ചാത്തനാട്ടെ നായരുടെ കടയിലെ പുട്ടും പരിപ്പും; ആഹാ അടിപൊളി…

നല്ല രുചിയിടങ്ങൾ തേടി എത്ര ദൂരം സഞ്ചരിക്കാൻ വരെ തയ്യാറാണ് ആളുകൾ. അതിനൊരുദാഹരണമാണ് എറണാകുളം ജില്ലയിലെ ചാത്തനാട് എന്ന ഗ്രാമത്തിൽ വീരൻപുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നായരുടെ പുട്ടുകട. ചാത്തനാട് എന്നു പറയുമ്പോൾ വടക്കൻ പറവൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു സാധാ ഗ്രാമം. ചാത്തനാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ കഴിഞ്ഞാൽ വലത്തേക്ക് ചെറിയൊരു വഴി പോകുന്നുണ്ട്. ആ വഴി നേരെയങ്ങു പോയാൽ അവസാനിക്കുന്നത് നായരുടെ പുട്ടുകടയിലാണ്.

പടിഞ്ഞാറൻ കാറ്റിനൊപ്പം താളംതുള്ളുന്ന വീരൻ പുഴയുടെ കരയിൽ ഒരു ചെറിയ ചായക്കട. അതാണ് നായരുടെ പുട്ടുകട. കടയ്ക്ക് അന്നുമിന്നും പേരൊന്നുമിട്ടിട്ടില്ലെങ്കിലും ആളുകൾക്ക് ഇത് നായരുടെ പുട്ടുകടയാണ്. ഏതാണ്ട് 50 വർഷത്തോളമായി ഈ ചായക്കട അവിടെയുണ്ട്. തൻ്റെ സഹോദരൻ തുടങ്ങിയ കട പിന്നെ അനുജനായ മോഹനൻ പിള്ളയാണ് ഇതുവരെ നോക്കി നടത്തിക്കൊണ്ടുപോകുന്നത്. മോഹനൻ പിള്ളയെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് നായരേട്ടനെന്ന്.

തുടക്കത്തിൽ കായലിലെ വള്ളക്കാരും മീൻപിടുത്തക്കാരുമൊക്കെയായിരുന്നു പുട്ടുകടയിലെ കസ്റ്റമേഴ്സ്. പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞു പുറത്തു നിന്നുള്ളവർ ഇവിടത്തെ രുചിയാന്വേഷിച്ചു വരാൻ തുടങ്ങി. സോഷ്യൽ മീഡിയയുടെ വരവോടെ നായരുടെ കട നല്ല ഫേമസായി. ധാരാളം യൂട്യൂബ് വ്ലോഗർമാർ ഇവിടെ വന്ന് വീഡിയോ ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു, സെലിബ്രിറ്റികൾ വരെ ഇവിടത്തെ പുട്ടിന്റെയും പരിപ്പിന്റെയും രുചിയറിയുവാൻ വന്നിട്ടുണ്ടത്രേ.

ആ അതു പറയാൻ വിട്ടു, നായരുടെ കടയിൽ ചെന്നിട്ട് മെനുവൊന്നും ചോദിയ്ക്കാൻ നിൽക്കരുത്. കാരണം അവിടെ ആകെ ഒരു കോംബോ വിഭവം മാത്രമേയുള്ളൂ. അരിപ്പുട്ട്, പരിപ്പ്, നാടൻ താറാവ് മുട്ടറോസ്റ്റ്, ഒരു ഭീമൻ പപ്പടം. ഈ പുട്ടും പരിപ്പും കഴിക്കുവാനായാണ് നാനാദിക്കിൽ നിന്നും ആളുകൾ കഷ്ടപ്പെട്ട് ഇവിടെവരെ വരുന്നത്. അത്രയ്ക്ക് രുചിയാണേ. പുട്ടും പരിപ്പും, പുട്ടും മുട്ടയും അങ്ങനെ ഇഷ്ടപ്പെട്ടത് നോക്കി വാങ്ങാം. ചായയും അതോടൊപ്പം ലഡു. ആലുവ എന്നിവയും കടയിലെ താരങ്ങളാണ്. തീർന്നു, ഇത്രയും ഐറ്റംസ് മാത്രമേ ഇവിടെ കിട്ടുകയുള്ളൂ.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചരയോടെയാണ് പുട്ടുകടയിൽ കച്ചവടം ആരംഭിക്കുന്നത്. രാത്രി 11.30 വരെ കട പ്രവർത്തിക്കുമെങ്കിലും ചിലപ്പോൾ അതിനു മുൻപേ തന്നെ ഐറ്റംസ് ഒക്കെ ആളുകൾ വന്നു കാലിയാക്കിയിട്ടുണ്ടാകും. രാത്രി എട്ടുമണി മുതൽ പത്തര വരെയായിരിക്കും കടയിലെ തിരക്ക് സമയം. ഈ സമയം നായരേട്ടൻ നല്ല ഓട്ടത്തിലായിരിക്കും. കാരണം, ഉടമയും പാചകക്കാരനും വിളമ്പുകാരനുമെല്ലാം ഇദ്ദേഹം തന്നെ.

കടയുടെ അകത്തു പത്തുപതിനഞ്ചു പേർക്ക് ഇരിക്കാം. പുറത്തും ഇരിപ്പിടങ്ങളുണ്ട്. പുറത്തിരുന്നു ഭക്ഷണം കഴിക്കുവാനാണ് ഇവിടെ വരുന്നവർ താൽപര്യപ്പെടുന്നത്. കാരണം ആ ആമ്പിയൻസ് തന്നെ. നല്ല കാറ്റും കൊണ്ട്, നേരമിരുട്ടുന്നതിനു മുന്നേയുള്ള കായൽക്കാഴ്ചകളും ആസ്വദിച്ച്, അസ്തമയ സൂര്യനെയും കണ്ട് അതിലേറെ രുചിയുള്ള പുട്ടും പരിപ്പും കഴിക്കുമ്പോഴുള്ള ആ ഒരു സുഖം… അത് പറഞ്ഞറിയിക്കാനാകില്ല. നേരിട്ടു വന്നനുഭവിക്കണം.

സാധാരണ പുട്ടിനൊപ്പം ഒഴുകിനടക്കുന്ന പരിപ്പുകറിയായിരിക്കും നമ്മൾ കണ്ടിട്ടുണ്ടാകുക. എന്നാൽ ഇവിടെ പരിപ്പ് വെള്ളംവറ്റിച്ചു വരട്ടി വരട്ടി പുട്ടുപോലെയായിരിക്കുന്നു. വരണ്ട പരിപ്പും കൂട്ടി കഴിച്ചാൽ പുട്ട് തൊണ്ടയിൽ നിന്നിറങ്ങുമോ എന്ന് ശങ്കയുള്ളവർ ഇവയ്‌ക്കൊപ്പം ഒരു മുട്ടക്കറി കൂടി മേടിച്ചാൽ മതി. മുട്ടക്കറിയിൽ നല്ല നാടൻ താറാവുമുട്ടയായിരിക്കും ഉണ്ടാകുക. പപ്പടവും പൊടിച്ച് എല്ലാംകൂട്ടിക്കുഴച്ച് ഒരുരുള പുട്ട് കഴിച്ച്, കടുപ്പമുള്ള കട്ടൻ ചായയും ഒന്നു മോന്തുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ… അതു തന്നെയാണ് നായരേട്ടൻസ് മാജിക്.

ഇവിടേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് : കാറിനാണ് വരുന്നതെങ്കിൽ മെയിൻ റോഡിൽ കാർ പാർക്ക് ചെയ്തിട്ട് അഞ്ചു മിനിറ്റോളം നടക്കേണ്ടി വരും. ടൂവീലറിലാണ് വരുന്നതെങ്കിൽ കടയുടെ അടുത്തുവരെ ചെല്ലാം. കടയുടമ മോഹനൻ ചേട്ടനും കടയിൽ വരുന്നവരുമെല്ലാം നാട്ടിൻപുറത്തുകാരാണ്. അതനുസരിച്ചു പെരുമാറണം. വൈകുന്നേരം ആറു മണിയോടെ വരുന്നതായിരിക്കും ഏറ്റവും ബെസ്റ്റ്. കാരണം അപ്പോൾ സൂര്യാസ്തമയം കൂടി കാണുവാനുള്ള ഭാഗ്യം ലഭിക്കും. പുട്ട്, പരിപ്പ്, മുട്ടക്കറി, പപ്പടം, കട്ടൻചായ എന്നിവയ്‌ക്കെല്ലാം കൂടി ഒരാൾക്ക് 100 രൂപയാകും.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.