Site icon Lekshmi Nair: Celebrity, Culinary Expert

‘ആര്യനാടൻ ചിക്കൻ തോരൻ’ കഴിക്കുവാൻ ഹോട്ടൽ ശംഭു ശങ്കരനിലേക്ക്

എഴുത്ത് – Vishnu AS Pragati.

ആര്യനാട് – തിരുവനന്തപുരത്തു നിന്നും സുമാർ മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ സഹ്യ സാനുക്കളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. വടക്ക് തൊളിക്കോടും വിതുരയും തെക്ക് കുറ്റിച്ചലും പൂവച്ചലും പടിഞ്ഞാറ് ഉഴമലയ്ക്കലും വെള്ളനാടും കിഴക്കേഭാഗത്ത് വനവും അതിരുകാട്ടി മല്ലൻ തമ്പുരാനും കണ്ഠൻ ശാസ്താവും ചെമ്പകമംഗലം ശ്രീഭദ്രകാളിയും വാണരുളുന്ന ആര്യനാട്. പച്ചയുടെ പച്ചപ്പും നേരിന്റെ നന്മയും മാത്രമല്ല ഒരു പക്ഷേ കേരളത്തിലെ എല്ലാ ഭക്ഷണപ്രേമികളുടെയും നാവിൽ രുചിയുടെ പെരുമ്പറമേളം തീർക്കുന്ന “ആര്യനാടൻ ചിക്കൻ തോരന്റെയും” ഉത്ഭവം ഇവിടുന്നു തന്നെ.

അതിനു പിന്നിൽ ഒരു കഥയുണ്ട്. 1990 കാലഘട്ടത്തിൽ തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ “ഒഴിപ്പ്” എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യാജവാറ്റും, ചാരായ ഉത്പാദനവും നടന്നിരുന്ന സ്ഥലമായിരുന്നു ആര്യനാട്. അക്കാലത്ത് ഷാപ്പിലേക്കുള്ള ഒരു പ്രത്യേക വിഭവുമായി തങ്കപ്പൻ എന്ന മനുഷ്യന്റെ കൈപുണ്യത്തിൽ ഉടലെടുത്തതാണ് ചിക്കൻ തോരൻ. 1996ലെ ആന്റണി സർക്കാർ കാലത്തെ ചാരായ നിരോധനവും തുടർന്നുണ്ടായ വെടിവയ്പ്പ് സംഭവങ്ങളും കേരള ചരിത്രത്തിന്റെ ഒരേട് മാത്രം…

അതേ തങ്കപ്പനാശാന്റെ ഇന്നത്തെ കടയാണ് ശംഭു ശങ്കരൻ.. കടയ്ക്ക് ഏതാണ്ട് ഇരുപത്തിയാറ് വർഷത്തെ പഴക്കമുണ്ട്. മുൻപ് സന്ധ്യാ ഹോട്ടൽ എന്നായിരുന്നു പേര് പിന്നീട് ചെറുമക്കളായ ശംഭുവും ശങ്കരനും ജനിച്ചപ്പോൾ അവർക്കായി ഹോട്ടൽ ശംഭു ശങ്കരനെന്നു പുനർനാമം ചെയ്തു. ആര്യനാട് ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയ്ക്കകം ചെന്നിട്ട് ആരോടും ശംഭു ശങ്കരനിലേക്കുള്ള വഴി ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും. വിവരിക്കാൻ ബുദ്ധിമുട്ടാണ്.

അങ്ങനെ തപ്പിപിടിച്ചു ഞാനും ചെന്നെത്തി നമ്മുടെ ശംഭു ശങ്കരനിൽ. ഒരു ഇരുമുറി കെട്ടിടം. ഒരു മുറിയിൽ ഏതാണ്ട് പന്ത്രണ്ട് പേർക്കിരിക്കാം.അടുത്ത മുറി അടുക്കളയാണ്.. അവിടെ ഗിരിജാമ്മയുണ്ട്. തങ്കപ്പൻ മാമന്റെ ഭാര്യ.. കൂടെ പയറുമണിപോലെ ഓടി ചാടി നിൽക്കുന്ന അവരുടെ മകൾ സന്ധ്യ ചേച്ചിയും മരുമകൻ സതീശൻ ചേട്ടനും.. തോരന്റെ ഇൻ ചാർജ് ഗിരിജാമ്മയ്ക്കാണ്. വല്യ അണ്ടാവിലെ തോരൻ ആവശ്യാനുസരണം പ്ലേറ്റിൽ നിറയ്ക്കുന്നത് അമ്മയാണ്. പ്രായാധിക്യം കൊണ്ട് മൂപ്പിലാൻ(തങ്കപ്പനാശാൻ) പനി കാരണം കിടപ്പിൽലാണെന്നറിഞ്ഞു.

താഴെ വീട്ടിലെ മേശയിൽ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് സതീശൻ ചേട്ടൻ മേലോട്ട് കയറി. കുറച്ചു കഴിഞ്ഞപ്പോൾ നല്ല തൂശനിലയുമായി തിരിച്ചെത്തിയ അദ്ദേഹം അതിലേക്ക് പകർന്നത് മുല്ലപ്പൂ വെല്ലുന്ന തൂവെള്ള ചോറും നാരങ്ങാ അച്ചാറും ഒടൻകൊല്ലി മുളക് ചേർത്ത സലാഡുമായാണ്… കൂടെ നല്ല കൊഴ കൊഴായുള്ള കപ്പയും ഒഴിക്കാനായി ഗ്രേവിയും കൂടെ നമ്മുടെ ചിക്കൻ തോരനും കുറുകിയ കഞ്ഞിവെള്ളവും കൂടെയായപ്പോൾ “ന്റെ ദേവിയെ” ഒടുക്കത്തെ നാടൻ ടച്ച്. ഹോംലി ഫുഡ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

ചിക്കൻ തോരൻ, ഇജ്ജാതി കിടുക്കാച്ചി ഐറ്റം എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. നാടൻ കോഴിയിൽ ഉണ്ടാക്കിയ തനിനാടാൻ വിഭവം.. എരിവ് ഇത്തിരി ഹെവിയാണ് അതിനാൽ സൂക്ഷിച്ചും കണ്ടുമൊക്കെ കഴിക്കുക. ഗ്രേവിയൊഴിച്ച ചോറിൽ വെന്തുടഞ്ഞ ആ പായസം രൂപത്തിലെ കപ്പ ഞെരടി ചേർത്തു ഒരു കഷ്ണം ചിക്കൻ തോരനും അരപ്പും ചേർത്തൊരു പിടി പിടിക്കണം. അറജ്ജം പുറജ്ജം കിടുക്കാച്ചി.. എരിവ് മണ്ടയിൽ കയറും മുൻപ് കുറുകിയ ചൂട് കഞ്ഞി വെള്ളം കൂടെ… ശേഷം നാവ് വെളിയിലൊട്ടിട്ട് എരിവൊന്ന് ഊതി വിട്ടിട്ട് പറയണം… സബാഷ്. നിങ്ങൾ എന്തുതരം ഭക്ഷണം ഇഷ്ടപ്പെടുന്നവരുമാകട്ടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുത്തെ ചിക്കൻ തോരൻ കഴിച്ചിരിക്കണം. ലോലഹൃദയരുടെ കണ്ണിലെയും മൂക്കിലെയും ജലസംഭരണികൾ നിറഞ്ഞൊഴുകുമെങ്കിലും ഉള്ളിൽ അറിയാതെ “കിടുവേ” പറഞ്ഞുപോകും.

ആര്യനാടിലേക്കുള്ള യാത്രയിൽ കൂൺ പോലെ മുളച്ചുപൊന്തിയ അനേകം ഹോട്ടലുകളിൽ ചിക്കൻ തോരൻ ലഭ്യമാണെങ്കിലും അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഗിരിജാമ്മയുടെ മറുപടി കേൾക്കുക “ഇവിടെയാണ് മക്കളേ ആദ്യമായി തോരൻ തുടങ്ങിയത്. അതുകണ്ട് ഒരുപാട് പേർ തുടങ്ങി അതിലൊക്കെ സന്തോഷമേയുള്ളൂ. എന്നിരുന്നാലും നമ്മുടെ തോരൻ ഒരു തവണ കഴിച്ചവർ പിന്നെ നമ്മളെ വിട്ടു പോയിട്ടില്ല”. ഇതു പറയുമ്പോൾ ഗിരിജാമ്മയുടെ കണ്ണിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു മുഖത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ഒരു വിഭവത്തിന്റെ അമരക്കാരി എന്ന നിർവൃതിയും.

മനസ്സും വയറും നിറഞ്ഞു അധികമാരും കൊട്ടിഘോഷിക്കാത്ത ഈ ഹോട്ടലിൽ നിന്നും കൈ കഴുകി ഇറങ്ങാൻ നേരത്തു ഹോട്ടൽ വാതിൽ പടിയിൽ ആ മനുഷ്യൻ.. ” The one and only തങ്കപ്പനാശാൻ”. ഒരു പടം പിടിച്ചോട്ടെ എന്ന ചോദ്യത്തിന് അറ്റെൻഷനായി നിന്നു തരുകയും ചെയ്തു. ആമ്പിയൻസിന്റെ ‘ആ’ പോലുമില്ലെങ്കിലും സംതൃപ്തിയുടെ ഒരു ചെറുപുഞ്ചിരി ചുണ്ടിലും മനസ്സിലുമില്ലാതെ ഈ ഹോട്ടലിൽ നിന്നാരും പടിയിറങ്ങില്ല അതു ഡെഫിനിറ്റാ. ഉച്ചയ്ക്ക് 12 മുതൽ ഉദ്ദേശം 2 മണി വരെ മാത്രം പ്രവർത്തിക്കുന്ന ഒരു കുഞ്ഞ് ഹോട്ടലാണ് ശംഭു ശങ്കരൻ.. ആവശ്യക്കാർ സമയമറിഞ്ഞു പോവുക.