“ലോറി സ്റ്റാൻഡിലെ മീൻ കട” : ഒരു കോഴിക്കോടൻ രുചി മേളം

വിവരണം – സുമിത് സുരേന്ദ്രൻ.

ഒരു കോഴിക്കോടൻ രുചി മേളം.. ഉച്ചയ്ക്ക് രുചികരമായ ഊണ് കഴിക്കുക എന്നതാണ് ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. അൽപ്പം മീൻ വറുത്തതും കൂടിയുണ്ടെങ്കിൽ കുശാലായി. അത് നല്ല വാഴയിലയിൽ, നാടൻ വിഭവങ്ങളോടു കൂടി വിളമ്പുകയാണെങ്കിൽ, പിന്നെ ഇതിൽ പരം ആനന്ദമെന്തു വേണം. ഏത് നാട്ടിൽ പോയാലും, അവിടെയുള്ള നല്ല രുചികൾ തേടി പിടിക്കുക എന്നത് ഒരു ശീലമാണ്, പ്രത്യേകിച്ച് നാടൻ ഊണും രുചികളും. എന്നാൽ, കോഴിക്കോട് പോയാൽ നമ്മൾ രുചികൾ തേടി പോകേണ്ടതില്ല, അവയെല്ലാം നമ്മളെ തേടി വന്നോളും, അതാണ് ആ നാടിന്റെയും നാട്ടുകാരുടേയും പ്രത്യേകത. കാരണം, അത്രയ്ക്ക് പ്രശസ്തമാണ് അവിടെയുള്ള പല രുചികളും. കോഴിക്കോട് എപ്പോഴെങ്കിലും പോകുമ്പോൾ പ്രയോജനപ്പെട്ടാലോ, ഏത്?

“ലോറി സ്റ്റാൻഡിലെ മീൻ കട” എന്ന അനൗദ്യോഗിക നാമത്തിൽ കോഴിക്കോടുള്ളവർക്ക് സുപരിചിതമാണ് ഈ കട. മീൻ രുചികളേക്കുറിച്ചുള്ള ലോകപ്രശസ്തമായ നാലു പ്രബന്ധങ്ങളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇവരുടെ വകയായിരിക്കും (ബാക്കി രണ്ടെണ്ണം കോഴിക്കോട് തന്നെയുള്ള “അമ്മ”, “അംബിക” എന്നീ മെസ്സുകൾക്ക് തത്കാലം നമുക്ക് വീതിച്ച് കൊടുക്കാം). രുചിയുടെ കാര്യത്തിൽ പത്ത് തലയാണിവന്, തനി രാവണൻ.

പണ്ട്, രണ്ട് മേശ മാത്രം ഉള്ള, ആറ് പേർക്ക് മാത്രം ഞെങ്ങി ഞെരുങ്ങി, ചൂടിൽ വിയർത്തിരിക്കിരിക്കാൻ പറ്റുന്ന ഒരു ചെറിയ ഒരു കടയായിരുന്നു. ഇപ്പൊ “ഹോട്ടൽ അനുഗ്രഹം” എന്ന പേരിൽ പഴയ കടയുടെ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറി കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. ആ പഴയ ചെറിയ കടയായിരുന്നപ്പോൾ, നിറയെ ആളുകൾ ഒരു സീറ്റ് കിട്ടാനായി കാത്ത് നിൽക്കുമായിരുന്നു. കട വലുതായിട്ടും കാത്ത് നിൽക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്നത് ആ രുചിയുടെ മഹത്വവും ആവശ്യകതയും കാണിക്കുന്നു.

ആദ്യം ഒരു സീറ്റ് കണ്ടെത്തുക. ഊണ് മാത്രം ലഭിക്കുന്ന സ്ഥലമായതിനാൽ വേറേ ചോദ്യമോ പറച്ചിലോ വേണ്ട, നേരേ കാര്യപരിപാടിയിലേക്ക് കടക്കാം. വെള്ളം ഇറ്റു വീഴുന്ന തെളിഞ്ഞ വാഴയില കൊണ്ടു വയ്ക്കും. തൊടു കറിയായി ഒരു പപ്പടവും, അച്ചാറും പിന്നെ തോരനോ മെഴുക്കുപരട്ടിയോ മാത്രമേ ഉണ്ടാകൂ. പിന്നീട് തമ്മിൽ തമ്മിൽ ബന്ധമില്ലാത്ത എന്നാൽ പാകത്തിൽ വെന്ത നല്ല ചൂട് ചോറ് കൊണ്ടിടും. ഒഴിക്കാനായി പച്ചക്കറിയും (എന്ന് വച്ചാൽ ചീരയും, പരിപ്പുമൊക്കെ ചേർത്ത ഒരു കിടിലൻ ഒഴിച്ചു കറിയാണ്), മീൻ ചാറും പിന്നെ പാകത്തിന് പുളിയുള്ള പച്ചമോരും കാണും.

കുടിക്കാനായി ചൂടു വെള്ളമോ, കഞ്ഞി വെള്ളമോ ഇഷ്ടമുള്ളത് തരും. അതിന് ശേഷമാണ് രാജാക്കന്മാരുടെ എഴുന്നള്ളത്ത്. ഒരു തട്ടിൽ അപ്പപ്പോൾ വറുത്ത മീനുകൾ നമ്മുടെ മുന്നിലേക്ക് എത്തും. ഏതൊക്കെ വേണമെന്ന് തിരഞ്ഞെടുക്കാം. മത്തി വറത്തത് എന്താണെങ്കിലും ഉണ്ടാകും. പിന്നെ അയില, ആവോലി, അയ്ക്കൂറ (നെയ്മീൻ) എന്നീ മീനുകൾ ആണ് കൂടുതലായും ഉണ്ടാകുക. തുറന്ന അടുക്കളയായതുകൊണ്ട് വേണമെങ്കിൽ നമുക്ക് മീൻ പോയി നോക്കിയ ശേഷവും ഓർഡർ ചെയ്യാം. വറുത്ത് കൂട്ടി വയ്ക്കുന്ന പരിപാടി ഇല്ല, മീൻ തീരുന്ന മുറയ്ക്കും, പിന്നെ ഓർഡർ അനുസരിച്ചും മാത്രമേ അവിടെ മീൻ വറക്കാറുള്ളൂ.

രുചിയുടെ വിശേഷം പറയാനാണെങ്കിൽ ഈ ഒരു ഫേസ്ബുക്ക് പോസ്റ്റ് മതിയാകാതെ വരും. അത്രയ്ക്കും അവർണ്ണനീയമാണ് ആ രുചി. പ്രത്യേകിച്ച് ആ മീൻ വറുത്തതിന്റെ കൂട്ടും, മീന്റെ ഫ്രഷ്നസ്സും നമ്മെ രുചിയുടെ മറ്റൊരു ലോകത്തിലെത്തിക്കും. മത്തി വറുത്തത് തീർച്ചയായും രുചിച്ചു നോക്കേണ്ടതാണ്. പോയി അനുഭവിച്ചറിയുക തന്നെ വേണം. ഞങ്ങൾ പോയപ്പോൾ ഊണിനൊപ്പം മത്തിയും, ആവോലിയും ആണ് കഴിച്ചത്. ഊണിന് വെറും 40 രൂപ, മത്തി 25 രൂപയും, ആവോലി 100 രൂപയും ആയിരുന്നു (അയ്ക്കൂറക്ക് 130 രൂപ). അതിനാൽ കഴിച്ചു കഴിയുമ്പോൾ പോക്കറ്റ് കാലിയാകില്ല. എന്നാൽ വയറും മനസ്സും നിറയുകയും ചെയ്യും.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.