കുളത്തൂർ മന്നൻ ഹോട്ടലിലെ നാടൻ ചിക്കൻ്റെ രുചി

വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

കൊറോണോ കാലത്തിനും മുൻപ് കുളത്തൂരിലെ (തിരുവനന്തപുരം) മന്നൻ ചിക്കൻറെ രുചി തേടിയെത്തിയ അനുഭവം. അങ്ങനെ ഞാനുമെത്തി ഒരു ദിവസം ഇവിടെ ഒരു ഉച്ച നേരത്ത്‌. ചിക്കൻ പെരട്ട് ഇപ്പോൾ ഇവിടെ ഇല്ല. ചിക്കൻ കറി മാത്രം. ഊണിനൊപ്പം അതും പറഞ്ഞു. മീൻ വാങ്ങിക്കണമെന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് കോഴി ഇറച്ചിയിൽ നിർത്തി.

ഊണെത്തി, മുന്നിൽ പരിപ്പ്, പപ്പടം, അവിയൽ, തോരൻ, കിച്ചടി, അച്ചാർ. ആ വമ്പനായ ചിക്കൻ കറിയും അരികിൽ ഹാജരായി. ഒരു സൈഡിൽ നിന്ന് തുടങ്ങി പരിപ്പ് പൊടിച്ചു പപ്പടത്തോട് ചേർത്ത് ചോറിൽ ചിക്കനും കൂടെ ചേർത്ത് കഴിക്കുമ്പോഴുള്ള ആ രുചി. ആ ഒരു നിമിഷം നമ്മൾ എല്ലാം മറക്കും. അതും മന്നനിലെ ചിക്കൻ കറി. ഒന്നും പറയണ്ട. അന്നെന്റെ ദിവസമായിരുന്നു. തകർത്തു ആർമാദിച്ചു.

ഊണിലെ തൊടു കറികളെല്ലാം ഒന്ന് ഒന്നിനോട് മെച്ചം. അവിയൽ പണ്ടേ ഇഷ്ടപെട്ട കറികളിൽ ഒന്നാണ്. ആ ഇഷ്ടം ഒന്നും കൂടെ കൂട്ടി. പയറും മുരിങ്ങയിലയും ചേർത്ത തോരൻ. വെള്ളരിക്ക കിച്ചടിയും അടിപൊളി.നാരങ്ങാ അച്ചാറും നന്നായി. ഇടയ്ക്ക്‌ വിളമ്പിയ സാമ്പാറും അവസാനം കിട്ടിയ പൈനാപ്പിൾ പുളിശ്ശേരിയും രസവും എല്ലാം വളരെ നന്നായിരുന്നു.

സംതൃപ്തി എന്ന ഒന്നുണ്ടല്ലോ, എല്ലാത്തിനും ഉപരിയായി. അതിവിടെ കിട്ടി. സർവീസ് എടുത്തു പറയണം. സമയാ സമയത്തു വന്നു ചോദിക്കാനും നിറഞ്ഞ സന്തോഷത്തോടെ വിളമ്പാനും ഒരു താമസവുമില്ല. വില വിവരം: ഊണ്: ₹ 55, ചിക്കൻ കറി: ₹ 100.

മന്നനിലെ വിശേഷം – 40 വർഷം മുൻപ് മന്നൻ എന്നറിയപ്പെട്ടിരുന്ന ശ്രീ സദാശിവൻ തുടങ്ങിയ ഭക്ഷണയിടം. അദ്ദേഹത്തിന്റെ മരണ ശേഷം മരുമകനായ ശ്രീ തമ്പി ചേട്ടനാണ് ഇപ്പോഴത്തെ ഉടയോൻ. 12 വർഷമായി അദ്ദേഹമാണ് മന്നൻ ഹോട്ടൽ നടത്തി വരുന്നത്. ആദ്യ കാലങ്ങളിൽ മരിച്ചീനി, നാടൻ ചിക്കൻ, പെറോട്ട എന്നിവ ആയിരുന്നു. ഊണ് തുടങ്ങിയിട്ട് 12 – 13 വർഷം ആയി.

വിദേശത്തെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് നാട്ടിലെ കൂട്ടുകാർ ഇവിടെ നിന്ന് പോകുമ്പോൾ കൊണ്ട് കൊടുത്തിരുന്ന, ഇപ്പോഴും കൊണ്ട് കൊടുക്കുന്ന ചിക്കന്റെ രുചിയുടെ അർഹത നിറഞ്ഞ മന്നന്റെ അമരക്കാരി, അന്നും ഇന്നും ഒരാളാണ് ശ്രീ സദാ ശിവന്റെ ഭാര്യ ശ്രീമതി വാസന്തി. ആദ്യ കാലങ്ങളിൽ ശ്രീ മന്നനും ചെയ്യുമായിരുന്നു. പിന്നെ പാചകം വാസന്തിയമ്മയ്ക്കു പൂർണമായി വിട്ട് കൊടുക്കയാണ് ഉണ്ടായത്. ഇപ്പോൾ പാചകത്തിന് അമ്മയുടെ കൂടെ മക്കളായ ശ്രീമതി ഗീതയും (തമ്പി ചേട്ടന്റെ ഭാര്യ), ശ്രീമതി ഗിരിജയും രണ്ടു മൂന്ന് പണിക്കാരുമാണുള്ളത്.

മുൻപ് വൈകുന്നേരങ്ങളിലും ഉണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പലതും കാരണം ഇപ്പോൾ ഉച്ചയ്ക്ക് മാത്രം. വൈകുന്നേരങ്ങളിലും ഉണ്ടായിരുന്ന നാടൻ ചിക്കൻ പെരട്ടും ചിക്കൻ ഫ്രൈയും ഇപ്പോൾ ഇല്ല. ചിക്കൻ കറി മാത്രം. രാവിലെ 11:30 ക്കു തുറക്കും 2 മണിയാകുമ്പോൾ അഥവാ തീരുന്ന മുറയ്ക്ക് കട അടയ്ക്കും. കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളിലെ കാറ്ററിംഗ് ജോലികളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

ഇപ്പോൾ പണിക്കാരും ആരും ഇല്ലാത്ത കാരണം ഹോട്ടൽ അടപ്പാണ്. ചിറയിൻകീഴൊക്കെയുള്ള പണിക്കാർ ഉണ്ട് , പേടിച്ചിട്ടു വരുന്നില്ല എന്നാണ് ചേട്ടൻ പറഞ്ഞത്. പേടിയെന്നതിനേക്കാൾ ഉപരി ജാഗ്രത എന്ന് വിളിക്കാൻ ആണ് വ്യക്തിപരമായി എനിക്ക് താല്പര്യം. പാമ്പ് വഴിയിൽ കാണും എന്ന് അറിഞ്ഞു കൊണ്ട്
ആ വഴി പോകുന്ന ആൾ എന്റെ കണ്ണിൽ ധീരൻ അല്ല ഒരു മഠയനാണ്. ജാഗ്രത തീർച്ചയായും അത്യാവശ്യം, പ്രത്യേകിച്ച് ഈ സമയവും വരുന്ന ദിവസങ്ങളിലും ഒഴിച്ച് കൂടാൻ പാടില്ലാത്തത്. ഞാൻ Work At Home ആണ്. മുൻപത്തേക്കാളും പണി.. അതങ്ങനെ ഒരു വഴിക്ക്..

ദിവസക്കൂലിക്കാരുടെ എത്ര വയറുകൾ. എത്ര ജീവിതങ്ങൾ ഒരു മാറ്റവും കാത്തു കിടക്കുന്നു. തീർച്ചയായും ഈ പഞ്ഞ കാലവും കടന്നു പോകും, നല്ല നാളുകൾ വരും എന്ന് പ്രത്യാശിക്കാം.

അപ്പോൾ ഹോട്ടൽ മന്നൻ അവിടെ കാണും, രുചിയുമായി നമ്മളെയും പ്രതീക്ഷിച്ചു കൊണ്ട്, കൂടെ അന്നന്നത്തെ അന്നത്തിനു ജോലി ചെയ്തു നമ്മളെ അന്നമൂട്ടുന്ന പണിക്കാരും.

Seating Capacity: 50, Timings: 11:30 AM to 2 PM, Location : അരശംമൂട് നിന്ന് കുളത്തൂര് പോകുന്ന വഴിക്ക് വലതു വശത്ത്. Mannan Hotel, Kulathoor, Thiruvananthapuram, Kerala 695583.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.