വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഭക്ഷണപ്രേമികൾക്കിടയിൽ രാമൻ ചേട്ടന്റെ കട എന്നറിയപ്പെടുന്ന ‘രാമൻ ടീ സ്റ്റാളിൽ’ എത്തി ആവശ്യപ്പെട്ടത് അവിടത്തെ കിടു എന്നറിയപ്പെടുന്ന ബീഫ് ഫ്രൈയും കൂട്ടിനു പെറോട്ടയും.
ബീഫ് വളരെ നല്ല ഒരു അനുഭവമാണ് തന്നത്. കൊഴുപ്പു ഉള്ള ഇനം ബീഫാണ് കഴിച്ചത്. കൊതിപ്പിക്കുന്ന ബീഫ് രുചിയിടങ്ങളിൽ ഇവിടത്തെ ബീഫും എഴുതി ചേർക്കാം. പെറോട്ടയും കൂടെ കിട്ടിയ ഗ്രേവി ഉള്ളി കറിയും കൊള്ളാം. രാത്രി ഏകദേശം 9.30 മണിയായിട്ടും ചായ കിട്ടാൻ ഏതൊരു പ്രയാസവുമില്ല. മിൽമ പാലിലെ കിണ്ണൻ ചായ. പെറോട്ടയും എരിവുള്ള ബീഫും കഴിച്ചിട്ട് ചുണ്ടിൽ ഇത്തിരി എരിവോട് കൂടി ചൂട് ചായ കുടിക്കുമ്പോഴുള്ള ആ സുഖം ഒരു ജ്യൂസിനും തരാൻ കഴിയില്ല.
വൃത്തിയില്ല എന്ന് ചിലയിടത്തൊക്കെ കണ്ട ശങ്കയാൽ ആണ് കേറി ചെന്നത്. ചെന്ന സമയത്ത് കണ്ടത് ആവശ്യത്തിന് വൃത്തിയുള്ളതായിരുന്നു. എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ വൃത്തിയുടെ കാര്യം ഇങ്ങനെ കേട്ടിട്ടുള്ളതായി അവിടെ ചായ അടിക്കുന്ന, ക്യാഷ് കൈകാര്യം ചെയ്യുന്ന പുള്ളിയോട് ചോദിച്ചു. അത് മുൻപ് എല്ലാം ഒറ്റ മുറിയിൽ തന്നെയായിരുന്നു. പാചകവും കഴിപ്പും എല്ലാം. അപ്പോൾ സ്ഥലം കുറവായതിനാൽ വന്ന സാഹചര്യങ്ങൾ കൊണ്ടാണെന്നു പറഞ്ഞു. എന്തായാലും ഇപ്പോൾ പാചകം വേർതിരിച്ചുള്ള മുറിയിൽ തന്നെയാണ്. 4 ബെഞ്ചുകളിലായി 12 പേർക്ക് ഇരിക്കാവുന്ന ഒരു കൊച്ചു കടയാണ്.
ജഗതിയിൽ നിന്നും പോകുമ്പോൾ കൃത്യം കണ്ണേറ്റു മുക്ക് ജംഗ്ഷനിൽ എന്ന് തന്നെ പറയാം. ശ്രീ ഭൂതനാഥ ക്ഷേത്രം എത്തേണ്ട അതിന് മുൻപായി വലതു വശത്തായി ഇലകളുടെ മറവിനുള്ളിൽ കാണാം.
40 വർഷത്തോളം പഴക്കമുള്ള ഈ കടയുടെ സ്ഥാപകനായ രാമൻ ചേട്ടൻ മരിച്ചിട്ട് 2 വർഷമായി. അദ്ദേഹത്തിന്റെ മക്കൾ ആണ് ഇപ്പോൾ ഇത് നടത്തുന്നത്.
വില വിവരം: ബീഫ്: ₹ 80, പെറോട്ട: ₹ 8, ചായ: ₹ 8. Seating Capacity: 12, Timings: 6 AM to 10:30 PM.