Site icon Lekshmi Nair: Celebrity, Culinary Expert

ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ കാണിച്ചുകൂടെ?

എഴുത്ത് – അഷ്‌റഫ് താമരശ്ശേരി.

നീണ്ട കാത്തിരിപ്പിന് വിരാമമായി. യു എ ഇ യിലേക്കുള്ള യാത്രാ നിരോധനം നീക്കി. പ്രതീക്ഷയുടെ തിരി നാളം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് വീടുകളിലെ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക് ഫലം കണ്ടിരിക്കുന്നു. എത്രയെന്ന് കരുതിയാണ് പ്രവാസി ദൈന്യത മറച്ച് വെച്ച് പുറത്തിറങ്ങാതെ വീടകങ്ങളിൽ കഴിയുക? കൈ നീട്ടി വരുന്നവരുടെ മുന്നിൽ തലതാഴ്ത്തിയിരിക്കാൻ കഴിയുക?

മറ്റുള്ളവർക്ക്‌ ആഴ്ച്ചയിൽ ഏതാനും ദിവസങ്ങളിൽ വരുമാനത്തിന് മാർഗ്ഗമുണ്ടാകുമ്പോൾ ബാങ്ക് ബാലൻസ് തീർന്ന് പോയ പ്രവാസിയുടെ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. മാസങ്ങളായി ജോലിയോ വരുമാനമോ നിന്നു പോയാലുണ്ടായ അവസ്ഥ. കടം വാങ്ങി എത്ര കാലം കഴിയും? പലരും നാട്ടിൽ കൂലിപ്പണിക്ക് പോയാണ് നിത്യവൃത്തി കഴിയുന്നത്. നിവർത്തികേട്‌ കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത നിരവധി പേരുടെ അവസ്ഥ എനിക്കറിയാം.

എന്തായാലും കാർമേഘങ്ങൾ മാറി. പ്രതീക്ഷയുടെ തെളിഞ്ഞ ആകാശം പ്രത്യക്ഷമായി. പ്രവാസികൾ വീണ്ടും അവരുടെ ജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരാകും. നാട്ടിലെ കുടുംബങ്ങളും നാട്ടുകാരും സജീവമാകും. വിദേശ നാണ്യം എത്തുന്നതോടെ രാജ്യത്തിനും ഗുണകരമാകും. ഭീമമായ ടിക്കറ്റ് നിരക്ക്‌ നൽകിയാണ് പ്രവാസികൾ തിരിക്കുന്നത്. കടം വാങ്ങിയാണ് പലരും ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. അതിനിടയിൽ നാട്ടിലെ എയർപോർട്ടിൽ Rapid PCR ന്റെ പേരിൽ പ്രവാസികളിൽ നിന്നും പണം ഈടാക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. നാലും അഞ്ചും പേരടങ്ങുന്ന കുടുംബം യാത്ര തിരിക്കുമ്പോൾ ഈയിനത്തിൽ വലിയ തുകയാണ് ചിലവാക്കുന്നത്.

യു. എ. ഇ യിൽ ഇറങ്ങുന്ന പ്രവാസികൾക്ക് RTPCR ടെസ്റ്റ് തികച്ചും സൗജന്യമായാണ് നൽകുന്നത്‌. ഒരുപാട് കാലം ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ ചെയ്ത് കൂടെ? ജോലിക്ക് എത്തുന്ന പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യം എന്തേ ജന്മ നാടിന് നൽകാൻ കഴിയാതെ പോകുന്നത്? ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ എല്ലാവരും പരമാവധി ഷെയർ ചെയ്യണം.