എഴുത്ത് – സന്തോഷ് കുട്ടൻ (കെഎസ്ആർടിസി ബസ് ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ).
നെടുമുടി ജ്യോതി ജംഗ്ഷനിൽ നിന്നും ഒരു പൊതി ചോറ്… ഒരുപാട് നാളുകൾക്ക് ശേഷം ഡ്യൂട്ടി ചെയ്തപ്പോൾ ആലപ്പുഴയിൽ നിന്നും കഴിക്കാം എന്ന് കരുതിയ എനിക്ക് പണി കിട്ടി. അവിടെ കാൻ്റീനിൽ 10 മണി ആകും വല്ലതും ആകാൻ. ഒരു ചായ കൊടുത്തു എന്നിട്ട് വയറിനോട് പറഞ്ഞു “ഡേയ് കോട്ടയത്ത് ചെല്ലട്ട് തരാം ട്ടോ..”
അവിടെ ചെന്നപ്പോ കാൻ്റീൻ ഇല്ല. പിന്നെ ഉള്ളത് ഇന്ത്യൻ കോഫി ഹൗസ് അവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല (നിലവിലെ നിയമം അംഗീകരിക്കുന്നു). പിന്നെ സമയം നോക്കിയപ്പോ ആലപ്പുഴയിൽ ചെന്നിട്ട് തിരിച്ച് ചങ്ങനാശേരി വന്നു കഴിഞ്ഞു ഉണ്ണാൻ സമയം ആകും. ന്നാ പിന്നെ ഒരുചായയും ഒരു ചെറിയ കടിയും കൊടുത്ത് വയറിനെ പറ്റിക്കാം.
അങ്ങനെ നിക്കുമ്പോ ഒരു കൈ ഉയർന്നു വരുന്നു. കോട്ടയം സ്റ്റാൻഡിന് മുന്നിലെ പോലീസ് എയ്ഡ് പോസ്റ്റിൽ നിന്നും. (സർ പേര് മറന്നു പോയി സോറി). അവിടെച്ചെന്ന് അമ്മയുടെ വിവരങ്ങൾ പങ്ക് വച്ച് വീട്ടിലെ വിശേഷങ്ങൾ തിരക്കി സ്നേഹം പങ്കിട്ട് കടയിലേക്ക് ചെന്നു ഒരു ക്രീം ബന്നും ഒരു ചായയും കഴിച്ചു. രാവിലെ മുക്കാൽ പട്ടിണി.. വീട്ടിലേക്ക് വിളിച്ച് ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് പറഞ്ഞു. ഇനിയും വയറിനെ പറ്റിച്ചാൽ പണിമുടക്കും. അത് വേണ്ടാ. വണ്ടി വിട്ടു ആലപ്പുഴയിലേക്ക്.
അങ്ങനെ ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് വരുന്ന വഴി നെടിമുടിക്ക് മുന്നേ ജ്യോതി ജംഗ്ഷനിൽ നിന്നും ഒരു വെള്ള തുണിയിൽ ചുവന്ന എഴുത്തുള്ള ഒരു കോടി മുന്നിലേക്ക് വീശി വന്നു. നിർത്തി ഒരു പെൺകുട്ടി ഓടി വന്ന് ചോദിച്ചു “എത്ര ഉണ് വേണം?” ഞാൻ കണ്ടക്ടർ സാറിനോട് വിളിച്ച് ചോദിച്ചു “സാറേ ഉണ് വേണോ?” “വേണ്ടാ” എന്ന് അവിടുന്ന് ഉത്തരം വന്നു. “ഒന്ന് മതി” എന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞു.
അങ്ങനെ അതും വാങ്ങി ചങ്ങനാശ്ശേരിയില് എത്തി വീട്ടിലേക്ക് വിളിച്ച് പറഞ്ഞു. “ഞാൻ വരില്ലാട്ടോ ചോറ് കിട്ടി.” “എവിടുന്ന്?” “വരുന്ന വഴി കൂട്ടുകാർ തന്നു.” “സാരമില്ല വീട്ടിൽ നിന്നും വൈകിട്ട് കഴിക്കാം എന്ന് പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
ഉച്ചയായപ്പോൾ പൊതി തുറന്നു. നല്ല വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറ്. അത് തുറക്കുമ്പോൾ ഒരുമണം ഉണ്ട് സാറേ… ചക്കക്കുരു മുരിങ്ങക്ക ഇട്ടു വച്ച ചാറു കറി, അച്ചാർ, വറ്റമുളക് ചമ്മന്തി.. പോരെ അളിയാ.. പെർഫെക്ട്… Ok..