Site icon Lekshmi Nair: Celebrity, Culinary Expert

ലോകത്തെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച ‘മക്‌ഡൊണാൾഡ്സ്’ ചരിത്രം

വിവരണം – Vishnu AS Pragati.

മക്‌ഡൊണാൾഡ്സ്…. പേരു കേൾക്കുമ്പോൾ തന്നെ ചായം തേച്ച മുഖത്തോടെയുള്ള കോമാളിയും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന സ്വർണ്ണ നിറത്തിലുള്ള കമാന M അക്ഷരവും ലോകജനതയുടെ മനസ്സിൽ വരച്ചിട്ട ആഗോളഭീമൻ. ഒരു പക്ഷെ ലോകത്തെ തന്നെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച തലതൊട്ടപ്പൻ. ഇവർക്കുമുണ്ടൊരു ചരിത്രം പറയാൻ.

1930കളിലെ അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലായ്മ കൊടികുത്തി വാഴുന്ന സമയത്താണ് അച്ഛനും രണ്ടു മക്കളും ചേർന്ന മക്‌ഡൊണാൾഡ് കുടുംബം കൂടുതൽ തൊഴിലവസരങ്ങൾ തേടി അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയത്. വെള്ളിത്തിരയുടെ പറുദീസയായിരുന്ന ഹോളിവുഡിൽ റിച്ചാർഡ് മക്‌ഡൊണാൾഡും (വിളിപ്പേര് ‘ഡിക്ക്’) മോറീസ് മക്‌ഡൊണാൾഡും (വിളിപ്പേര് ‘മാക്’) ഹോളിവുഡിലെ ലൈറ്റ് ബോയ് ആയും സെറ്റ് മൂവർമാരായും പണിയെടുക്കുകയായിരുന്നു. ഇവരുടെ അച്ഛനായ പാട്രിക് മക്‌ഡൊണാൾഡ് 1937ൽ ‘ദി എയർഡ്രോം’ എന്ന പേരിൽ കാലിഫോർണിയയിലെ മൺറോവിയയിൽ ഒരു ഹോട്ട് ഡോഗ്-ഹാംബർഗർ വില്പനശാല തുടങ്ങി. വല്യ തരക്കേടില്ലാതെ കച്ചവടം നടന്നു പോയിരുന്നു.

സിനിമയിൽ ജോലി ചെയ്തു ജീവിതം പച്ച പിടിക്കില്ലെന്നു തിരിച്ചറിഞ്ഞ മാക് സഹോദരന്മാർ അച്ഛന്റെ ബിസ്നസ്സിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെ 1940ൽ മണ്റോവിയായിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള ‘സാൻ ബെർണാർഡിനോ’ എന്ന സ്ഥലത്ത് ‘മക്‌ഡൊണാൾഡ് ബാർബിക്യു’ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു ശൃംഖലയുടെ തുടക്കമായിരുന്നു അത്. 1948 ആയതോടെ മാക് സഹോദരർ ഒരു കാര്യം മനസ്സിലാക്കി, തങ്ങളുടെ ലാഭത്തിന്റെ സിംഹഭാഗവും വരുന്നത് ഹാംബർഗർ വിൽപന കൊണ്ടാണ്. അങ്ങനെ അതേ വർഷം അവർ തങ്ങളുടെ മുഴുവൻ സംവിധാനം അഴിച്ചു പണിഞ്ഞു.

കാർ ഹോപ്പർ സംവിധാനം നിർത്തലാക്കി. കാർ ഹോപ്പർ എന്നു പറഞ്ഞാൽ കസ്റ്റമർ കാറിലിരുന്ന് ഓർഡർ കൊടുക്കും, ഓർഡർ അനുസരിച്ചു സാധനങ്ങൾ കാറിൽ കൊണ്ടെത്തിച്ചു കൊടുക്കണം. നല്ല ലാഭം ലഭിക്കുന്ന ഒരു കാര്യമായിരുന്നിതെങ്കിൽ പോലും കസ്റ്റമറിനെ തൃപ്തിപ്പെടുത്താൻ കൂടുതൽ ജോലിക്കാരെ വയ്ക്കണം എന്നത് ഇതിന്റെ ഒരു ന്യൂനതയായിരുന്നു. അങ്ങനെ ഇതിനെ തരണം ചെയ്യാൻ മാക് സഹോദരന്മാർ ‘സെൽഫ് സർവിസ്’ എന്ന ആശയം കൊണ്ടുവന്നു. ഒരു തരത്തിൽ ഞാണിന്മേൽ കളിയായിരുന്നു അത്. കാരണം ലോകത്തിൽ വേറെ ആരും ആ സമയം ഇങ്ങനൊരു ആശയത്തെ പറ്റി ചിന്തിച്ചിരുന്നില്ല, അതിന്റെ ഫലം എന്താണെന്നും ആർക്കും അറിയില്ലായിരുന്നു. അങ്ങനെ “മക്‌ഡൊണാൾഡ് ബ്രദേഴ്‌സ്” എന്ന പേരിൽ 1948ൽ മക് സഹോദരർ സ്ഥാപനം നവീന ആശയങ്ങളോടെ തുറന്നു.

ആദ്യം ചെറിയ തോതിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ക്രമേണ ആളുകൾ ഈ രീതിയോട് പൊരുത്തപ്പെട്ടു തുടങ്ങി. പതിയെ മക്‌ഡൊണാൾഡ് വളരാൻ തുടങ്ങി. 1952ൽ സ്റ്റാൻലി ക്ലാർക്ക് മേസ്റ്റൻ എന്ന ആർക്കിടെക് നമ്മൾ ഇന്ന് കാണുന്ന സ്വർണ്ണ കമാന രൂപത്തിലുള്ള ഇംഗ്ലീഷ് അക്ഷരം M രൂപകല്പനചെയ്തു. “ഗോൾഡൻ ആർച്ചസ്” എന്നാണ് ഇവയെ പറയുന്നത്. ആകർഷണീയത തന്നെയാണ് പ്രഥമോദ്ദേശം. ആദ്യം രൂപകല്പന ചെയ്ത സമയത്ത്‌ ‘സ്പീഡി’ എന്ന പേരിൽ ഷെഫ് രൂപത്തിലെ ഒരു കഥാപാത്രവും ഗോൾഡൻ ആർച്ചസിൽ ഉണ്ടായിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ ഈ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നു.

1953ൽ ജനറൽ പെട്രോളിയത്തിലെ ജോലിക്കാരനായ നീൽ ഫോക്സ് അരിസോണയിൽ ആദ്യമായി മക്‌ഡൊണാൾഡിന്റെ ഒരു ഫ്രാഞ്ചസി തുടങ്ങി. അതേ വർഷം തന്നെ നീൽ ഫോക്സിന്റെ അളിയന്മാരായ വില്യം-ലാണ്ടൻ എന്നിവർ കാലിഫോർണിയയിൽ മക്‌ഡൊണാൾഡിന്റെ രണ്ടാമത്തെ ഫ്രാഞ്ചസി തുറന്നു. ഇന്നും പ്രവർത്തിക്കുന്ന മക്‌ഡൊണാൾഡിന്റെ ഏറ്റവും പഴയ ഫ്രാഞ്ചസിയാണിത്. ഇന്നും ലോകത്ത് സ്പീഡി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്ന ഒരേയൊരു മക്‌ഡൊണാൾഡ് ഫ്രാഞ്ചസിയാണിത്. കാലമെത്ര കടന്നുപോയാലും, ഇന്നത്തെ മക്‌ഡൊണാൾഡ് കമ്പനി എന്തു പറഞ്ഞാലും അവർക്കിഷ്ടമുണ്ടെങ്കിൽ മാത്രമേ ഈ ഫ്രാഞ്ചസി അനുസരിക്കുകയുള്ളൂ അതിനൊരു കാരണമുണ്ട്. അത് താഴെ പറയാം.

എന്നാൽ മക്‌ഡൊണാൾഡിന്റെ തലവര മാറിയത് 1954ലാണ്. അന്നാണ് റേ ക്രോക് എന്ന വ്യക്തി മക്‌ഡൊണാൾഡ് സന്ദർശിക്കുന്നത്. മിൽക്ക് ഷേക്കുകൾ നിർമ്മിക്കുന്ന യന്ത്രങ്ങളുടെ കച്ചവടക്കാരനായിരുന്നു റേ. മാക് സഹോദരന്മാർ തന്റടുക്കൽ നിന്നും വാങ്ങിയ എട്ട് മെഷീനുകളുടെ പ്രവർത്തനം വിലയിരുത്താനും മറ്റുമായാണ് അദ്ദേഹം മക്‌ഡൊണാൾഡ് സന്ദർശിച്ചത്. എന്നാൽ മക്‌ഡൊണാൾഡിന്റെ വളർച്ചയും തികച്ചും ലളിതവും എന്നാൽ വളരെ കാര്യപ്രാപ്തിയുള്ളതുമായ പ്രവർത്തനശൈലി വഴി വളരെ കുറഞ്ഞ വിലയ്ക്ക് ബർഗറും മറ്റും വിറ്റിരുന്ന മക്‌ഡൊണാൾഡിന്റെ പ്രവർത്തികൾ റേയിൽ ആശ്ചര്യമുളവാക്കി. ആകൃഷ്ടനായ റേ 1955ൽ മക്‌ഡൊണാൾഡിന്റെ ഒരു ഫ്രാഞ്ചസി ഇല്ലിനോയ്‌സിൽ തുറന്നു.

തുടർന്ന് റേ തന്റെ മക്‌ഡൊണാൾഡ് ശൃംഖല വിപുലപ്പെടുത്തുകയും ക്രമേണ മക്‌ഡൊണാൾഡ് കോർപറേഷൻ(McDonald Corporation) ആരംഭിക്കുകയും 1961ൽ തുടക്കക്കാരനായ McDonald Brothers നെ 2.7 മില്യൻ ഡോളറിന് വാങ്ങുകയും ചെയ്തു. മുൻപ് വില്യം-ലാണ്ടർ തുടങ്ങിയ മക്‌ഡൊണാൾഡിന്റെ രണ്ടാമത്തെ ഫ്രാഞ്ചസി ഇന്നത്തെ മക്ഡൊണാൾഡിൽ നിന്നും വ്യത്യസ്തവും, അനുസരിക്കേണ്ട ആവശ്യവും ഇല്ലെന്ന് പറഞ്ഞല്ലോ. അതിന്റെ കാരണം ഇന്ന് നിലനിൽക്കുന്ന മക്‌ഡൊണാൾഡ് ഔട്ലെറ്റുകളിൽ വച്ച് ഏറ്റവും പഴക്കമേറിയതും എന്നാൽ McDonald Brothers ൽ നിന്നും ഫ്രാഞ്ചസി അവകാശങ്ങൾ വാങ്ങിയ ഒരേയൊരു ഔട്ട്ലെറ്റ് ആണത്. McDonald Corporation നു അതിൽ യാതൊരു പങ്കുമില്ല.

ചരിഞ്ഞ മേശയും കോൺ ആകൃതിയിൽ കപ്പും ശരാശരിയിൽ കൂടുതൽ അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളും മക്‌ഡൊണാൾഡിന്റെ പ്രത്യേകകതയാണ്. കസ്റ്റമർ കൂടുതൽ നേരം അവിടെ ചിലവിടരുത് എന്നതാണ് ഉദ്ദേശം. മാത്രമല്ല കസ്റ്റമർ നേരിട്ട് പോയി ഓർഡർ ചെയ്യുന്ന ആശയവും ആദ്യമായി മുന്നോട്ട് വച്ചത് മക്‌ഡൊണാൾഡ് തന്നെ. അതു വഴി വൈറ്റർമാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. നേരത്തെ തയ്യാറാക്കിയ ബണ്ണും മറ്റും ഹീറ്റിങ് ലാമ്പിന്റെ താഴെവച്ചു ചൂടാക്കി കൊടുക്കുന്നത് വഴി സമയലാഭവും മക്‌ഡൊണാൾഡ് കൈവരിച്ചു. ഇന്നത്തെ പല പ്രമുഖ ബർഗർ കമ്പനികളും(Taco Bell , Burger King എന്നിവ ഉദാഹരണം) മക്‌ഡൊണാൾഡിന്റെ ഈ ആശയങ്ങൾ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ മക്‌ഡൊണാൾഡ് ചിലർക്ക് ഒരു പാഠപുസ്തകം കൂടിയാണ്.

മക്‌ഡൊണാൾഡിന്റെ മറ്റൊരു ആകർഷണീയതയാണ് അവിടുത്തെ കോമാളി. 1963 ലെ “മക്‌ഡൊണാൾഡ് ലാൻഡ്” എന്ന പരമ്പരയിലെ ഒരു കഥാപാത്രമാണത്. പേര് ‘റൊണാൾഡ് മക്‌ഡൊണാൾഡ്’. ഒരുപക്ഷേ മക്‌ഡൊണാൾഡിന്റെ മുഖഛായ തന്നെയാണ് കുട്ടികളുടെ പ്രിയങ്കരനായ ഈ കോമാളി. 1968ൽ മക്‌ഡൊണാൾഡ് തങ്ങളുടെ ആയിരാമത്തെ ഔട്ട്ലെറ്റ് തുറന്നു.. തുടർന്ന് വന്ന വർഷങ്ങളിൽ ബിഗ് മാക്, ചിക്കൻ നഗേറ്റ്‌സ്, ഫിഷ് ബർഗർ തുടങ്ങിയ മുന്നോട്ട് വച്ച് ഇന്ന് മുപ്പത്താറായിരത്തിലധികം ഔട്ലെറ്റുകലുള്ള ആഗോള ഭീമനായി മക്‌ഡൊണാൾഡ് വളർന്ന് പന്തലിച്ചിരിക്കുന്നു.

മക്‌ഡൊണാൾഡിന്റെ വലുപ്പം അറിയണമെങ്കിൽ ചുവടെയുള്ള ചില വസ്തുതകൾ കൂടി മനസിലാക്കുക :- 1. 2017ൽ മക്‌ഡൊണാൾഡിന്റെ വിറ്റുവരവ് ഓസ്‌ട്രേലിയൻ ജി.ഡി.പിയെക്കാൾ നാലിരട്ടി കൂടുതലായിരുന്നു. 2. അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടുന്ന ലോക ജനതയുടെ 1.3 ശതമാനത്തിന്റെ വയറു നിറയ്ക്കുന്നത് ഇന്നും മക്‌ഡൊണാൾഡാണ്. 3.ഒരു സമയത്ത്‌ മക്‌ഡൊണാൾഡ് ഔട്ലെറ്റുകളുള്ള രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകില്ല എന്ന ആശയത്തിൽ “Golden Arches theory of conflict prevention” എന്ന പ്രബന്ധം വരെ നിലനിന്നിരുന്നു.1999ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധവും, റഷ്യയുടെ ഉക്രൈൻ അധിനിവേശവും മറ്റും ഇതിന്റെ പ്രസക്തി നഷ്ടപ്പെടുത്തി.

4. കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി “റൊണാൾഡ്‌ മക്‌ഡൊണാൾഡ് ഹൗസ്സ്‌” എന്ന പേരിൽ സ്ഥാപനങ്ങൾ മക്‌ഡൊണാൾഡ് നടത്തുന്നുണ്ട്. 5. ചിക്കാഗോയിലെ ഇല്ലിനോയിസിൽ ഹാംബർഗർ യൂണിവേഴ്സിറ്റി എന്ന പേരിൽ ഹോട്ടൽ രീതികളും , പാചകവും ഐച്ഛിക വിഷയമാക്കിയ ഒരു സ്ഥാപനം മക്‌ഡൊണാൾഡിന്റെ ഉടമസ്ഥത്തിയിലുണ്ട്. 6. അമേരിക്കൻ ജനതയുടെ 80% ശതമാനം ജനങ്ങളും തങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മക്‌ഡൊണാൾഡിൽ ജോലി ചെയ്തവരായിരിക്കും എന്നാണ് പഠനങ്ങൾ..( ലോകത്തിൽ ഇന്നുള്ള ഏറ്റവും ധനികനും ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിന്റെ അധിപനുമായ ജെഫ് ബെസ്സോസ് , ഹോളിവുഡ് താരങ്ങളായ റേച്ചൽ മക്-ആഡംസ്,ജെയിംസ് ഫ്രാങ്കോ എന്നിവരും എന്തിനേറെ പറയുന്നു ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(പരസ്യത്തിൽ)വരെ മക്‌ഡൊണാൾഡിൽ ജോലി ചെയ്ത പ്രമുഖരിൽ ചിലർ മാത്രം).

7. ഡിക്ഷണറിയിലെ McDonaldisation / McJob തുടങ്ങിയ വാക്കുകൾ മക്‌ഡൊണാൾഡിന്റെ സംഭാവനയാണ്.(McDonaldisation-ലോകത്തിലെ ഫാസ്റ്ഫുഡ് വളർച്ചയെ കുറിക്കാൻ ഉപയോഗിക്കുന്നു. McJob- കുറഞ്ഞ വേതനത്തിൽ അധികം കഴിവ് വേണ്ടാത്ത ജോലികളെ കുറിക്കാൻ ഉപയോഗിക്കുന്ന വാക്ക്). 8. ഏതൊരു രാജ്യത്ത് പോയാലും മക്‌ഡൊണാൾഡ് അവരുടെ മുഖ്യ-മതത്തിനനുസരിച്ചു വിഭവങ്ങളിൽ മാറ്റം വരുത്താറുണ്ട്. ഉദാഹരണത്തിന് മക്‌ഡൊണാൾഡ് ഇന്ത്യയിൽ ബീഫ് ബർഗർ നിർമ്മിക്കാറില്ല, അതുപോലെ ജൂതന്മാരുടെ നാട്ടിൽ ‘കൊകോഷ്’ നിയമങ്ങൾ അനുസരിച്ചും മുസ്ലിം രാജ്യങ്ങളിൽ ‘ഹലാൽ’ അനുസരിച്ചുമാണ് വിഭവങ്ങൾ തയാറാക്കപ്പെടുന്നത്..

8. 1967ൽ നിർമിക്കപ്പെട്ട ‘ബിഗ് മാക്’ എന്ന ബർഗറാണ്‌ മക്‌ഡൊണാൾഡ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വിഭവം. ‘ജിം ഡെലിഗറ്റി’ കൈപുണ്യത്തിൽ വിരിഞ്ഞ ഈ ബർഗർ ഒരു വർഷം ലോകത്താകമാനം 900 ദശലക്ഷം എണ്ണം വിൽക്കുന്നുണ്ടെന്നാണ് കണക്ക് അതായത് ഒരു ദിവസം 2.5 ദശലക്ഷം എണ്ണം !!!! 9. ഡോൺ ഗോർസ്‌കെ എന്നയാളുടെ പേരിൽ തന്റെ ഇതു വരെയുള്ള ജീവിത കാലയളവിൽ 29,877 “ബിഗ് മാക്” എന്ന മക്‌ഡൊണാൾഡ് വിഭവം കഴിച്ചതിന്റെ പേരിൽ ഗിന്നസ് ലോക റെക്കോർഡ് നിലവിലുണ്ട്. 10. മക്‌ഡൊണാൾഡിന്റെ 2017ലെ വിറ്റുവരവ് 22.8 ബില്യൺ അമേരിക്കൻ ഡോളറാണ്.(ലാഭം 5.2 ബില്യൺ അമേരിക്കൻ ഡോളർ).

1996ലാണ് മക്‌ഡൊണാൾഡ് ഭാരതത്തിൽ തങ്ങളുടെ 95മത്തെ രാജ്യമായി കാലുകുത്തുന്നത്. രണ്ടു പാർട്ണർമാരും മക്‌ഡൊണാൾഡ് ഇന്ത്യയിൽ വ്യാപിക്കാൻ സഹായിച്ചു. വിക്രം ബക്ഷിയുടെ കോനോട്ട് പ്ലാസ റസ്റ്റോറന്റ് ലിമിറ്റഡിന്റെ(CPRL) നേതൃത്വത്തിൽ വടക്ക്-കിഴക്ക് ഭാഗങ്ങളിൽ മക്‌ഡൊണാൾഡ് പടർന്നപ്പോൾ അമിത് ജതിയയുടെ വെസ്റ്റ്ലൈഫ് ഡെവലപ്മെന്റ് എന്ന പേരിൽ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ മക്‌ഡൊണാൾഡ് പന്തലിച്ചു. പിന്നീട് CPRL ഫ്രാഞ്ചെസ്സി കരാർ ലംഘനം നടത്തിയെന്ന പേരിൽ അവരുമായുള്ള എല്ലാ ഇടപാടുകളും മക്‌ഡൊണാൾഡ് അവസാനിപ്പിക്കുകയും 169 ഔട്ലെറ്റുകൾ പ്രവർത്തനം നിർത്തുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും 22 വര്ഷത്തിനിപ്പുറം 2017-2018 കാലത്തിലാണ് മക്‌ഡൊണാൾഡ് ഇന്ത്യയിൽ ആദ്യമായി ലാഭമുണ്ടാക്കിയത്. അതും 65.2 ലക്ഷം രൂപ മാത്രം. എന്തുകൊണ്ടോ ഇന്ത്യയിൽ അത്രയ്ക്ക് മക്‌ഡൊണാൾഡ് പച്ചപിടിച്ചില്ല…

ഇതൊക്കെ അറിഞ്ഞിരിക്കുമ്പോൾ നമ്മുടെ മാൾ ഓഫ് ട്രാവൻകൂറിൽ മക്‌ഡൊണാൾഡ് വരുമ്പോൾ എങ്ങനെ പോകാതിരിക്കും? അമേരിക്കൻ ചിക്കൻ ചീസ് , ചിക്കൻ മഹാരാജ, ഷേക്കുകൾ, എസ്പ്രെസ് ബ്രൗണി, ഒരു കപ്പുചിനോ എന്നിവ വാങ്ങി. ബിഗ് മാക്ന്റെ ഇന്ത്യൻ രൂപമാണ് ‘മക്‌ഡൊണാൾഡ് മഹാരാജ.’ ബീഫിന് പകരം ചിക്കനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സംഭവം കൊള്ളാം. കഴിച്ചു ശീലിച്ചിട്ടില്ലാത്ത രുചി. മഹാരാജ – കപ്പുചിനോ കിടുക്കാച്ചി. നല്ല ജ്യൂസി ചിക്കൻ. ഈ രുചി എല്ലാപേർക്കും ഇഷ്ടപെടണമെന്നില്ല… എസ്പ്രെസ് ബ്രൗണി ഷേക്ക് ശോകമായിരുന്നു. ബാക്കി ഷേക്കുകൾ തരക്കേടില്ലെന്നു പറയാം.. നമ്മൾ ഭാരതീയർക്ക് ഈ ഉപ്പും പഞ്ചസാരയും മുളകുമൊന്നും ഇടാത്ത വിഭാവങ്ങളോട് വല്യ താത്പര്യമില്ലല്ലോ !! എന്തെങ്കിലും ഒരു ഫ്ലേവർ ഉണ്ടായിരുന്നെങ്കിൽ എന്നറിയാതെ ആശിച്ചുപോയി… മക്‌ഡൊണാൾഡ് അതൊരു പ്രതീകമാണ്.. വിധിയെ വെല്ലുവിളിച്ചു മുന്നേറാനുള്ള ഒരു ഉദാഹരണവും സ്വന്തം ആശയങ്ങൾ നിറവേറ്റാനുള്ള പ്രചോദനവും….