വിവരണം – Vishnu AS Pragati.
രുചികൾ തേടിയുള്ള യാത്രയിൽ നമ്മൾ പോലുമറിയാതെ ഒരു നിമിത്തം പോലെ നമ്മുടെ മുന്നിലെത്തിച്ചേരുന്ന ചില രുചിയിടങ്ങളുണ്ട്. പറയാനും പാരാട്ടനും ഒരാളുമില്ലെങ്കിലും മുകളിൽ ആകാശവും താഴെ പത്മനാഭന്റെ മണ്ണും ഇടയിൽ കുറച്ചേറെ കൈപ്പുണ്യവുമായി ജീവിക്കുന്നവർ. വെട്ടിപ്പും തട്ടിപ്പും മറ്റുമില്ലാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ഉയർത്തിക്കുത്തിയ നൈറ്റിയുമായി അടുക്കളയിലെ പാത്രങ്ങളോടും അടുപ്പിനോടും സൊറ പറഞ്ഞും പുകമറ കൊണ്ട് ജീവിതം മറച്ചു മുന്നോട്ട് പോകുന്ന ചില ജീവിതങ്ങൾ. അതിലെ ചെറിയൊരു ഏട് – ഹോട്ടൽ ശിവാനി.
നെടുമങ്ങാട് നിന്നും വേങ്കോട് – വട്ടപ്പാറ പോകുന്ന വഴിക്ക് വേങ്കോട് എൽ.പി.സ്കൂളിന് അടുത്തായാണ് ഹോട്ടൽ ശിവാനി.കുറച്ചും കൂടി തെളിച്ചു പറഞ്ഞാൽ വേങ്കോട് പബ്ലിക്ക് മാർക്കറ്റിന് നേരെ എതിർവശത്തായി ചെറിയൊരു കെട്ടിടമുണ്ട്, അതാണ് ഹോട്ടൽ ശിവാനി.
അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് വിശന്നു വലഞ്ഞൊരു ഉണ്ണിക്കുടവയറുമായി ശിവാനിയുടെ പടികടന്നു ഞാനും ചെന്നു. തല മുട്ടാതെ ഉയരം കുറഞ്ഞ ‘കട്ടള’ കടന്ന് ജനലിനടുത്തുള്ള സ്റ്റൂളുകളിലൊന്നിൽ ഇടം പിടിക്കണം. 10 – 11 പേർക്ക് കഷ്ടിച്ചിരിക്കാം, അത്രേയുള്ളൂ !! പോയി കൈ കഴുകുക ഒരു സ്റ്റൂളിൽ ആസനസ്ഥാനാകുക ഒരൂണ് പറയുക അതാണല്ലോ ശാസ്ത്രം.
വാഴയില പ്രതീക്ഷിച്ച എന്നെ നിരാശനാക്കിക്കൊണ്ട് വീട്ടിലൊക്കെ ഉണ്ണുന്ന സ്റ്റീൽ പാത്രത്തിൽ തൊടുകറികളെത്തി, കൂടെ നല്ല സ്വയമ്പൻ ജയയരി ചോറും. ഒഴിക്കാനായി മീൻ ഗ്രേവി.. കൂടെ കഴിക്കാൻ ചൂര മീൻ പൊരിച്ചതും ചെറിയൊരു ചൂരത്തല കറിയും. ‘അളുസോ-പുളുസോ’ എന്നു കണ്ടു ശീലിച്ച ഒളപ്പാസ് മീൻ ഗ്രേവിക്ക് പകരം നല്ല കിടുക്കാച്ചി മീൻ ഗ്രേവി. മീൻ പൊരിച്ചതിന്റെ മസാല വേറെ ലെവൽ. ഒട്ടും സഹിക്കാൻ പറ്റാത്തത് ആ തലക്കറിയിലെ അരപ്പാണ്. ഒരു രക്ഷയില്ലാത്ത കിടുക്കാച്ചി..
നാരങ്ങാ അച്ചാർ അടിപൊളി. ഒരുപക്ഷേ ഹോട്ടലുകളിൽ ഞാൻ കഴിച്ചിട്ടുള്ളത്തിൽ ഏറ്റവും മികച്ചത്. മെഴുക്കുവെരട്ടിയും പച്ചയ്ക്കരച്ച തീയലും എല്ലാം സ്വർഗ്ഗീയം. ഒന്നിന് പോലും ഹോട്ടലിലുണ്ടാക്കിയ രുചി എന്നതിലുപരി എല്ലാം പക്കാ വീട്ടിലുണ്ടാക്കിയ പോലത്തെ അനുഭവം.
മീൻ ഗ്രേവി ഒഴിച്ചു ഉഴുതു മറിച്ച ചോറിൽ മീൻ തലയുടെ കണ്ണിന്റെ താഴത്തെ ഭാഗത്ത് പെരുവിരൽ കയറ്റി പൊളിച്ച് പരന്ന മുള്ളിൽ നിന്നും മീനിന്റെ ചത പുറത്തെടുത്തു ചോറിന്റെ ഉള്ളിലാക്കി ഉരുട്ടി കഴിക്കണം, തേങ്ങയരച്ച ആ അരപ്പിന്റെ രുചിയും ആ മസാലയും നല്ല പരുവം വന്ന് ഉള്ള് വരെ മസാല ചെന്ന മീനിന്റെ രുചിയും പിന്നെ ചൂട് ചോറിന്റെ രുചിയും എല്ലാംകൂടി വിജ്രംഭിച്ച കിടുക്കാച്ചി.
വറ്റൽ മുളകും കുറിക്ക് വച്ച പോലത്തെ മസാലയിൽ പൊരിച്ചെടുത്ത ചൂര കഷണങ്ങൾ കിടുക്കൻ ! ഒരുപക്ഷേ മീൻ വിഭവങ്ങളോട് കൂടി ഞാൻ കഴിച്ച ഏറ്റവും മികച്ച ഹോംലി ഊണ് ശിവാനിയിലെതാണെന്നു നിസ്സംശയം പറയാം. രുചിക്കാൻ മാത്രമായി അപ്പോൾ അടുപ്പിൽ നിന്നുമിറക്കിയ മരിച്ചീനിയും കണവ തോരനും കിട്ടി.. ഒന്നാംതരം. കണവയുടെ പരുവമൊക്കെ വേറെ ലെവൽ.കണ്ണ് കിട്ടാതിരിക്കാൻ ഒഴിക്കാൻ ‘രസം’ മാത്രം അത്ര രസമില്ലായിരുന്നു.
എന്റെ തോന്നൽ ശെരിയാണോ എന്നറിയാനാണ് അടുത്ത ദിവസവും ഊണിനായി വീണ്ടും ശിവാനിയിലെത്തിയത്. സ്റ്റീൽ തളികയിൽ വീണ്ടും വിഭവങ്ങൾ വന്നെത്തി. ഇത്തവണ തൊടുകറികൾക്ക് മാറ്റമുണ്ട്. അവിയലും ബീറ്റ്റൂട്ട് കിച്ചടിയും നാരങ്ങാ അച്ചാറും സ്ഥാനങ്ങൾ കയ്യേറിയിരിക്കുന്നു. അവിയൽ കിടു.ബീറ്റ്റൂട്ട് കിച്ചടി ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും കിടുക്കാച്ചി. അച്ചാർ പിന്നെ പറയണ്ട വീണ്ടും അടിപൊളി.
കൂടെ കഴിക്കാൻ പറഞ്ഞത് മീൻപിരട്ടും ചൂരറോസ്റ്റും പിന്നെയൊരു ഡബിൾ ഓംലെറ്റും. ഇജ്ജാതി കിടിലം മീൻ വിഭവങ്ങൾ അടുത്തെങ്ങും ഞാൻ കഴിച്ചിട്ടില്ല. തികച്ചും വ്യത്യസ്തമായ രുചി. വേറെ എന്തൊക്കെ പറഞ്ഞാലും ആ അരപ്പിന്റെ കാര്യത്തിൽ ഒരു രക്ഷയില്ല. അത്രയ്ക്ക് കിടിലം. ചൂര പിരട്ടിന്റെ കൂടെ ഒരു കലം പഴങ്കഞ്ഞി കൂടെ കിട്ടിയിരുന്നെങ്കിൽ തകർത്തേനെ. ആ അഭിപ്രായം അവിടെ പറയുകയും ചെയ്തു. മഞ്ജു ചേച്ചിയുടെ കൈപ്പുണ്യത്തിലെ ഓംലെറ്റ് കിക്കിടു. ഉപ്പും മുളകും കുരുമുളകും എല്ലാം പാകം.
സാധാരണയായി ഒരിക്കൽ പോയ ഹോട്ടലുകളിൽ ആവർത്തിച്ചു പോകുന്നത് അത്ര പതിവില്ലാത്തതാണ്. ഈ ഹോട്ടലിൽ ഇപ്പോൾ രണ്ടു തവണ എന്നിരുന്നാലും ഒരിക്കൽക്കൂടി രാത്രി വിഭവങ്ങൾ പരീക്ഷിക്കാമെന്ന ആഗ്രഹത്തിൽ വീണ്ടും ശിവാനിയിലേക്ക്.
ഇത്തവണ വാങ്ങിയത് ദോശയും പൊറോട്ടയും ചിക്കൻതോരൻ, ചിക്കൻപിരട്ട്, ചൂരതോരൻ, മത്തിപ്പീര. ആവി പറക്കുന്ന ദോശ, അതിൽ മത്തിപ്പീര പൊതിഞ്ഞു കഴിക്കണം… ഒന്നും പറയാനില്ല സുഹൃത്തുക്കളേ… വീണ്ടും വിജ്രംഭിച്ച കിടുക്കാച്ചി.. പഞ്ഞി പോലത്തെ ദോശയിൽ ഇഷ്ടം പോലെ തേങ്ങ തിരുകിയിട്ട മത്തിയുടെ മുഷിടോട് കൂടിയ പീര പൊതിഞ്ഞെടുത്തു കഴിക്കണം. അണപ്പല്ലുകൾ ചവചരയ്ക്കുമ്പോൾ തേങ്ങയുടെ ഉള്ളിൽ നിന്നുള്ള മസാലയുടെ രുചിയും മത്തിയുടെ നെയ്യിന്റെ രുചിയും കൂടിച്ചേർന്നൊരു മണവും രുചിയുമുണ്ട്. കൂടെ തേങ്ങാക്കൊത്തുകൾ ചതഞ്ഞരയുന്ന ഒരു അനുഭൂതിയും, അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. അല്ലാതെ ഒന്നും പറയാനില്ല.
ചൂര തോരൻ വേറെ ലെവൽ. ചിക്കൻ തോരനും പിരട്ടും ശരാശരിക്ക് മുകളിൽ നിന്നു. എന്നിരുന്നാലും മീൻ വിഭവങ്ങളുടെ കാര്യത്തിൽ ഗിരിജാമ്മയെ വെല്ലാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. പൊറോട്ട കിടു.മീൻ വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കായി 100 ൽ 101 % Highly Recommended. വിലവിവരം : ഊണ് – ₹.55, ഊണ് + മീൻ പൊരിച്ചത് – ₹.80, ചൂര മീൻ തലക്കറി – ₹.30 (വലുപ്പമനുസരിച്ചാണ്), ചൂര പിരട്ട് – ₹.70, ചൂര റോസ്റ്റ് – ₹.70, ഓംലെറ്റ് – ₹.20(ഡബിൾ), പൊറോട്ട – ₹.7, ദോശ – ₹.5, ചിക്കൻ തോരൻ – ₹.100, ചിക്കൻ പിരട്ട് – ₹.100, മത്തിപ്പീര – ₹.70, ചൂര തോരൻ – ₹.70.
ശ്രദ്ധിക്കുക ഓരോ കറിയുടെയും അരപ്പ് അസാധ്യമെന്നു പറഞ്ഞാൽ അസാധ്യം. അളവിലും തൂക്കത്തിലും ഒട്ടും കുറവുമില്ല. വ്യത്യസ്തമായ വിഭവങ്ങൾ വ്യത്യസ്തമായ രുചിയിൽ വീട്ടിലെ പോലെ അതാണ് ശിവാനിയുടെ പ്രത്യേകത. ഒരൊറ്റ തവണ ഇവിടുന്ന് ആഹാരം കഴിച്ചാൽ മതി പിന്നെ നെടുമങ്ങാട്-വേങ്കോട്-വട്ടപ്പാറ വഴി പോകേണ്ടി വന്നാൽ വണ്ടിക്ക് യാന്ത്രികമായി ഹോട്ടൽ ശിവാനിയിലേക്കൊരു സൈഡ് വലിവ് വന്നാൽ അതിശയിക്കാനില്ല.ഒരൂണ് കഴിക്കാൻ കയറി പിന്നീട് മൂന്ന് തവണ കൂടി പോയ ഞാൻ അനുഭവസ്ഥൻ.
തലേ ദിവസം കാലേക്കൂട്ടി പറയുന്നവർക്കായി പുട്ടും തലേ ദിവസം പാചകം ചെയ്ത കുടംപുളിയിട്ട നല്ല കിടുക്കാച്ചി മീൻകറിയും കാപ്പിയായി കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു. ഇനി അതുംകൂടെ കഴിക്കാൻ പോകണം. ഓരോ ദിവസവും തൊടുകറികളും ഒഴിച്ചൂട്ടാനും മാറിക്കൊണ്ടിരിക്കും. സ്ഥിരം ആൾക്കാർ ധാരാളമുള്ളതിനാൽ അവർക്ക് മടുപ്പ് തോന്നാതിരിക്കാനാണ് ഈ നടപടിക്രമങ്ങൾ. പൊറോട്ട അടിച്ചിരുന്ന ആൾ പോയതിനാൽ പൊറോട്ട മാത്രം പുറത്തു നിന്നുള്ള വരവാണ്. ബാക്കിയെല്ലാം ഹോട്ടലിൽ തന്നെ നിർമ്മിക്കുന്നവയുമാണ്.
1990 ലാണ് ശിവാനിയിലെ കൈപ്പുണ്യത്തിന്റെ നിറകുടമായ ഗിരിജ മാമി പാചകത്തിലേക്ക് ചുവടു മാറുന്നത്. അതിനു മുൻപ് ജീവിക്കാനായി തേങ്ങാ കച്ചവടവും, തുണി കച്ചവടവും പലതും ചെയ്തെങ്കിലും ജീവിത പകിടകൾ എറിയുന്ന ആ വലിയ ചൂതാട്ടക്കാരൻ മാമിയെ കൊണ്ടെത്തിച്ചത് കുശിനിപ്പുരയിലായിരുന്നു. അതിന് പിന്നിലും ഒരു കഥയുണ്ട്..
പണ്ട് ജോലിക്ക് നിന്നിരുന്ന തുണിക്കടയിൽ ഉച്ചയൂണിന് മരിച്ചീനിയും മീൻ കറിയും പതിവാക്കിയിരുന്ന ഗിരിജ മാമിയുടെ കയ്യിൽ നിന്നും സഹപ്രവർത്തകർ ഒരു നിമിത്തം പോലെ ആഹാരം കഴിക്കാൻ ഇടയായതോടെ അവർക്ക് കൂടി ഉച്ച വിഭവങ്ങൾ കൊണ്ട് വരേണ്ട ചുമതല ഗിരിജ മാമിക്കായി. അങ്ങനെയാണ് തന്റെ പാത ഉണ്ണാനും ഊട്ടാനുമുള്ളതാണെന്നു ഗിരിജ മാമി തിരിച്ചറിഞ്ഞത്.
മുൻപ് പേരൂർക്കടയിലെ ഒരു ഹോട്ടലിലും വട്ടപ്പാറ എസ്.യു.റ്റി ആശുപത്രിയിലെ ക്യാന്റീനിലെയും പ്രധാന പാചകക്കാരിയായി വർഷങ്ങൾ നിന്നെങ്കിലും സ്വന്തമായൊരു സംരംഭം എന്നൊരു പൂതി മനസ്സിൽ ഇടം പിടിച്ചതോടെ കൊച്ചു മകൾ ശിവാനിയുടെ പേരിലൊരു ഹോട്ടലിന്റെ ജനനവുമായി.
എന്തിനും ഏതിനും ഗിരിജ മാമിക്ക് തണലായി മകൾ രാജി ചേച്ചിയും, മരുമകൾ പാർവതിയും കൂട്ടിനുണ്ട്. അമ്മയുടെ കൈപ്പുണ്യം അതിന്റെ ഇരട്ടിക്ക് കിട്ടിയ മകളാണ്. മേൽപ്പറഞ്ഞ മീൻ തലക്കറി, നാരങ്ങാ അച്ചാർ, ബീറ്റ്റൂട്ട് കിച്ചടി ഇവയെല്ലാം പുള്ളിക്കാരിയുടെ കൈപ്പുണ്യമാണ്. രാജി ചേച്ചിയുടെ മകളാണ് ശിവാനി. കൂടെ സഹായത്തിനായി മഞ്ജു എന്നൊരു ചേച്ചിയുമുണ്ട്.
മുൻപേ പറഞ്ഞത് പോലെ സ്ഥിരം ആൾക്കാർ ധാരാളമുള്ള ഹോട്ടലാണിത്. എസ്.യു.റ്റി ആശുപത്രിയിലെയും മറ്റു ജീവനക്കാർ സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലം. ഇരുന്നു കഴിക്കുന്നതിന്റെ ഇരട്ടി അളവിൽ പാർസൽ പോകുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരിക്കലും വിശ്വാസയോഗ്യമല്ലാത്ത ഒരു ഹോട്ടലിലെ നിന്നും ഇത്രയും പാർസൽ പോകാനുള്ള സാധ്യത വിദൂരമാണ്. ഹോട്ടൽ മാത്രമല്ല ചെറിയ രീതിയിൽ ബൾക്ക് ഓർഡറുകളും (50-100) വരെ ഇവർ ചെയ്യുന്നുണ്ട്. തികച്ചും അവിചാരിതമായി കണ്ടെത്തിയ ഈ ഹോട്ടലിന്റെ രുചിപ്പെരുമ നിർലോഭം ഇനിയുമിനിയും ഭക്ഷണപ്രിയർക്ക് ആസ്വദിക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.
ആമ്പിയൻസിന്റെ ഹരിശ്രീയോ ചിമ്മി ചിമ്മി തെളിയുന്ന ലൈറ്റിന്റെ പ്രകാശമോ പളുപളുത്ത കുപ്പായത്തിൽ ഇറങ്ങി വരുന്ന ജോലിക്കാരും മറ്റുമൊരു ഹോട്ടലിന്റെ മാനദണ്ഡമാക്കിയെടുക്കാതെ വിളമ്പുന്ന വിഭവങ്ങളിലെ രുചിയും വൃത്തിയും മാത്രം ആശിച്ചു വരുന്നവർക്ക് മീൻ വിഭവങ്ങളും ഊണും തികച്ചും വീട്ടിലെ രുചിക്ക് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഈ പേര് മറക്കണ്ട – “വേങ്കോട് ശിവാനി ഹോട്ടൽ.” ഞാൻ പറയാറില്ലേ രുചിയുടെ തമ്പുരാക്കന്മാരൊക്കെ ഇതുപോലുള്ള കുഞ്ഞു ഹോട്ടലുകളിൽ ഒളിഞ്ഞിരിക്കുകയാണ്. സത്യം.
രാവിലെ 7 മണി മുതൽ തുറന്ന് രാത്രി 11 മണി വരെ പ്രവർത്തിക്കുമെങ്കിലും ഓരോ ദിവസം വെവ്വേറെ വിഭവങ്ങൾ ഉണ്ടാക്കുന്നതിനാലും പാർസൽ വളരെ കൂടുതലായതിനാലും പോകാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളിച്ചു ചോദിച്ചിട്ട് പോകുന്നതാകും അഭികാമ്യം.
പിന്നെ ഗിരിജ മാമിയും അമ്മയും മകൾ രാജി ചേച്ചിയും പിന്നെ കൂടെ നിൽക്കുന്ന മഞ്ജു ചേച്ചിയുമാണ് ഈ ഹോട്ടലിന്റെ കേശാധിപാദം. അതിനാൽ കടലിൽ മത്സ്യബന്ധന നൗകയിൽ പോയി മീൻ കൊണ്ടു വരാൻ നിവർത്തിയില്ലാത്തതിനാൽ ഇവർക്കായി സ്ഥിരം മീൻ കൊടുക്കുന്ന ഒരാളിൽ നിന്നുമാണ് വാങ്ങുന്നത്. രുചിക്ക് ഒരു കോട്ടവുമില്ല.