നമ്മൾ മലയാളികൾക്ക് മറ്റെന്തു കഴിക്കുന്നതിനേക്കാളും സംതൃപ്തി തരുന്ന ഒന്നാണ് വീട്ടിലെ ഊണ്. അതും നമ്മുടെ അമ്മയുടെ കൈപ്പുണ്യം കൂടി ചേർന്നതാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ ഈ ഊണ് പൊതിച്ചോറായിട്ടാണ് കഴിക്കുന്നതെങ്കിലോ? ഹോ.. പറയുകയേ വേണ്ട. നല്ല വാട്ടിയ വാഴയിലയിൽ ചോറും കറികളും, എന്തിനേറെ പറയുന്നു കറികളൊന്നുമില്ലാതെ തേങ്ങയരച്ചുണ്ടാക്കിയ ചമ്മന്തി മാത്രം വെച്ചാൽ മതി.
രാവിലെ കെട്ടിയ പൊതിച്ചോറ് ഉച്ചയോടെ അഴിക്കുമ്പോൾ വരുന്ന ആ ഒരു മണം ഉണ്ടല്ലോ! ഇത് വായിക്കുമ്പോൾ നിങ്ങളുടെ നാവിൽ വെള്ളമൂറുന്നുണ്ടാകും. അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു പക്കാ നാടൻ മലയാളി തന്നെയെന്ന് ഉറപ്പിക്കാം. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പൊതിച്ചോറ് ഒരിക്കലെങ്കിലും കൊണ്ടുപോയി കഴിക്കാത്തവർ വളരെ കുറവായിരിക്കും. ചോറിനും കറികൾക്കുമൊപ്പം അമ്മയുടെ സ്നേഹവും കൂടി പൊതിഞ്ഞു തന്ന ആ പൊതിച്ചോറ് തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും സ്നേഹവും വാത്സല്യവും അടങ്ങിയ വിഭവം.
നമ്മുടെയെല്ലാം ഒരു നൊസ്റ്റാൾജിയയായ പൊതിച്ചോറിൻ്റെ രുചി ഒരിക്കൽക്കൂടി ഒന്നനുഭവിച്ചാലോ? ഇതാ നല്ല രുചിയേറിയ ചമ്മന്തിച്ചോറ് വാഴയിലയിൽ പൊതിഞ്ഞുകൊണ്ട് പൊതിച്ചോറായി കഴിക്കുന്ന ഒരു വീഡിയോ നിങ്ങൾക്കു മുന്നിൽ പങ്കുവെയ്ക്കുകയാണ്. കാണുക, ആ നൊസ്റ്റാൾജിയ ഒന്നനുഭവിക്കുക.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ചോറ് – രണ്ട് കപ്പ്, തേങ്ങ ചിരകിയത് – രണ്ടു കപ്പ്, പച്ചമുളക് – അഞ്ച് എണ്ണം, ചെറിയ ഉള്ളി – അഞ്ചാറെണ്ണം, ഇഞ്ചി – ഒരു ചെറിയ കഷ്ണം, പുളി – കുറച്ച്, കാശ്മീരി മുളക്പൊടി – ഒരു ടേബിൾ സ്പൂൺ, വെളിച്ചെണ്ണ – ഒന്നര ടേബിൾ സ്പൂൺ, കടുക് – ഒന്നര ടേബിൾ സ്പൂൺ, വറ്റൽ മുളക് – മൂന്നു നാലെണ്ണം, കറിവേപ്പിലയും ഉപ്പും വെള്ളവും – ആവശ്യത്തിന്. മുട്ട പൊരിക്കാൻ ആവശ്യമായവ : ചെറിയ ഉള്ളി – അഞ്ചാറെണ്ണം, പച്ചമുളക് – ഒരെണ്ണം, മുട്ട – രണ്ടെണ്ണം.
വീഡിയോ കണ്ടില്ലേ? എങ്ങനെയുണ്ട് നമ്മുടെ വാഴയിലയിൽ പൊതിഞ്ഞ ചമ്മന്തിച്ചോറ്? ചിലപ്പോൾ പുതിയ തലമുറയിൽപ്പെട്ട കുട്ടികൾ പൊതിച്ചോറ് കഴിച്ചിട്ടുണ്ടാകില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾ ഇതുപോലെ ഒരു ദിവസം ഊണിനു പൊതിച്ചോറ് ഒന്ന് കെട്ടി കൊടുത്തു നോക്കൂ. അവരും അറിഞ്ഞിരിക്കട്ടെ നമ്മളൊക്കെ പണ്ട് അനുഭവിച്ച ആ നൊസ്റ്റാൾജിക് രുചി.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.