ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി പരിപാടിയിൽ ഞാൻ അടുത്തിടെ പങ്കെടുത്തിരുന്നു. ആ പ്രോഗ്രാം കണ്ട് നിരവധി പേർ മെസേജ് അയക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിൽ പറഞ്ഞ ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു എന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്ന വാർത്ത.
എന്റെ പേരിൽ അമ്പലമുണ്ട് തമിഴ്നാട്ടിൽ എന്ന കാര്യം എനിക്ക് വളരെ നാളുകളായി അറിയാവുന്ന കാര്യമാണ്. അത് എന്റെ വീട്ടുകാർക്കുമെല്ലാം അറിയാം. കൗതുകമുള്ള കാര്യമായ കൊണ്ടാണ് ആ പരിപാടിയിൽ അക്കാര്യം ഞാൻ പങ്കുവെച്ചത്. മുനിയാണ്ടി എന്നാണ് ആ ആരാധകന്റെ പേര്.
അദ്ദേഹം ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട്. ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയുടെ ക്രൂവിനും ഇങ്ങനൊരു ആരാധകൻ അമ്പലം പണിതിട്ടുണ്ടെന്ന കഥ അറിയാം. ഇടയ്ക്ക് ഒരു ദിവസം നമുക്ക് അവിടെ പോകണമെന്നും അവരെല്ലാം പറയാറുണ്ടായിരുന്നു.
ഞാൻ ഇന്നേവരെ അവിടെ പോയിട്ടില്ല. മുനിയാണ്ടി എന്റെ മക്കളുടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്. ക്ഷേത്രവും മുനിയാണ്ടി എന്നൊരു ആരാധകനുമുണ്ടെന്നത് വളരെ സത്യമായ കാര്യമാണ്. ആ സംഭവം ഞാൻ വെളിപ്പെടുത്തിയ ശേഷം വലിയ രീതിയിൽ ഓൺലൈൻ മീഡിയകളിൽ അത് വാർത്തയായി വന്നിരുന്നു. ആ വാർത്തകൾക്ക് താഴെ വന്ന കമന്റുകൾ സഹിക്കാൻ പറ്റാത്തതാണ്.
കുറെപ്പേർ എനിക്ക് വാർത്ത ലിങ്കുകൾ അയച്ച് തന്നിരുന്നു. അതിന് താഴെ വന്ന കമന്റുകൾ കളിയാക്കിയും അസഭ്യം പറഞ്ഞുമുള്ളതാണ്. എന്താണ് അവിടെ പ്രസാദം, എന്താണ് അവിടെ പ്രതിഷ്ഠ തുടങ്ങി വളരെ തരംതാണ തരത്തിലുള്ള കമന്റുകളാണ് ആളുകൾ ആ വാർത്തകൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അത് പക്ഷെ എന്നെ ബാധിക്കാറില്ല. അമ്പലമുണ്ടെന്ന് പറഞ്ഞത് കള്ളം ആയിരുന്നില്ല.
അത്രത്തോളം വലിയൊരു ഷോയിൽ പോയി കള്ളം പറയേണ്ട ആവശ്യമില്ല. മുനിയാണ്ടി വളരെ പാവപ്പെട്ട മനുഷ്യനാണ്. അദ്ദേഹം വലിയൊരു ക്ഷേത്രമൊന്നുമല്ല നിങ്ങൾ കരുതുമ്പോലെ പണിതിരിക്കുന്നത്. ചിലപ്പോൾ ഒരു മുറിയിലോ മറ്റോ ആയിരിക്കും. ഞാൻ അത് പോയി കണ്ടിട്ടില്ല. വീടുകളിൽ പോയി വേസ്റ്റ് ശേഖരിച്ച് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്ന മനുഷ്യനാണ് മുനിയാണ്ടി.
അടുത്തിടെയാണ് ഫ്ലാറ്റിൽ സെക്യൂരിറ്റിയായി മുനിയാണ്ടിക്ക് ജോലി കിട്ടിയത്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള വ്യക്തിയാണ്. മുനിയാണ്ടിയുടെ ആരാധന അമ്മയോടുള്ളത് പോലെയാണ്. അമ്മയെന്നാണ് വിളിക്കുന്നത്. അല്ലാതെ മോശപ്പെട്ട രീതിയിലൊന്നുമല്ല.
മുനിയാണ്ടിയുടെ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്ന് പോലും എനിക്ക് അറിയില്ല. എന്റെ പിറന്നാളിനെല്ലാം വിളിച്ച് ആശംസ അറിയിക്കും. എന്റെ പിറന്നാളിന് പായസം, മിഠായി എന്നിവയൊക്കെ അദ്ദേഹം വിതരണം ചെയ്യാറുണ്ട്. പതിനഞ്ച് വർഷമായി മുനിയാണ്ടിയെ അറിയാം. മുനിയാണ്ടി എന്റെ മക്കളുടെ കല്യാണത്തിന് വന്നപ്പോൾ ഞാൻ നേരിട്ട് കണ്ടിരുന്നു.
നമ്മളിൽ നിന്നും എന്തെങ്കിലും പണമായി ലാഭം കിട്ടുമെന്നൊന്നും വിചാരിച്ചിട്ടില്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. ഒരു പൈസ പോലും എന്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ടില്ല. ഞാൻ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞപ്പോഴും അത് വാങ്ങിക്കാൻ തയ്യാറായില്ല. മക്കളുടെ കല്യാണത്തിന് മുനിയാണ്ടി വന്നപ്പോൾ ഞാൻ താമസ സൗകര്യത്തിന് ഏർപ്പാട് ചെയ്യാൻ തുടങ്ങിയപ്പോഴും അദ്ദേഹം സ്വീകരിച്ചില്ല.
എന്റെ ഭർത്താവിനെ പെരിയ സ്വാമി എന്നാണ് മുനിയാണ്ടി വിളിക്കുന്നത്. മുനിയാണ്ടിയെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ മുനിയാണ്ടിയുടെ സ്ഥലത്ത് പോയി ഞാൻ ആ ക്ഷേത്രം കാണുകയും അത് നിങ്ങളെ കാണിക്കുകയും ചെയ്യും. ഒപ്പം മുനിയാണ്ടിയേയും ഞാൻ എന്റെ പ്രേക്ഷകർക്ക് കാണിച്ച് തരും.
വാർത്തകളുടെ കമന്റ് ബോക്സ് കണ്ടാൽ കരഞ്ഞ് പോകും. എനിക്ക് പക്ഷെ അത് വിഷയമല്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. വൃത്തിക്കേട് ഇങ്ങനെയൊക്കെ എഴുതാമെന്ന് ഞാൻ മനസിലാക്കിയത് കമന്റ് ബോക്സ് കണ്ടപ്പോഴാണ്.