ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ. എന്നാൽ ഗൾഫിലും ഉണ്ട് ഒരു കൊച്ചു കേരളം. നിങ്ങൾ കേട്ടിട്ടുണ്ടാകും, സലാല. അതെ ഗൾഫിലെ സ്വർഗ്ഗം, ഗൾഫിലെ കേരളം എന്നൊക്കെ അറിയപ്പെടുന്ന സലാല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരു സ്വർഗ്ഗം തന്നെയാണ്.
ഒമാൻ പ്രവിശ്യയായ ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ് സലാല. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും ആയിരത്തോളം കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്ന സലാലയിൽ എത്തിയാൽ കേരളത്തിലെത്തിയ പ്രതീതിയായിരിക്കും അനുഭവപ്പെടുക. തെങ്ങുകളും, വാഴകളും, ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെയായി സലാല കേരളത്തിന്റെ ഗൾഫ് സഹോദരനായി നിലകൊള്ളുകയാണ്.
അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ് സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. മഴക്കാലത്താണ് സലാല കൂടുതൽ ഭംഗിയാർജ്ജിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലം (ഇന്ത്യൻ മൺസൂൺ) ഖരീഫ് സീസണ് എന്നാണ് അവിടെ തദ്ദേശീയമായി അറിയപ്പെടുന്നത്. അരുവികളാലും വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ് സലാല പച്ചപുതച്ചു നിൽക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഒമാന്‍ സർക്കാർ ഖരീഫ് മഹോത്സവവും സംഘടിപ്പിക്കാറുണ്ട്. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ സമയത്ത് ഇരട്ടിയാവാറുണ്ട്.
ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മസ്ഥലവുമാണ് സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽത്താൻ കൂടുതലായും സലാലയിലാണ് താമസിക്കാറ്. എന്നാൽ സുൽതാൻ ഖാബൂസ് ഈ പ്രവണതയിൽ മാറ്റം വരുത്തി. 1970 ൽ അദ്ദേഹം ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ് ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസി സമൂഹങ്ങളുണ്ട് സലാലയിൽ. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് അവ. ആയിരക്കണക്കിന് മലയാളികളുടെ സ്വപ്നഭൂമി കൂടി ആണ് സലാല. കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ആയി സലാലയുടെ വികസനത്തിൽ ഇവരുടെ വിയർപ്പും കൂടിയിട്ടുണ്ട്. കേരളത്തോട് സമാനതയുള്ള കലാവസ്ഥയായതിനാലാണ് കേരളത്തിൽ വളരുന്ന മിക്ക ഫല വൃക്ഷങ്ങളും ഇവിടെയും വളരുന്നത്. കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.
ജോലിത്തിരക്കുകളെല്ലാം മാറ്റിവെച്ച് അവധികൾ ആഘോഷിക്കുവാൻ നമ്മൾ ഊട്ടിയിലും മൂന്നാറിലും കൊടൈക്കനാലിലുമൊക്കെ ട്രിപ്പ് പോകുന്നതുപോലെ ഒമാനിലുള്ള പ്രവാസികൾ കൂൾ ട്രിപ്പുകൾക്കായി തിരഞ്ഞെടുക്കുന്നത് സലാലയെ ആണ്. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും സലാലയിലേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. മസ്കറ്റിൽ നിന്നും സലാല വരെയുള്ള ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടുവാൻ ഈ ബസ്സുകൾ എടുക്കുന്നത് ഏകദേശം പത്തു മണിക്കൂറോളമാണ്. അതായത് എറണാകുളത്തു നിന്നും ബെംഗളൂരു വരെ പോകുന്ന സമയം.
ഇനി ഒമാൻ സന്ദർശിക്കുന്ന മലയാളി സുഹൃത്തുക്കളും അവിടെയുള്ള പ്രവാസികളുമൊക്കെ സലായയിൽ പോയിട്ടില്ലെങ്കിൽ ഒരു തവണയെങ്കിലും അവിടെ സന്ദർശിച്ചു നോക്കേണ്ടതാണ്. ഏതു ദിശയിൽ സഞ്ചരിച്ചാലും കണ്ണിനു കുളിർമ്മയും അത്ഭുതവും പകരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന, പ്രകൃതി ഇത്രത്തോളം കനിഞ്ഞ് അനുഗ്രഹിച്ച മറ്റൊരു പ്രദേശവും ഈ ഗൾഫ് മേഖലയിൽ വേറെയില്ല.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ചിത്രം – സിബി ജോസഫ്.