ഹായ് കൂട്ടുകാരെ, ഞാൻ നിങ്ങളുടെ ലക്ഷ്മി നായർ. നമ്മൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നതിനു മുന്നേ തന്നെ ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് തികച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയേറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ‘Lekshmi Nair’ എന്ന നമ്മുടെ ചാനലിൽ പാചക വീഡിയോകൾ കൂടാതെ മോട്ടിവേഷൻ, ബ്യൂട്ടി ടിപ്സ്, പേഴ്സണൽ വിശേഷങ്ങൾ എന്നിവയും ഷെയർ ചെയ്യാറുണ്ട്.
കുറച്ചു നാളുകളായി ഞാൻ വിചാരിക്കുന്നു ഒരു ട്രാവൽ വ്ളോഗ് തുടങ്ങിയാലോ എന്ന്. അങ്ങനെ അതിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും, ഒരു മില്യൺ തികഞ്ഞ സന്തോഷം നിറഞ്ഞ ഈ അവസരത്തിൽത്തന്നെ പുതിയ ട്രാവൽ ചാനൽ തുറക്കുകയും ചെയ്തിരിക്കുകയാണ്. യാത്രാ വിശേഷങ്ങൾ പങ്കിടുകയും, കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന നമ്മുടെ ട്രാവൽ ചാനലിൻ്റെ പേര് ‘Lekshmi Nair’s Travel Vlogs‘ എന്നാണ്.
കുക്കറി ഷോകളിലൂടെയും യാത്രാ പരിപാടികളിലൂടെയുമാണ് ആളുകൾ എന്നെ അറിയുന്നതും സ്നേഹിക്കുന്നതും. രണ്ടും ഞാൻ വളരെ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. കുക്കറി ചാനലിനു ശേഷം ട്രാവൽ ചാനൽ തുടങ്ങിയതും അതിനാലാണ്. ഓരോ സ്ഥലങ്ങളിലെയും കാഴ്ചകൾ, ടൂറിസ്റ്റ് സ്പോട്സ്, അവിടത്തെ ആളുകളുടെ ജീവിതശൈലി, ഭക്ഷണപ്പെരുമ എന്നിങ്ങനെ വിശേഷങ്ങൾ ഏറെയുണ്ടാകും നമ്മുടെ ട്രാവൽ വ്ലോഗിൽ.
ചാനൽ തുടങ്ങി ആദ്യമായി ഞാൻ യാത്ര പോയത് നമ്മുടെ തൊട്ടടുത്തു തന്നെയുള്ള പൊന്മുടിയിലേക്ക് ആയിരുന്നു. പൊന്മുടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമെന്നും, അവിടെ ചിലരൊക്കെ പോയിട്ടുണ്ടാകുമെന്നും അറിയാം. എങ്കിലും ഒരൽപം വിവരണം ഞാൻ നൽകാം. തിരുവനന്തപുരം ജില്ലയിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് പൊന്മുടി. തിരുവനന്തപുരം ടൗണിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം നഗരത്തിനൽ നിന്നും പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോൾത്തന്നെ ഉയരം കൂടിയ ഭൂപ്രകൃതിയും, ചെറുകുന്നുകളും, പച്ചപ്പും, തണുത്ത കാറ്റുമൊക്കെ നമ്മളെ സ്വാഗതം ചെയ്യും. പൊൻമുടിയിൽ എത്തിയാൽപ്പിന്നെ പറയേണ്ടതില്ല, ഹോ ആ ഒരു അനുഭൂതി… അത് അനുഭവിച്ചു തന്നെ അറിയണം. അവിടത്തെ വായുവിനുമുണ്ട് തണുപ്പ്.
പിന്നെ പൊന്മുടിയിലെ എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ അവിടത്തെ കോടമഞ്ഞു തന്നെയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ കോടമഞ്ഞു പരക്കുന്ന ഒരു സ്ഥലമാണ് പൊന്മുടി. വൈകുന്നേരങ്ങളിലാണ് കോടമഞ്ഞു നന്നായി പരക്കുന്നത്. ആ സമയത്ത് നമ്മുടെ തൊട്ടടുത്തു നിൽക്കുന്നവരെപ്പോലും കാണാൻ വയ്യാത്ത അവസ്ഥയായിരിക്കും. പൊന്മുടിയിലേക്ക് കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ട് സ്വന്തമായി വാഹനങ്ങളില്ലാത്തവർക്കും ഈസിയായി പൊൻമുടിയിൽ വരാം.
രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് സാധാരണയായി പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാനാകുക. മദ്യം, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടുപോകാന്‍ അനുവാദമില്ല. കല്ലാര്‍, പൊന്മുടി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുമുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ട്രെക്കിംഗും അവിടെയുണ്ട്. പൊൻമുടിയിൽ വരുന്നവർക്ക് താമസിക്കുവാനായി കെടി.ഡി.സി.യുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് തിരഞ്ഞെടുക്കാവുന്നതാണ്. ഈയൊരു താമസ സൗകര്യം മാത്രമേ അവിടെയുള്ളൂ.
ഇപ്പോൾ കോവിഡ് പ്രശ്നങ്ങളുള്ളതിനാൽ പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. എങ്കിലും എന്തോ ഭാഗ്യംകൊണ്ട് എനിക്ക് അവിടെ ചെന്ന് ഷൂട്ട് ചെയ്യുവാനുള്ള പെർമിഷൻ ലഭിച്ചു. ഇപ്പോൾ കേരളത്തിലെ ടൂറിസ്റ്റുകേന്ദ്രങ്ങളെല്ലാം പതിയെ തുറന്നു വരികയാണ്. ആയതിനാൽ പൊന്മുടിയും ഉടനെ തുറക്കുമെന്നു പ്രത്യാശിക്കാം. പൊന്മുടിയിലേക്ക് നടത്തിയ യാത്രയുടെ കാഴ്ചകളും വിശേഷങ്ങളും മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്.
കുടുംബത്തോടൊപ്പം അല്ലാതെയും എല്ലാ ജീവിത വേദനകളും മറന്നു താമസിക്കാനും തണുപ്പും വനസൗന്ദര്യവും ആവോളം ആസ്വദിക്കാനും കേരളത്തിന്റെ തലസ്ഥാനത്ത് പൊന്മുടിയല്ലാതെ മറ്റൊരു സ്ഥലമില്ലെന്ന് ഉറപ്പിച്ചു പറയാം. അപ്പോൾ നമ്മുടെ യാത്രകൾ ഇവിടെ തുടങ്ങുകയാണ്. എല്ലാവരുടെയും പൂർണപിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക. അപ്പോൾ ഇനിയുള്ള യാത്രകൾ ‘Lekshmi Nair’s Travel Vlogs‘ ൽ…