ഒരിക്കലും മറക്കാത്ത ആ അമ്മയും കുഞ്ഞും; ഒരു നേഴ്‌സിൻ്റെ അനുഭവം

എഴുത്ത് – ലിസ് ലോന.

മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ. വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷനിലുമായി ഒൻപത് കുഞ്ഞുമക്കൾ. നവജാതശിശുക്കളുടെ ഐ സി യു ആയതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയും പ്രവർത്തിപരിചയവും ഉള്ളവരെ മാത്രമേ അവിടെ ഡ്യൂട്ടിയിലിടൂ.

കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരേസമയം സന്തോഷവും സങ്കടവും തരുന്ന സ്ഥലം. ഒരുപാട് വയറുകൾക്കും ഫ്ലൂയിഡ് ലൈനുകൾക്കുമിടയിൽ തളർന്നു കിടന്ന് ഉറങ്ങുമ്പോഴും ആ കുഞ്ഞുമുഖങ്ങളിൽ വിരിയുന്ന പുഞ്ചിരി കാണുമ്പോൾ സന്തോഷം കൊണ്ട് പലപ്പോഴുമെന്റെ കണ്ണുകളീറനണിയും.

ഐ സി യുവിന്റെ വാതിലുകൾ തുറക്കുന്നതും നോക്കി ഗ്ലാസ് ഡോറിനപ്പുറം ഒരുപാട് പ്രതീക്ഷകളോടെ പ്രാർത്ഥനകളുമായി ഇരിക്കുന്ന ബന്ധുക്കളുണ്ടാകും. നൊന്തുപെറ്റ ശേഷം അത്യാസന്നനിലയിൽ കിടക്കുന്ന കുഞ്ഞിനെ ഒന്നു കാണാൻ പോലുമാകാതെ നെഞ്ച് തകർന്നിരിക്കുന്ന അമ്മമാരും, എഴുതികൊടുക്കുന്ന മരുന്നുകൾ വാങ്ങിക്കൊണ്ടു തരുമ്പോൾ ഒന്നു കുഞ്ഞിനെ കാണിച്ചു തരാൻ പറ്റുമോയെന്ന് കെഞ്ചി ചോദിക്കുന്ന അച്ഛന്മാരും… എന്നും കരളുരുകുന്ന കാഴ്ചകൾ തന്നെ…

കുറെ വേദനകൾക്കൊടുവിൽ ആരോഗ്യത്തോടെ വാർഡിലേക്ക് മാറ്റുന്ന കുഞ്ഞുങ്ങളെ ഏറ്റുവാങ്ങാൻ നേരം ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ മാത്രം കാണുന്ന സന്തോഷം ചിലപ്പോൾ നമ്മളെ ചേർത്തുപിടിച്ചുള്ള ഒരാലിംഗനം വരെയെത്തിക്കും. കാരണം ചിലപ്പോഴൊക്കെ ആ കുഞ്ഞുങ്ങൾ മാസങ്ങളോളം അവിടെ കിടക്കും. അത്രയും നാൾ അവരെ സ്നേഹത്തോടെ നോക്കി പരിപാലിച്ച ഞങ്ങൾക്ക് ആ കുടുംബവുമായും അപ്പോഴേക്കും അത്രയും അടുപ്പമായിട്ടുണ്ടാകും.

അന്ന് രാത്രി കുഞ്ഞുങ്ങൾക്ക് മരുന്നുകളെല്ലാം കൊടുത്ത്‌ വൈറ്റൽ സൈൻസ് എല്ലാം ഒന്നുകൂടെ ഉറപ്പ് വരുത്തി. എല്ലാ കുഞ്ഞുങ്ങളും ശാന്തരായി ഉറങ്ങുന്നതും നോക്കി ഞാനും എന്റെ കൂടെയുള്ള ഒരു കുട്ടിയും കൂടി റെക്കോർഡുകൾ എഴുതാനിരുന്നു. സിസേറിയൻ ചെയ്ത് പുറത്തെടുക്കുന്ന കുഞ്ഞുങ്ങളെ അമ്മയോടൊപ്പമേ വാർഡിലേക്ക് മാറ്റുകയുള്ളു. അത് വരെ ഇവിടെ തന്നെ ആണ് കിടത്തുന്നത്. ഞങ്ങളിൽ ബാക്കിയുള്ള ഒരാൾ ഉണ്ടായിരുന്നത് ആ കുഞ്ഞുങ്ങൾക്ക് ഫോർമുല മിൽക്കിന്റെ ഫീഡ് കൊടുക്കുന്നുണ്ട്.

ഇതിനിടയിലൊരു ഫോൺ… പീഡിയാട്രീഷ്യന്റെയാണ് സാധാരണ വെന്റിലേറ്ററിൽ കിടക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമറിയാൻ ആ കുഞ്ഞുങ്ങളെ നോക്കുന്ന അതാത് ഡോക്ടർമാർ വിളിക്കാറുണ്ട് അല്ലെങ്കിൽ ഇത്രമണിക്ക് അവരെ വിളിക്കണമെന്നും പറയാറുണ്ട്. നവജാതശിശുക്കളുടെ ഡിപ്പാർട്മെന്റ്റ് ഹെഡ് ആണ് വിളിക്കുന്നത്. ഹൊന്നാവറിലെ ഒരു ചെറിയ ഹോസ്പിറ്റലിൽ നിന്നും ഇവിടേക്ക് റെഫർ ചെയ്ത ഒരു കുഞ്ഞിനെ കൊണ്ട് വരുന്നുണ്ട്. കണ്ടിഷൻ വളരെ മോശമാണ്. വെന്റിലേറ്റർ ഒരുക്കിയിടണം. വാർമെർ തയ്യാറാക്കി ഇടണം. കുഞ്ഞിനേയും കൊണ്ട് അവരെത്തും മുൻപേ ഡോക്ടറുമിങ്ങെത്തും.

സമാധാനത്തോടെ ജോലിയെല്ലാം തീർത്തിരുന്ന ഞങ്ങൾ എല്ലാം തയ്യാറാക്കി ആ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പായി. മണിക്കൂറൊന്നു കഴിഞ്ഞു അത്യാഹിത വിഭാഗത്തിലേക്ക് പലതവണ വിളിച്ചിട്ടും അവിടെ അങ്ങനെയാരും എത്തിയിട്ടില്ല. ഏകദേശം ഒന്നരമണിക്കൂറെങ്കിലും ഞങ്ങളെയും ഡോക്ടറിനെയും കാത്തിരുപ്പിച്ചു അവരെത്തി. ആംബുലൻസിൽ അല്ല വന്നത് അത്രെയും ദൂരം ഒരു ഓട്ടോയിലാണ് വന്നതെന്ന് കേട്ടപ്പോൾ എന്ത്‌ ബുദ്ധിയില്ലാത്തവരെന്നാണ് ചിന്തിച്ചത്. പക്ഷേ അവർക്ക് കിട്ടിയ സൗകര്യം അന്നതായിരുന്നു.

കട്ടിയുള്ള സ്വെറ്റർ ധരിച്ചു ചെവിയടക്കം മൂടിയ ഒരു തൊപ്പിയും ഇട്ട് ആ അമ്മയെത്തി. ഒരു കുഞ്ഞു പഴംതുണികെട്ട് മാറോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛൻ മാത്രമേ കൂടെയുള്ളൂ. തുണിക്കെട്ടു തുറന്നതും ഞങ്ങൾ നെഞ്ചിൽ കൈ വച്ചു കൈപ്പത്തിയേക്കാൾ ഇത്തിരികൂടി വലുപ്പത്തിൽ ഒരു കുഞ്ഞുജീവൻ. 27ആഴ്ചകൾ മാത്രമെത്തിയ അവനു 720 ഗ്രാം ഭാരമേയുള്ളു. തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ് വയസ്സനെപോലെ തോന്നിക്കുന്ന ഒരു കുഞ്ഞു പുതുജീവൻ. താൻ നേരത്തെ തന്നെ ഈ സുന്ദരമായ ഭൂമിയിലേക്ക് വന്നെന്ന ഒരഹങ്കാരവുമില്ലാതെ കണ്ണുകളടച്ചു തളർന്നു കിടക്കുന്നു.

പൊതിഞ്ഞു വച്ച തുണികൾ മാറ്റിയപ്പോൾ അതുവരെയുള്ള ചൂട് മാറി തണുപ്പായതുകൊണ്ട് അവനൊന്നു കൂടി ചുളിഞ്ഞു. വെളിച്ചമടിച്ചപ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമം നടത്തുന്നുണ്ടെന്നത് അടഞ്ഞ കൺപോളകൾക്കുള്ളിൽ ധൃതിയിൽ ചലിക്കുന്ന കൃഷ്ണമണികൾ പറയുന്നുണ്ട്. പാല് കൊടുക്കാനായി മൂക്കിൽ കൂടി ഇട്ടിരുന്ന ട്യൂബ് ആരോ അശ്രദ്ധമായി വലിച്ചൂരിയത് കൊണ്ടാകണം കുഞ്ഞു മൂക്കിന് മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചയിടത്തെ തൊലി പറിഞ്ഞു പോന്നിരിക്കുന്നു. ഇളം പപ്പായത്തണ്ടിന്റെ കനത്തിലുള്ള കൈകളിൽ ഇനി സൂചി കുത്താനുള്ള സ്ഥലമില്ലാത്തതു പോലെ നിറയെ സൂചിപാടുകൾ. തിരക്കിട്ട് വന്ന ഭൂമിയിൽ നിന്നും ഒരു ദിവസത്തിനുള്ളിൽ സഹിക്കാവുന്ന വേദന മുഴുവൻ അവൻ സഹിച്ചിട്ടുണ്ട്.

ശിശുരോഗവിദഗ്ദ്ധൻ വിശദമായി കുഞ്ഞിനെ പരിശോധിച്ച ശേഷം സെൻട്രൽ ലൈൻ ഇട്ട് ഫ്ലൂയിഡ് തുടങ്ങി. പെട്ടെന്ന് തന്നെ അവനെ ശ്വാസോച്ഛാസം സപ്പോർട്ട് ചെയ്യാനുള്ള ഉപകരണത്തിലേക്ക് CPAP മാറ്റി.

ദിവസങ്ങൾ കടന്ന് പോയതോടെ ഞങ്ങളെല്ലാം ആ അമ്മയുമായി സൗഹൃദത്തിലായി. കല്യാണം കഴിഞ്ഞു വർഷം കുറെ ആയി. ഏഴാമത്തെ ഗർഭവും കുഞ്ഞുമാണിത്. ഇതിനു മുൻപുണ്ടായതെല്ലാം ഇതേ പോലെ മാസം തികയാതെ പ്രസവിച്ചതാണ്. ഒന്നുപോലും ജീവനോടെയില്ല. മക്കൾ വാഴാത്തവളെന്നു പറഞ് ഭർത്താവിന്റെ കുടുംബക്കാരെല്ലാം അകൽച്ചയിലാണ്. ഈ കുഞ്ഞിന്റെ അവസ്ഥയും ഇങ്ങനെ ആയതോടെ അവരെല്ലാം ആസ്പത്രിയിൽ വന്ന് അവൾക്ക് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു ഇറങ്ങിപ്പോയി.

“പൂച്ചയെപ്പോലെ കുഞ്ഞുങ്ങളെ പെറ്റിടുന്നുണ്ടല്ലോ. ഒന്നിനെപോലും കുടുംബം നിലനിർത്താൻ ഭർത്താവിന് കൊടുക്കാൻ കഴിയാത്ത നിനക്ക് അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപോയ്ക്കൂടെ”യെന്ന അമ്മായിയമ്മയുടെ രോഷപ്രകടനം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സങ്കടം തിങ്ങിനിറഞ്ഞു അവൾക്ക് വാക്കുകൾ കിട്ടാതായി. ആരെയും കാണിക്കാനോ ശപിച്ചവർക്ക് നേരെ വെല്ലുവിളിക്കാനോ അല്ല. കൊതിതീരാതെ സ്നേഹിച്ചു കൊഞ്ചിക്കാൻ എനിക്കെന്റെ കുഞ്ഞിനെ തന്നുകൂടെ ദൈവമേയെന്ന് പറഞ്ഞു ഇരുകൈ കൊണ്ടും അവൾ മുഖം പൊത്തി.

ഇത്തരം സാഹചര്യങ്ങളും കരച്ചിലുമെല്ലാം ഇതിനു മുൻപ് എത്ര തവണ വന്നിട്ടുണ്ടോ അപ്പോഴൊക്കെയുള്ള അനുഭവം. ജോലിക്ക് ചേരാത്തവിധം എന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. തൊണ്ടക്കുഴിയിലെല്ലാം ഒരു തടസ്സം. രണ്ടു മണിക്കൂർ ഇടവിട്ട് കുഞ്ഞിന് വേണ്ടി ബ്രെസ്റ്റ് പമ്പ് വച്ച് പാൽ പിഴിഞ്ഞെടുക്കുമ്പോൾ വേദനകൊണ്ടവൾ പുളയും. എന്നാലും നിർത്തു എന്നൊരിക്കൽ പോലും പറഞ്ഞില്ല.

പമ്പ് വച്ചു പിഴിഞ്ഞിട്ടും പാല് ശരിക്ക് വരാതാകുമ്പോൾ കല്ലു പോലെ ഉറച്ചിരിക്കുന്ന മുലകൾ വിരലുകൾ കൊണ്ടമർത്തി പാലു വരുത്തും. ആ സമയം സഹിക്കാൻ വയ്യാത്ത വേദന തടയാനെന്നോണം രണ്ടു കാലുകളും പിണച്ചു വച്ച് പല്ല് കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് ഞങ്ങളെയൊരു നോട്ടമുണ്ട്. ആ നോട്ടത്തിലെ തീക്ഷ്ണതയിൽ കാലിന്റെ പെരുവിരലിൽ തുടങ്ങി ശരീരം മുഴുവൻ പൊട്ടിത്തരിച്ചുകയറുന്ന ആ വേദന എന്നിൽകൂടിയും കടന്നു പോകും.

ഒരുതവണ പോലും അവളെ വിളിച്ചുണർത്തികൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിട്ടില്ല. ഐ സി യുവിൽ നിന്നുള്ള വിളിക്ക് കാതോർത്തു അവൾ പുറത്തു നിൽക്കുന്നുണ്ടാകും. ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രാര്ഥനയോടെയുള്ള കാത്തിരുപ്പ്. ഓരോ തവണയും അവന്റെ തൂക്കം കൂടിയതിനെ പറ്റിയും ഉണർന്ന് കിടന്ന് കളിക്കുന്നുണ്ടെന്നും പറയുമ്പോൾ പൂനിലാവ് പൊഴിയും പോലെ ആ കണ്ണുകളിൽ വാത്സല്യം തെളിഞ്ഞു നിൽക്കുന്നുണ്ടാകും.

കുറെ ദിവസങ്ങൾക്ക് ശേഷം അവൻ ഒന്ന് സ്റ്റേബിൾ ആയപ്പോൾ ഡോക്ടർ പറഞ്ഞത് പ്രകാരം അവളെ ഗൗൺ ഒക്കെ അണിയിച്ചു ഞാൻ അകത്തേക്ക് കയറ്റി. നിറയെ ട്യൂബുകൾ അപ്പോഴുമുണ്ടെങ്കിലും ശ്രദ്ധയോടെ അവനെ പതിയെ അവളുടെ നെഞ്ചിലേക്ക് വച്ചു കൊടുക്കുമ്പോൾ എനിക്ക് തോന്നി അവളുടെ കൈകളൊക്കെ വിറക്കുന്നുണ്ടെന്ന്. അമ്മയും കുഞ്ഞും മാത്രം സംവദിക്കേണ്ട ആ ലോകത്തിൽ ഞാനൊരു അധികപ്പറ്റാണെന്നറിയാം. എങ്കിലുമെന്റെ ജോലിയാണ് എനിക്കവിടെ നിന്നേ പറ്റുകയുള്ളു എന്നത് കൊണ്ട് ഞാനും ഒരു മൂലയിൽ നിലയുറപ്പിച്ചു.

ചിരിച്ചും കരഞ്ഞും അവൾ അവനോട് എന്തെല്ലാമോ പരിഭവം പറയുന്നുണ്ട്. മറുപടിയായി കുഞ്ഞു കുഞ്ഞു വിരലുകൾ കൊണ്ട് അവൻ അമ്മയുടെ വിരലിൽ മുറുകെ പിടിച്ചിട്ടുണ്ട്.
കസേരയിലേക്ക് ചെരിഞ്ഞിരുന്നു അവനെ പൂർണമായും നെഞ്ചിലേക്ക് കിടത്തി അവന്റെ തലയിലേക്ക് ചുണ്ടുകൾ വച്ചാണ് അവളിരുന്നത്. കണ്ണുകൾ നിറഞ്ഞൊഴുകി കുഞ്ഞിന് മേലെ കണ്ണുനീർ വീഴാൻ തുടങ്ങിയപ്പോൾ അവളോട് പറയാൻ പാടില്ലെങ്കിലും ഞാൻ അരുതെന്ന് തലയാട്ടി. മാസങ്ങളോളം നീണ്ടു നിന്ന പതിവ് കാഴ്ച്ചയായിരുന്നു അത്.

കൊണ്ടു വരുമ്പോഴുള്ള തൂക്കം ഇരട്ടി ആയപ്പോഴേക്കും അവൻ നല്ല മിടുക്കനായി. മരുന്നുകൾക്കുമപ്പുറം അവന്റ അമ്മയുടെ അഭൗമമായ സ്നേഹമായിരിക്കാം ഈ ഭൂമി വിട്ടുപോകേണ്ട എന്നവൻ തീരുമാനമെടുത്തതെന്ന് കണ്ട പല സന്ദർഭങ്ങൾ അതിനിടയിൽ. വാർഡിലേക്ക് മാറ്റുന്ന അന്ന് അവനെ എപ്പോഴും കാണാമെന്ന സന്തോഷത്തിൽ അവൾ കരയുമ്പോൾ ഇനി അവനെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടത്തെ ചവിട്ടി താഴ്ത്തി ഇനിയൊരിക്കലും അവനിവിടെ വരാതിരിക്കട്ടെ എന്ന് ഈറൻ കണ്ണുകളോടെ ഞങ്ങളും ചിരിച്ചു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ വന്ന് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി. മാസങ്ങൾ കഴിഞ്ഞു അവർ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ വന്നിരുന്നെങ്കിലും ലീവിലായതുകൊണ്ട് എനിക്ക് കാണാൻ സാധിച്ചില്ല.

ഒരു വർഷം കഴിഞ്ഞു ഒരു ദിവസം അവരെന്നെ കാണാൻ വന്നു. അവളുടെ മുഖം തിരിച്ചറിയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. നല്ല വണ്ണം വച്ചു സുന്ദരി ആയിരിക്കുന്നു. സമാധാനവും സന്തോഷവും അതിലുപരി അമ്മയാണെന്നതിന്റെ ആത്മനിർവൃതിയും എനിക്കവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. മകൻ പുറത്തു അച്ഛനോടൊപ്പമാണ്. ഞാനുണ്ടോയെന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് വിളിച്ചു കൊണ്ടുപോകാൻ വന്നതാണ് അവൾ.

ഐ സി യു വിന് പുറത്തേക്ക് അതിനുള്ളിലിടുന്ന വസ്ത്രങ്ങൾ അനുവദിക്കാത്തതുകൊണ്ട് ഞാൻ പോയി ഡ്രസ്സ് മാറി വന്നു. അവനൊത്തിരി മിടുക്കനായെന്നും വികൃതിയാണെന്നും അവൾ വാ തോരാതെ പറഞ്ഞതാകാം എനിക്കും അവനെ കാണാൻ ധൃതിയായി. പുറത്തെത്തിയതും അവന്റെ അച്ഛൻ അവനെയും കൊണ്ട് എനിക്കരികിലേക്ക് വന്നു. അതേ മിടുക്കനാണവൻ. ഇത്തിരിക്കുഞ്ഞൻ മാറി തക്കുടുമുണ്ടൻ ആയിരിക്കുന്നു. കൈ നീട്ടുമ്പോഴേക്കും അവനെന്റെ മേലേക്ക് ചാടി വീണു. ചോദിക്കാതെ തന്നെ എന്റെ മുഖം അവനുമ്മകൾ കൊണ്ട് മൂടി. ഒരുപാട് ദിവസങ്ങൾ ഞാനും അവനെ നെഞ്ചിലേറ്റിയിരുന്നല്ലോ അതാകാം അവനുമെന്നോടൊരു മനസ്സറിയാത്ത ഇഷ്ടം.

കുറച്ചു നേരം അവരോട് സംസാരിച്ചു കളിച്ചു ചിരിച്ചു നിൽക്കുമ്പോഴേക്കും ഐ സി യു വിലെ ഒരു ജൂനിയർ ഡോക്ടർ കൂടെ എനിക്കൊപ്പം ചേർന്നു. അവസാനം അവനു കുറെ പഞ്ചാരയുമ്മകൾ കൊടുത്തു അവരോട് യാത്ര പറഞ്ഞു അകത്തേക്ക് പിൻതിരിഞ്ഞു നടക്കുമ്പോൾ മനസ്സിലെന്തോ അസ്വസ്ഥത. സംശയത്തോടെ ഞാൻ തിരിഞ്ഞു നോക്കുന്നത് കൊണ്ടാകാം ഡോക്ടറെന്നോട് പറഞ്ഞു. അതേ ആ കുഞ്ഞിനു മെന്റൽ റീടാർഡേഷനുണ്ട്. അവർക്കും അത് അറിയാമിപ്പോൾ.

അറിയാതെ ഞാനെന്റെ അടിവയറിൽ കൈവച്ചു നാലുമാസം കൂടി കഴിഞ്ഞാൽ ഞാനുമൊരമ്മയാകാൻ പോകുകയാണ്. അവനെ കണ്ടപ്പോൾ മുതലുള്ള അസ്വസ്ഥത. അങ്ങിനെ ആകരുതേ എന്ന് പ്രാർത്ഥിച്ചിട്ടും അത് കേട്ടപ്പോൾ മനസ്സാകെ തകർന്നുപോയി. പക്ഷേ അതറിയാമായിരുന്നിട്ടും ഒരു നോക്ക് കൊണ്ട് പോലും സങ്കടം പറയാതെ ആ അച്ഛനും അമ്മയും ആഘോഷിക്കുകയാണ്. അവർക്ക് പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യത്തെ അഭിമാനത്തോടെ അതിലേറെ പ്രാണനായി മാറോട് ചേർത്തുപിടിച്ചുകൊണ്ട് തന്നെ.

“അമ്മ” ലോകത്തിലേക്കേറ്റവും മഹനീയപദവി. അതൊരനുഭൂതി തന്നെയാണ്. മക്കളെങ്ങനെയിരുന്നാലും അവരെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന അമ്മമാരെ കൂടുതൽ കണ്ടിരുന്ന ഞാനും ഞെട്ടലിലാണ്. ഈയിടെ വരുന്ന വാർത്തകളിൽ… പ്രാർത്ഥനകളും വഴിപാടുകളുമായി എത്രെയോ പേർ ഒരു കുഞ്ഞിക്കാലു കാണാനായി ആറ്റുനോറ്റിരിക്കുന്നു. അവർക്കൊന്നും കൊടുക്കാതെ ‘അമ്മ എന്ന വാക്കിന്റെ മഹത്വമറിയാത്തവർക്ക് എന്തിന് ദൈവമേ നീ മക്കളെ കൊടുക്കുന്നു എന്നറിയാതെ ചോദിച്ചു പോകുന്നു. അമ്മ എന്ന വിളിക്ക് പോലും അവർഹരല്ല എങ്കിലും അവർ നൽകുന്ന ഓരോ നോവിലും ആ കുഞ്ഞു അമ്മേയെന്നു തന്നെയല്ലേ വിളിച്ചു കേണിരിക്കുക.

വർഷങ്ങൾ കഴിഞ്ഞെങ്കിലും സുവർണ നായ്ക്ക് എന്ന അവളും മഞ്ജുനാഥ് എന്ന അവനും ഇന്നുമെന്റെ ജീവിതത്തിന്റെ ഭാഗമാണ്. വികൃതി കാണിക്കുന്ന മക്കൾക്ക് നേരെ മുഖം കടുപ്പിക്കുമ്പോഴേക്കും ഈ അമ്മയും മകനുമെന്റെ മനസ്സിലോടിയെത്തും. സ്വന്തം കുഞ്ഞിനെ അടിച്ചും ചവിട്ടിയും കുടൽമാല പഴുപ്പിച്ച സ്ത്രീയുടെ ക്രൂരതകൾ വായിച്ചു ഞെട്ടിയിരിക്കുമ്പോഴും മനസ്സിലൊരു കുളിർ തെന്നലായി സുവർണയുണ്ട്. സ്വന്തം മക്കളെ മാത്രമല്ല ഏത് കുഞ്ഞിനേയും സ്നേഹം കൊണ്ട് മൂടുന്ന അമ്മമാരുണ്ട്.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.