ശരീരസൗന്ദര്യവും ഫിറ്റ്നസും; എൻ്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെയ്ക്കാം

ുചികരമായ ഭക്ഷണലോകത്ത് പറന്നു നടക്കുമ്പോഴും എങ്ങനെയാണ് ശരീരസൗന്ദര്യവും ഫിറ്റ്നസും നിലനിർത്തുന്നത്? പലരും എന്നോട് ചോദിക്കാറുണ്ട് ഈ ചോദ്യം. ഞാൻ സാമാന്യം വണ്ണം ഉള്ള ആളാണ്. നന്നായി ഭക്ഷണം ആസ്വദിക്കുന്ന ആളുമാണ്. എന്നിട്ടും അമിത വണ്ണത്തിലേക്ക് പോയിട്ടില്ല. അതിനുള്ള ഇത്തരം ഞാൻ തന്നെ പറയാം.

എന്റെ ഭക്ഷണ ശീലം അൽപം വ്യത്യസ്തമാണ്. ഭക്ഷണ കാര്യത്തിൽ ഒരു ബാലൻസ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. പിന്നെ അമിതമായി ഭക്ഷണം കഴിക്കാറില്ല. വിശന്നാൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പിന്നെ കുറച്ച് താമസിച്ചാലും വിശക്കാതെ ഞാൻ ലഞ്ച് കഴിക്കാറില്ല. അല്ലാതെ ലഞ്ച് ടൈമായി ഭക്ഷണം കഴിക്കണമെന്ന രീതിയിൽ ടൈംടേബിൾ വച്ച് ഞാൻ കഴിക്കാറില്ല.

ഞാൻ ഹെവിയായിട്ടുള്ള ഫുഡ് വളരെ കുറച്ചേ കഴിക്കാറുള്ളൂ. എനിക്കിഷ്ടമുള്ള ഭക്ഷണം, ഉദാഹരണത്തിന് സ്വീറ്റ്‌സ് പോലെയുള്ളവ കഴിക്കുമ്പോൾ ബാലൻസ് ചെയ്യാനായി ഞാൻ കാപ്പി, ചായ ഇവയൊന്നും പണ്ടു മുതലേ കഴിക്കാറില്ല. എല്ലാവരും അതിൽ പഞ്ചസാരയിട്ടാണല്ലോ കഴിക്കുന്നത്. അപ്പോൾ അത്തരം ഷുഗറൊന്നും എന്റെ ഉള്ളിൽ പോകുന്നില്ല. ഫ്രൂട്ട്സൊക്കെ കഴിക്കാറുണ്ട്. ഫ്രൂട്ട് ജ്യൂസിനേക്കാൾ നല്ലത് ഫ്രൂട്ടാണ്. പിന്നെ ഭക്ഷണത്തിനു മുൻപോ ഭക്ഷണശേഷമോ ചെറു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. കൊഴുപ്പുള്ള ആഹാരങ്ങളൊക്കെ കഴിക്കുമ്പോൾ ചൂടുവെള്ളം കുടിച്ചാൽ അത് ദഹനത്തെ എളുപ്പമാക്കും.

എന്റെ ഏറ്റവും വലിയ വീക്നെസ് ഏത്തപ്പഴമാണ്. ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം, അല്ലെങ്കിൽ നെയ്യിൽ ഫ്രൈ ചെയ്ത് കഴിക്കും. പഴം പൊരി വളരെ ഇഷ്ടമാണ്. കൂടാതെ നാടൻ പലഹാരങ്ങളോടാണ് ഏറ്റവും ഇഷ്ടം. ആവിയിൽ പുഴുങ്ങുന്ന പലഹാരങ്ങൾ കൊഴുക്കട്ട, ഇലയട എന്നിവ ഇഷ്ടമാണ്. പണ്ടുതൊട്ടേ ചോറ് ഞാൻ വളരെ കുറച്ചേ കഴിക്കാറുള്ളൂ. ചോറിന്റെ കൂടെ തോരനും അവിയൽ കിച്ചടി പച്ചടി അതൊക്കെയാണ് ഇഷ്ടം. സാമ്പാർ കഴിക്കാറില്ല. ഒഴിച്ചു കറി നിർബന്ധമില്ല. എങ്കിലും പുളിശ്ശേരിയും രസവും ഇഷ്ടമാണ്. ചോറിന്റെ കൂടെ തേങ്ങാച്ചമ്മന്തിയും ചമ്മന്തിപ്പൊടിയും ഇഷ്ടമാണ്.

മീനിന്റെ കാര്യത്തിൽ ഉണക്ക മീനാണ് ഏറ്റവും ഇഷ്ടം. കൊഞ്ച്, കൊഴുവ പീര വച്ചത് ഒക്കെ ഇഷ്ടമാണ്. അച്ചാറും ഇഷ്ടമാണ്. വീട്ടിൽ ഒറ ഒഴിക്കുന്ന പുളിയില്ലാത്ത തൈര് ഇഷ്ടമാണ്. തൈര് ഫ്രിഡ്ജിൽ വച്ചേക്കും. ചോറും, തൈരും, ചമ്മന്തിയും, പെരുംപയറിന്റെ തോരനുമാണ് എനിക്കിഷ്ടപ്പെട്ട കോമ്പിനേഷൻ. മറ്റുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഇതൊന്നും കഴിക്കാൻ പറ്റില്ലല്ലോ. അപ്പോൾ എല്ലാം ടേസ്റ്റ് ചെയ്തു നോക്കാറുണ്ട്. ഒപ്പം ധാരാളം വെള്ളം കുടിക്കാറുണ്ട്. അത് വളരെ പ്രധാനമാണ്.

ഹെവി വർക്ക് ഔട്ട്, ജിം ഇതൊന്നും ഇല്ല. യോഗ ചെയ്യാറുണ്ട്. പിന്നെ വീട്ടിൽ തന്നെയുള്ള ചെറിയ ഗ്രൗണ്ട് എക്സർസൈസൊക്കെ വളരെ ലൈറ്റായിട്ടുള്ളത് ചെയ്യാറുണ്ട്. പിന്നെ ധാരാളം നടക്കാറുണ്ടല്ലോ. അതുതന്നെ നല്ല വ്യായാമമാണ്. പലരും ചോദിക്കാറുണ്ട്: ഞാൻ സംസാരിക്കുമ്പോൾ ചെറുതായി കിതയ്ക്കാറുണ്ടല്ലോ, എന്തെങ്കിലും പ്രശ്നമുണ്ടോ, ചെക്ക് ചെയ്യണം, സൂക്ഷിക്കണം എന്നൊക്കെ. അവരോടെനിക്ക് പറയാനുള്ളത് ഞാനെല്ലാം നോക്കിയിട്ടുണ്ട്. അത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടല്ല, മറിച്ച് വർഷങ്ങൾ കൊണ്ട് അറിയാതെ ശരീരഭാഷയുടെ ഭാഗമായി പോയതാണ്.

പിന്നെ മാനസിക സമ്മർദങ്ങൾക്ക് അടിപ്പെടാതെ എപ്പോഴും ഹാപ്പിയായിട്ട് ഇരിക്കാൻ ശ്രമിക്കാറുണ്ട്. ഇഷ്ടമുള്ള കാര്യം ആസ്വദിച്ച് ചെയ്യുന്നത്, പുതുതലമുറയുമായി ഇടപടുന്നത്..ഇതൊക്കെ നമ്മളെ മാനസികമായി ചെറുപ്പമാക്കും എന്നാണ് എന്റെ അനുഭവം.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.