പായസം കഴിക്കാത്തവർ നമുക്കിടയിൽ കുറവായിരിക്കും. പരിപ്പ് പായസം, സേമിയ പായസം, അടപ്രഥമൻ, പാലട എന്നിങ്ങനെ പായസങ്ങൾ പലവിധത്തിലുണ്ട്. എന്നാൽ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ള ഒരു പായസമാണ് അരവണപ്പായസം. അരവണ എന്നു കേൾക്കുമ്പോൾ പൊതുവെ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത് ശബരിമലയും അവിടത്തെ പ്രസാദമായ അരവണപ്പായസവുമാണ്.
ശരിക്കും ശബരിമലയിൽ മാത്രമല്ല, മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിനു വേണ്ടി ഉണ്ടാക്കുന്ന കടുംപായസമാണ് അരവണ പായസം. സാധാരണ കടുംപായസങ്ങളില് നിന്നും വ്യത്യസ്തമാണ് അരവണ. ഇതില്‍ കൂടുതല്‍ നെയ്യും ശര്‍ക്കരയും ചേര്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അരവണയ്ക്ക് മധുരം കൂടുതലാണ്. ഏറെനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും. നല്ല മധുരമുള്ളതിനാൽ മറ്റു പായസങ്ങളെ അപേക്ഷിച്ച് അരവണ കൂടുതല്‍ കഴിക്കാന്‍ സാധിക്കില്ല.
ഈ പായസത്തിന് അരവണ എന്ന പേര് കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഞാൻ കേട്ടിട്ടുള്ള ആ കഥ ഇങ്ങനെയാണ്. പണ്ട് അരവണ എന്ന് പേരുള്ള ഒരു ഋഷി ഉണ്ടായിരുന്നു. അദ്ദേഹം കാടിന്റെ നടുവില്‍ കുടികൊള്ളുന്ന ഭഗവാനു നിവേദിക്കാന്‍ ഒരു പായസം ഉണ്ടാക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിന്റെ പേരായ അരവണ എന്നത് ആ നിവേദ്യത്തിനും നല്കി. അങ്ങനെയാണ് അരവണപ്പായസത്തിന് ആ പേര് വന്നതെന്നാണ് കഥ. ഇതു കൂടാതെ മറ്റൊരു വസ്തുതയും കൂടിയുണ്ട്. അരവണ എന്നാല്‍ ദൈവം എന്നാണ് അർത്ഥം. ദൈവത്തിന് നിവേദിക്കാന്‍ ഉണ്ടാക്കപ്പെടുന്നതിനാല് ഈ പായസത്തിന് അരവണ എന്ന പേര് കിട്ടിയെന്നും പറയപ്പെടുന്നു.
അരവണപ്പായസം ക്ഷേത്രങ്ങളിൽ മാത്രമല്ല, ചില സദ്യകളിലും ഉണ്ടാകാറുണ്ട്. എൻ്റെ മക്കളുടെ വിവാഹസദ്യയിൽ അരവണപ്പായസവും കൂടി ഉണ്ടായിരുന്നു കെട്ടോ. അപ്പോൾ ഈ അരവണ പായസം നമുക്ക് വീട്ടിലൊന്ന് ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ ഈ പായസം നമുക്ക് ഉണ്ടാക്കാവുന്നതാണ്. അതെങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം.
അരവണപ്പായസം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ഇനി പറയുന്നവയാണ്. ശർക്കര – ഒരു കിലോഗ്രാം, വെള്ളം – മുക്കാൽ കപ്പ് + അഞ്ചര കപ്പ്, ചെമ്പാ പച്ചരി (Raw Rice) – കാൽ കിലോഗ്രാം, പഞ്ചസാര – മൂന്നു ടേബിൾ സ്പൂൺ, നെയ്യ് – 375 ഗ്രാം, ഡ്രൈ ജിഞ്ചർ പൗഡർ – ഒന്നര ടീ സ്പൂൺ, ഏലയ്ക്കാപ്പൊടി – ഒന്നര ടീ സ്പൂൺ. ഈ ഈ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് മധുരമൂറുന്ന അരവണപ്പായസം എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. അത് നിങ്ങളൊന്നു ശ്രദ്ധിച്ചു കണ്ടുമനസ്സിലാക്കുക.
പൊതുവെ നമ്മൾ അരവണപ്പായസം കഴിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിൽ നിന്നുമായിരിക്കുമെങ്കിലും, ഇനി നമുക്ക് ഇതൊന്നു വീട്ടിലുണ്ടാക്കി നോക്കാവുന്നതാണ്. എല്ലാവരും തീർച്ചയായും ഇതൊന്നു വീട്ടിലുണ്ടാക്കി നോക്കുക. അഭിപ്രായങ്ങൾ കമന്റിലൂടെ പങ്കുവെക്കുക.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.