തിരുവനന്തപുരത്തെ രവി ചേട്ടൻ്റെ റവ കഞ്ഞിയും കാരവടയും

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി, ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. കൂടുതലും പുറം ജോലിക്കാർ വന്ന് തീർക്കും. പാത്രത്തിൽ പാഴ്സലും വാങ്ങിച്ചോണ്ട് പോകും. ഇടപ്പഴഞ്ഞിയിൽ നിന്ന് നല്ല കട്ട വെയിലത്തു ബൈക്കിൽ ഇതൊന്ന് അനുഭവിച്ചറിയാൻ വേണ്ടി ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്.

റവ കഞ്ഞി ₹ 6, കാരവട രണ്ട് – ₹ 12. എങ്ങനെ 6 രൂപയ്ക്ക് മുതലാകുന്നെന്ന് ഒരു പിടിത്തവും ഇല്ല. പാൽ നല്ല രീതിയിൽ ചേർത്തിട്ടുണ്ടായിരുന്നു. രണ്ട് മുന്തിരിങ്ങയും കിട്ടി. എല്ലാത്തിനുമുപരി ആഹാരം കഴിച്ച് കഴിയുമ്പോൾ കിട്ടുന്ന ആ സംതൃപ്തി ഉണ്ടല്ലോ അത് എനിക്ക് അപ്പോൾ അനുഭവപ്പെട്ടു. ഓഫീസിലോട്ട് തിരിച്ച് വണ്ടി ഓടിച്ചപ്പോൾ വെയിലിന്റെ ചൂട് അറിഞ്ഞില്ല. കഴിച്ചപ്പോഴുള്ള ആ തൃപ്തിയും, രവി അണ്ണന്റെ എപ്പോഴുമുള്ള നിഷ്കളങ്കത നിറഞ്ഞ ചിരിയും ഹൃദയത്തിലങ്ങനെ നിറഞ്ഞ് നിന്നതിനിലായിരിക്കാം ഉച്ചയ്ക്ക് വേറൊന്നും അന്ന് കഴിക്കാൻ തോന്നിയില്ല.

അതെ ഇത് രവി ചേട്ടന്റെ പേര് ഇല്ലാത്ത മനസ് നിറയും കട. 52 വർഷങ്ങൾക്ക് മുമ്പ് 1967 ൽ രവി ചേട്ടന്റെ സ്വന്തം ജ്യേഷ്ഠൻ സദാശിവൻ നായർ തുടങ്ങിയതാണ് ഈ പ്രസ്ഥാനം. തുടക്കം മുതലേ തന്നെ രവി എന്ന രവീന്ദ്രൻ നായരും ഇതിന്റെ ഭാഗഭാഗാക്കായി ഉണ്ടായിരുന്നു. 1979 ൽ ജ്യേഷന്റെ മരണശേഷം രവി ചേട്ടൻ ഈ കട ഏറ്റെടുത്തു. ഒപ്പം ജ്യേഷന്റെ കുടംബത്തിന്റെ ഉത്തരവാദിത്വവും.

രാവിലെ 6.30 മുതൽ വൈകുന്നേരം 7.30 വരെയാണ് കട. റവ കഞ്ഞി 9 മണി മുതൽ 12 മണി വരെയാണ് പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ച് നേർത്തെ എത്തുന്നതായിരിക്കും നല്ലതെന്ന് അനുഭവം കൊണ്ട് മനസ്സിലായി. കടയിൽ ഒരു 12 പേർക്ക് ഇരിക്കാം. സിമന്റ് ബഞ്ചും തടി ബഞ്ചുമാണ്. പുറമേ കണ്ടാൽ ഒരു കോൺക്രീറ്റ് വീടാണെങ്കിലും അകത്ത് പഴമയുടെ നിറങ്ങൾ വാരിവിതറുന്ന ഒരു ചായക്കട സെറ്റപ്പാണ്. പാചകം എല്ലാം വിറകടുപ്പിലാണ്, ചായ ഉൾപ്പെടെ.

വൈകുന്നേരം 5 മണി കഴിഞ്ഞാൽ ചപ്പാത്തിയും സാലഡും മുളകും ഗംഭീര ടേസ്റ്റുള്ള ഉരുളക്കിഴങ്ങ് കറിയും കിട്ടും. അത് കഴിക്കാനും ഒരു വൈകുന്നേര സമയം നോക്കി ചെന്നിരുന്നു. ആദ്യ വരവ് തന്നെ അതായിരുന്നു. എണ്ണ ഉപയോഗിക്കാത്ത നാല് ചപ്പാത്തി (₹5) , ഒരു പപ്പടം (₹ 3), ഒരു രസവട (₹ 6) , ഒരു ബ്രെഡ് (₹ 6), ഒരു ചായ (₹ 6). എല്ലാം നല്ല ടേസ്റ്റുണ്ടായിരുന്നു. പാത്രം പരിപാടിയൊന്നും ഇല്ല. കഴിക്കാനുള്ളതെല്ലാം ചെറിയ ഇലയിലാണ് തരുന്നത്. ഇല നമ്മൾ തന്നെ പുറകിൽ വാഷ്ബേസിനടുത്തായി തറയിൽ കൊണ്ട് കളയണം.

രാവിലെ പോയി പ്രാതലും കഴിച്ചിരുന്നു. അപ്പം (₹ 5), മുട്ടക്കറി (₹ 15), രസവടയും, റവ കഞ്ഞിയും. എല്ലാം നല്ല പോലെ ഇഷ്ടപ്പെട്ടു. സംസാരിച്ചപ്പോൾ മനസിലായത് റവ കഞ്ഞിക്കുള്ള പാൽ എടുക്കുന്നത് ചേട്ടന്റെ വീട്ടിലുള്ള പശുക്കളിൽ നിന്നാണ്. തികയാതെയാകുമ്പോൾ മിൽമ പാലും വാങ്ങിക്കും. മുന്തരിങ്ങ മാത്രമല്ല ഏലയ്ക്കയും കശുവണ്ടിയും റവ കഞ്ഞിയിൽ ചേർക്കാറുണ്ട്. കഴിക്കാത്ത വേറെ ഐറ്റങ്ങളുടെ വില ചോദിച്ച് മനസ്സിലാക്കിയത് പുട്ട് ₹ 15, ദോശ ₹ 5, കടികൾ ₹ 6.

ചെന്ന ആദ്യ ദിവസം കൂടുതൽ പരിചയപ്പെട്ടപ്പോൾ ഞാൻ നിരസിച്ചെങ്കിലും ചേട്ടന്റെ കൈ കൊണ്ട് തന്നെ അടിച്ച് ഒരു ചായ തന്നിട്ടേ വിട്ടോളു. സത്യം പറയട്ടെ ആ ചായ ഒരു ഒന്ന് ഒന്നര ചായ ആയിരുന്നു. ഒരു പക്ഷേ ചേട്ടന്റെ ആ സ്നേഹം കൂടി ചായയിൽ ഇഴുകി ചേർന്നതായിരിക്കണം. പിന്നെ ഒരു കാര്യം ആ കടയിരിക്കുന്ന സ്ഥലം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആദ്യമായിട്ട് പോകുമ്പോൾ ചുറ്റിപോകാൻ വളരെ സാദ്ധ്യതയുള്ള ഒന്നാണ്.

ഒന്നാമത് കടയ്ക്ക് പേരില്ല, അങ്ങനെ ബോർഡോ ഒന്നും പുറത്ത് വച്ചിട്ടില്ല. പുറമേ നിന്ന് കണ്ടാൽ ഒരു വീടാണെന്നേ വിചാരിക്കൂ. ഇടുങ്ങിയ റോഡാണ് കടയ്ക്ക് മുന്നിൽ. അത്യാവശ്യം ബൈക്കൊക്കെ റോഡിനോട് ചേർത്ത് കടയുടെ പുറത്ത് പാർക്ക് ചെയ്യാം. കടയുടെ കോമ്പൗണ്ടിനകത്തു പാർക്ക് ചെയ്യാനാണെങ്കിൽ, വീടിന് മുന്നിൽ വയ്ക്കുന്ന പോലെ ഒരെണ്ണം വയ്ക്കാം. കൂടുതൽ വച്ചാൽ വണ്ടി എടുക്കാൻ ബുദ്ധിമുട്ടാകും. കാറ് റോഡിൽ പാർക്ക് ചെയ്യുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

മണക്കാട് ജംഗ്ഷനിൽ ചെന്നിട്ട് വലത്തോട്ട് മുക്കോലയ്ക്കൽ ദേവി ക്ഷേത്രത്തിലോട്ട് പോകുന്ന വഴിയിലോട്ട് തിരിയണം. ഒരു 500 മീറ്റർ മുമ്പിലോട്ട് ചെന്നാൽ ക്ഷേത്രമായി. പിന്നെയും ഒരു 400 മീറ്റർ കൂടി മുമ്പിലോട്ട് ചെന്നാൽ കടയായി. കട എത്തുന്നതിന് മുമ്പ് വലതുവശത്ത് മിൽമയുടെ സിറ്റി ഹബും ഇടതുവശത്ത് കുറച്ച് ഉള്ളിലായി ഒരു റേഷൻ കടയും കാണാം. ചേട്ടന്റെ കടയോട് ചേർന്ന് ഒരു Men’s & Kid’s ബ്യൂട്ടി പാർലറും കാണാം.

 

ഊണില്ല. സമയമനുസരിച്ച് റവ കഞ്ഞി, ദോശ, അപ്പം, പുട്ട്, മുട്ടക്കറി, ചപ്പാത്തി, വട കടിപിടികൾ ഇവയൊക്കെയുണ്ട്. അപ്പോൾ ഇത് വരെ പോകാത്തവർക്ക് ചെറിയൊരു യാത്രയും, പഴമയുടെ ഒരു അന്തരീക്ഷവും, സുഖമുള്ള ഒരു ഭക്ഷണാനുഭവും നേരുന്നു.

ലൊക്കേഷൻ : https://goo.gl/maps/ivBFJNUmefo.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.