Site icon Lekshmi Nair: Celebrity, Culinary Expert

ചായക്കടയിലെ ഉണ്ടംപൊരി എളുപ്പത്തിൽ രുചിയോടെ വീട്ടിലുണ്ടാക്കാം

മലയാളികളുടെ ചായക്കടികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉണ്ടംപൊരി. ചായക്കടകൾ എന്നു മുതലാണോ ഉണ്ടായത്, അന്നു മുതലേ തന്നെ ഉണ്ടംപൊരിയും ഉണ്ടെന്നു പറയാം. അതെ വർഷങ്ങളായി ചായക്കടകളുടെ ചില്ലലമാരയിൽ ഇരുന്നുകൊണ്ട് നമ്മളെ കൊതിപ്പിച്ച, ഇന്നും കൊതിപ്പിച്ചു കൊണ്ടിരിക്കുന്ന അതേ ഉണ്ടംപൊരി തന്നെ. ചിലയിടങ്ങളിൽ ഉണ്ടംപൊരിയെ ബോണ്ട എന്നും വിളിക്കാറുണ്ട്.

പിസ്സയും ബർഗറുമൊക്കെ സ്‌നാക്‌സ് ലിസ്റ്റിൽ ഇടംപിടിച്ചെങ്കിലും നമ്മുടെ ഉണ്ടംപൊരിയുടെയും പഴംപൊരിയുടെതുമൊക്കെ രുചി അതൊന്നു വേറെതന്നെയാണ്. പൊതുവെ ചായക്കടകളിലാണ് ഉണ്ടംപൊരി കാണപ്പെടുന്നതെങ്കിലും നമുക്ക് വളരെ ഈസിയായി ഈ പലഹാരം വീട്ടിലുണ്ടാക്കാവുന്നതാണ്. എന്നാൽപ്പിന്നെ നമുക്ക് ഉണ്ടംപൊരി എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് ഒന്നു നോക്കിയാലോ? അതിനായി വേണ്ട ചേരുവകൾ താഴെ പറയുന്നവയാണ്.

പാളയങ്കോടൻ പഴം (മൈസൂർ പൂവൻ എന്നും പറയും) – 5 എണ്ണം, പഞ്ചസാര – ഒരു കപ്പ്, ഗോതമ്പുപൊടി – നാല് കപ്പ്, സോഡാപ്പൊടി – മുക്കാൽ ടീ സ്പൂൺ, ഉപ്പ് – കാൽ ടീ സ്പൂൺ, ഏലയ്ക്കാപ്പൊടി – ഒരു ടീ സ്പൂൺ, വെള്ളം – ഒരു കപ്പ് + കാൽ കപ്പ് (മൊത്തത്തിൽ), എണ്ണ (Refined Oil) – ഒന്നര കപ്പ്. ഇനി ഈപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല സ്വാദേറിയ ഉണ്ടംപൊരി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കാം.

കണ്ടില്ലേ? ദാ ഇത്രേയുള്ളൂ… നല്ല രുചികരമായ ഉണ്ടംപൊരി തയ്യാർ. ഉണ്ടംപൊരി വീട്ടിൽ ഉണ്ടാകാൻ ഇത്ര എളുപ്പമായിരുന്നോ എന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഉണ്ടംപൊരിയും. ഇതോടൊപ്പം നല്ല ചൂട് ചായയും കൂടിയുണ്ടെങ്കിൽ ഉഷാറാകും. ഒപ്പം മുതിർന്നവർക്ക് തങ്ങളുടെ പഴയ ചായക്കടയിലെ ഉണ്ടംപൊരി ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടവും ആകാം.

അതേപോലെ വീട്ടിൽ അതിഥികൾ വരുന്നതു മുൻകൂട്ടി അറിയുന്ന സന്ദർഭങ്ങളിൽ പലഹാരം കടയിൽ നിന്നും വാങ്ങാൻ ഓടാതെ, കുറഞ്ഞ സമയംകൊണ്ട് ഇതുപോലുള്ള നാടൻ പലഹാരങ്ങൾ ഒന്നുണ്ടാക്കി നോക്കൂ. വിളമ്പുന്ന നമുക്കും, കഴിക്കുന്ന അതിഥികൾക്കും ഒരേപോലെ സംതൃപ്തി പകരും. എന്തായാലും നിങ്ങൾ ഉണ്ടംപൊരി ഇതേപോലെ ഒന്ന് വീട്ടിലുണ്ടാക്കി നോക്കിയിട്ട് അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.