Site icon Lekshmi Nair: Celebrity, Culinary Expert

വെറും പത്തു മിനിറ്റിനുള്ളിൽ ഒരു അടിപൊളി മുട്ട മസാല ബിരിയാണി

പ്രായഭേദമന്യേ ഒട്ടുമിക്കയാളുകൾക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി, എഗ്ഗ് ബിരിയാണി എന്നിങ്ങനെയൊക്കെ ബിരിയാണികൾ പലതരത്തിലുണ്ട്. നമ്മളിൽ കൂടുതലാളുകളും കഴിച്ചിട്ടുണ്ടാകുക ചിക്കൻ ബിരിയാണി തന്നെയായിരിക്കും. ചിക്കനും ബീഫുമൊന്നും കഴിക്കാത്ത നോൺവെജിറ്റേറിയൻ ആളുകൾക്ക് കഴിക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി.

അപ്പോൾ കാര്യത്തിലേക്ക് കടക്കാം. വളരെ എളുപ്പത്തിൽ, വെറും പത്തു മിനിറ്റ് കൊണ്ട് ഒരു മുട്ട മസാല ബിരിയാണി തയ്യാറാക്കി നോക്കിയാലോ? അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ആദ്യം അവ തയ്യാറാക്കി വെക്കുക. തക്കാളി – 2 എണ്ണം, സവാള – 3 എണ്ണം, ഓയിൽ (Refined Oil)- 3 ടേബിൾ സ്പൂൺ, പുഴുങ്ങിയ മുട്ട – 6 എണ്ണം, നെയ്യ് – 3 ടേബിൾ സ്പൂൺ, കറുവപ്പട്ട – 2 കഷണം, ഗ്രാമ്പൂ – മൂന്നോ നാലോ എണ്ണം, ഏലയ്ക്കായ – മൂന്നോ നാലോ എണ്ണം, ഉപ്പ് – 1/4 ടീ സ്പൂൺ + 1/4 ടീ സ്പൂൺ, മഞ്ഞള്‍പ്പൊടി – അര ടീസ്പൂൺ, കാശ്മീരി മുളകുപൊടി- ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ, പഞ്ചസാര – അര ടീ സ്പൂൺ, ബസ്മതി അരി – 7 കപ്പ്, റ്റൊമാറ്റൊ സോസ് – 1 ടേബിൾ സ്പൂൺ, മല്ലിയില, കറിവേപ്പില.

ഇനി ഈ പറഞ്ഞ ചേരുവകളെല്ലാം ഉപയോഗിച്ചുകൊണ്ട് മുട്ട മസാല ബിരിയാണി എങ്ങനെയാണു തയ്യാറാക്കേണ്ടതെന്ന് നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കുക. ചൂടായ പാനിലേക്ക് 3 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് ഒന്ന് ചെറുതായി മൊരിച്ച് എടുക്കുക. മുട്ട കോരി മാറ്റിയതിന് ശേഷം അതേ എണ്ണയിലേക്ക് 3 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക, എണ്ണയും നെയ്യും നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ എന്നിവ ചേർക്കാം. അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം.

നന്നായി ബ്രൗൺ നിറത്തിൽ വഴന്നു വന്ന സവാളയിലേക്ക് 1/2 ടീസ്പൂൺ മഞ്ഞള്‍പ്പൊടി , കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല ഗോള്‍ഡൻ നിറം ആകുന്നതു വരെ വഴറ്റിക്കൊടുക്കുക. വഴന്നുവന്ന സവാളയിലേക്ക് തക്കാളി 2 എണ്ണം മിക്സിയിൽ നന്നായി അരച്ചത് ചേർത്ത് കൊടുക്കുക , കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക . അതിലേക്ക്് വീണ്ടും 1/4 ടീസ്പൂൺ ഉപ്പ് കൂടി ചേർക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്ക് നേരത്തെ പുഴുങ്ങി മാറ്റി വച്ചിരിക്കുന്ന മുട്ടകള്‍ ഇടാം. ഇവ നന്നായി ഉടയാതെ ഇളക്കിച്ചേർക്കുക. അതിലേക്ക് 1/2 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കാം.

തയാറാക്കിയ എഗ്ഗ് മസ്സാലയിലേക്ക് 7 കപ്പ് ബസ്മതി അരി വേവിച്ചത് ( വെന്ത് ചൂട് പോയതിന് ശേഷം ) ഇട്ട് മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കാം. റൈസിലേക്ക് ആവി കയറുന്നതു വരെ ചെറുതായി ഇളക്കി കൊടുക്കുക. ആവി വന്ന ശേഷം എഗ് മസാലാ റൈസിലേക്ക് 1 ടേബിൾസ്പൂൺ ടൊമാറ്റൊ സോസ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. മല്ലിയില ചേർത്തു കൊടുത്ത് 5 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കാം. അതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ എഗ്ഗ് മസാല ബിരിയാണി ചൂടോടെ കഴിക്കാം. ഇത് തയ്യാറാക്കുന്ന വിധം വിശദമായി കണ്ടു മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

കണ്ടില്ലേ, എങ്ങനെയുണ്ട് സംഭവം? നിങ്ങൾ തീർച്ചയായും വീട്ടിൽ ഈ രുചികരമായ മുട്ടമസാല ബിരിയാണി ഒന്നുണ്ടാക്കി നോക്കണം. തീർച്ചയായും എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വീട്ടിൽ ആരെങ്കിലും അതിഥികൾ വരുന്ന ദിവസങ്ങളിൽ ചൂടോടെ വിളമ്പാവുന്ന ഒന്നാണ് ഈ മുട്ട മസാല ബിരിയാണി. ബിരിയാണിയോടൊപ്പം സലാഡും അച്ചാറും മാത്രം മതിയാകും. അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.