ഞി വെള്ളത്തിൽ മുക്കി ചുണ്ടുകൾ തുടയ്ക്കുക. ലിപ്സ്റ്റിക്ക് ഉണ്ടെങ്കിൽ അവ കഴുകിക്കളയുകയും വേണം. എന്നിട്ട് തേനും പഞ്ചസാരയും ചേർത്ത മിശ്രിതം കൈകൊണ്ട് ചുണ്ടുകളിൽ തേച്ചു പിടിപ്പിക്കുക. അതിനുശേഷം അവ മൃദുവായി സ്‌ക്രബ് ചെയ്യുക. കുറച്ചു സമയം സ്‌ക്രബ് ചെയ്തതിനു ശേഷം പഞ്ഞി വെള്ളത്തിൽ മുക്കി ചുണ്ടുകൾ തുടച്ചു വൃത്തിയാക്കുക. ഇപ്പോൾത്തന്നെ നമ്മുടെ ചുണ്ടുകളിൽ വന്ന മാറ്റം മനസ്സിലാക്കുവാൻ സാധിക്കും. തേനിന് പകരം ഒലീവ് ഓയിലും പഞ്ചസാരയും ചേർത്തും ചുണ്ടുകളിൽ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. സ്ക്രബ്ബ് ചെയ്ത ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം അല്പം വെണ്ണയോ, വെളിച്ചെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും മികച്ച ലിപ് മോയ്സ്ചറൈസറോ ഉപയോഗിക്കാം.
ഇതുപോലെ രാത്രി കിടക്കുന്നതിനു മുൻപായി ചുണ്ടുകളിൽ ഒരു ബാം പുരട്ടിയിട്ടാണ് ഞാൻ ഉറങ്ങാറുള്ളത്. അത് നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. ഇതിനായി വേണ്ട സാധനങ്ങൾ ഗ്ലിസറിൻ – ഒരു ടീ സ്പൂൺ, നാരങ്ങാ നീര് – കാൽ ടീ സ്പൂൺ (പ്രകൃതിദത്തമായി ചുണ്ടുകളെ ബ്ലീച്ച് ചെയ്യാൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളും നാരങ്ങയിലടങ്ങിയിട്ടുണ്ട്), ആൽമണ്ട് ഓയിൽ – കാൽ ടീ സ്പൂൺ. ഇനിയിത് മിക്സ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ഒരു ചെറിയ ബൗളിൽ ഒരു ടീ സ്പൂൺ ഗ്ലിസറിൻ എടുക്കുക. ഇതിലേക്ക് കാൽ ടീ സ്പൂൺ നാരങ്ങാ നീരും, രണ്ടു മൂന്നു തുള്ളി ആൽമണ്ട് ഓയിലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അത് കൈകൊണ്ട് ചുണ്ടുകളിൽ പുരട്ടുക. എന്നിട്ട് ചെറുതായി മസ്സാജ് ചെയ്തു കൊടുത്തതിനു ശേഷം കിടന്നുറങ്ങാം. ഇങ്ങനെ ചുണ്ടിൽ പുരട്ടി കിടന്നുറങ്ങുന്നുവെന്നു കരുതി മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. രാവിലെ എഴുന്നേറ്റ് മുഖം കഴുകുന്നതിനൊപ്പം ചുടുകളും കഴുകിയാൽ മതി.
അതുപോലെതന്നെ ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് എടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞു ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഈ തണുത്ത ബീറ്റ്‌റൂട്ട് കഷണങ്ങളിൽ ഒന്നെടുത്ത് ചുണ്ടുകളിൽ ഉരസണം. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
അതേപോലെ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്നാൽ, നമ്മളുപയോഗിക്കുന്ന ലിപ്സ്റ്റിക്കുകൾ കാലാവധി (expiry date) കഴിഞ്ഞവയല്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ വിശ്വാസയോഗ്യമായ മികച്ച കമ്പനികളുടെ ലിപ്സ്റ്റിക്കുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ദിവസത്തിൽ പലതവണ മാറി മാറിയുള്ള ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ഒഴിവാക്കപ്പെടേണ്ടതാണ്.
അപ്പോൾ കറുപ്പ് നിറവും കരിവാളിപ്പും മാറ്റി ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ. എന്തായാലും ഇതൊന്നു ചെയ്തിട്ട് അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ.
Disclaimer – All the information provided on this channel and it’s videos are for general purposes only and should not be considered as professional advice. We are trying to provide a perfect, valid, specific, detailed information. All the contents published in our channel is our creativity and self tested. We hope you enjoy our videos as much as we do making them.