Site icon Lekshmi Nair: Celebrity, Culinary Expert

വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ പുഡ്ഡിംഗ്

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണല്ലോ പുഡ്ഡിംഗ്. ഭക്ഷണത്തിനു ശേഷം ഒരു പുഡ്ഡിംഗ് കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ! പുഡ്ഡിംഗുകൾ പലതരത്തിലുള്ളവയുണ്ട്. എന്നാൽ ഇത്തവണ നമുക്കൊരു മാഷ്‌മലോ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ? വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചികരമായ മാഷ്മലോ പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആദ്യം അതിനായി വേണ്ട ചേരുവകൾ താഴെ കൊടുക്കുന്നു.

ചേരുവകൾ : തണുത്ത വെള്ളം – 1/2 കപ്പ്, ജെലാറ്റിൻ – 1 1/2 ടേബിൾ സ്പൂൺ, തിളപ്പിച്ച വെള്ളം – 1/2 കപ്പ്, മുട്ടയുടെ വെള്ള – 4 എണ്ണം, പഞ്ചസാര പൊടിച്ചത് – 1 കപ്പ്, ഉപ്പ് – 1 നുള്ള്, വാനില എസ്സൻസ് – 1 ടീസ്പൂൺ.

ഒരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ ജെലാറ്റിൻ എടുത്ത് അരകപ്പ് തണുത്ത വെള്ളം ഒഴിച്ച് ഇളക്കി കുതിരാനായി വയ്ക്കുക (5–10 മിനിറ്റ്). ജെലാറ്റിൻ തയാറായ ശേഷം അതിലേക്ക് അര കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിനു ശേഷം നാലു മുട്ടയുടെ വെള്ള ഒരു ബൗളിലേക്ക് എടുത്ത് നന്നായി ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഇതേ സമയം തന്നെ ജെലാറ്റിൻ ഈ മുട്ടയുടെ മിക്സിലേക്ക് അൽപാൽപമായി ഒഴിച്ചു കൊടുത്ത് ഒരേ സമയം ബീറ്റ് ചെയ്യണം.

മുട്ട പതപ്പിക്കുന്ന പാത്രത്തിലോ അതിനായി ഉപയോഗിക്കുന്ന ഹാൻഡ് ബ്ലെൻഡറിലോ ജലത്തിന്റെ അംശം ഉണ്ടാകരുത്. അല്ലെങ്കിൽ മുട്ട നന്നായി പതഞ്ഞു വരില്ല. ജെലാറ്റിൻ മുട്ടയുടെ വെള്ളയുമായി നന്നായി യോജിച്ച ശേഷം ഒരു കപ്പ് പൊടിച്ച പഞ്ചസാര കുറേശ്ശേ വീതം ഈ മിക്സിലേക്കു ചേർത്തു വീണ്ടും ബീറ്റ് ചെയ്യണം. കൂടെ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ വാനില എസൻസും കൂടി ചേർത്തു വേണം ബീറ്റ് ചെയ്യാൻ.

ഈ മിക്സ് ആവശ്യത്തിന് കട്ടിയായ ശേഷം രണ്ടു ട്രേകളിലായി ഒഴിച്ചു വയ്ക്കുക. ഒന്നിൽ വൈറ്റ് പുഡിങ്ങും മറ്റൊന്നിൽ പിങ്ക് കളർ പുഡിങ്ങും ആണ് തയാറാക്കുന്നത്. പിങ്ക് കളർ പുഡിങ്ങ് തയാറാക്കുന്ന ട്രേയിൽ ആദ്യം ഒരു ലെയർ വൈറ്റ് മിക്സ് ഒഴിച്ച ശേഷം അതിനു മുകളിലായി അൽപം പിങ്ക് ഫുഡ് കളർ ചേർത്ത് ബീറ്റ് ചെയ്ത മിക്സ് ഒഴിച്ചു ഒരു സ്പൂൺ കൊണ്ട് ലെവൽ െചയ്തു കൊടുക്കുക. ശേഷം ഇവ ഫ്രീസറിൽ വയ്ക്കുക. അരമണിക്കൂറിനു ശേഷം ഇവ ഫ്രീസറിൽ നിന്ന് എടുത്ത് മുറിച്ച് ഉപയോഗിക്കാം. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മാഷ്മലോ പുഡ്ഡിങ് റെഡി. അപ്പോൾ എല്ലാവരും ഇതൊന്നു വീട്ടിൽ ട്രൈ ചെയ്തു നോക്കണേ. എന്നിട്ട് അഭിപ്രായങ്ങൾ എന്നെ അറിയിക്കുമല്ലോ അല്ലേ?

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.