ഹലോ കൂട്ടുകാരെ, ഞാൻ നിങ്ങളുടെ സ്വന്തം ലക്ഷ്മി നായർ. നമ്മുടെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് തികച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ചാനലിന്റെ വളർച്ചയിൽ നിങ്ങളെല്ലാവരോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. ഇനിയും നമുക്ക് ഒന്നിച്ചുതന്നെ ഒരു കുടുംബത്തെപ്പോലെ മുന്നോട്ടു നീങ്ങാം.
ഒരു മില്യൺ തികച്ച സന്തോഷം ഞങ്ങൾ ഫാമിലിയുമായി തിരുവനന്തപുരത്തെ പ്രശസ്ത ഹിൽസ്റ്റേഷനായ പൊൻമുടിയിൽ വെച്ച് ചെറുതായി ആഘോഷിച്ചിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേകം പെർമിഷൻ എടുത്തായിരുന്നു പൊൻമുടിയിൽ ഞങ്ങൾ പോയത്. ഇതുകൂടാതെ ഈ ഒരു മില്യൺ സന്തോഷം കുറച്ചു പാവപ്പെട്ട ആളുകളോടൊപ്പം പങ്കുവെക്കുവാനും ഞാൻ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് കണിയാപുരത്തിനു സമീപത്തുള്ള (Andoorkonam, Pallipuram) അഭയതീരം എന്ന അഭയകേന്ദ്രത്തിലേക്ക് ഞാൻ ചെല്ലുന്നത്.
പ്രായമുള്ള, ആരോരുമില്ലാത്ത അച്ഛനമ്മമാരും, പിന്നെ ബുദ്ധിവികാസമില്ലാത്ത കുട്ടികളുമുള്ള ഒരു ഷെൽട്ടർ ഹോമാണ് അഭയതീരം. അവർക്കായി കുറച്ചു സമ്മാനങ്ങളും (അവ എന്തെന്നു പറയുന്നില്ല), അതോടൊപ്പം അന്നത്തെ ഉച്ചഭക്ഷണവും ആയിരുന്നു നമ്മുടെ ഒരു സന്തോഷത്തിനായി ഞാൻ തയ്യാറാക്കിയിരുന്നത്. ഭക്ഷണം ഇവിടെ നിന്നും ഉണ്ടാക്കി കൊണ്ടുപോകുന്നതിന് പകരം അവിടെയവിടെ ചെന്നിട്ട്, അവിടെ വെച്ചു തയ്യാറാക്കി നൽകുകയായിരുന്നു.
തലേദിവസം ഞാൻ അവിടെ ഒന്ന് സന്ദർശിക്കുകയും, അവിടത്തെ അന്തേവാസികളായ കുട്ടികൾക്കും അച്ഛനമ്മമാർക്കും ഇഷ്ടപ്പെട്ട ഭക്ഷണം എന്തെന്നുമൊക്കെ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗമാളുകളും ബിരിയാണി ആവശ്യപ്പെട്ടപ്പോൾ, പ്രായമുള്ള ചിലർക്ക് ചോറും കറികളുമായിരുന്നു താല്പര്യം. അങ്ങനെ അടുത്ത ദിവസം ഇവ രണ്ടും തയ്യാറാക്കി കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.
ഭക്ഷണത്തിനു മുൻപ് അവരുമായി കുറച്ചു സമയം ഞാൻ ചെലവഴിക്കുകയും ചെയ്തു. അവരിൽ ചിലർ എനിക്കായി പാട്ടുകൾ പാടി, ഡാൻസ് കളിച്ചു, വിശേഷങ്ങൾ പറഞ്ഞു.. അങ്ങനെയങ്ങനെ ജീവിതത്തിൽ ഇതേവരെ അനുഭവിക്കാത്ത തരത്തിലുള്ള കുറച്ചു നല്ല നിമിഷങ്ങൾ. അതിനുശേഷം എല്ലാവർക്കും ബിരിയാണിയും, ചോറും കറികളുമൊക്കെ ഞാൻ സ്നേഹത്തോടെ വിളമ്പിക്കൊടുക്കുകയും ചെയ്തു. അവർക്കെല്ലാം അത് വളരെ സന്തോഷം നൽകിയ കാര്യമായിരുന്നു.
ഭക്ഷണത്തിനു ശേഷവും കുറേസമയം അവരോടൊത്തു ചെലവഴിക്കുകയും, ഇനിയും വരുമെന്ന് ഉറപ്പു നൽകിയുമാണ് ഞാൻ അവിടെ നിന്നും തിരികെ വീട്ടിലേക്ക് യാത്രയായത്. തീർച്ചയായും ഈയൊരു പ്രാവശ്യം അവിടെ ചെന്നിട്ട് ഞാൻ ഇവരെ വിട്ടുപോകുന്നില്ല. അവർക്കാവശ്യമായ എല്ലാ സഹായവുമായി ഞാൻ ഇനി ഇവരോടൊപ്പം തന്നെയുണ്ടാകും. നിങ്ങൾക്കും ഇവരെ സഹായിക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും ബന്ധപ്പെടാം. ശുഭ (പ്രസിഡന്റ്, അഭയതീരം) – 9072447445, സുനിൽ (സെക്രട്ടറി, അഭയതീരം) – 9946751193.
ഇതെല്ലാം നിങ്ങൾക്കു മുന്നിൽ പറയുന്നതും കാണിക്കുന്നതുമെല്ലാം ഞാൻ ഇതൊക്കെ ചെയ്യുന്നുണ്ട് എന്നറിയിച്ച് ആളാകാനാണെന്ന് ദയവായി കരുതരുത്. ഒരു കൈകൊണ്ട് ചെയ്യുന്നത് മറുകൈ അറിയരുതെന്നു തന്നെയാണ് എൻ്റെ കാഴ്ചപ്പാടും. പക്ഷേ ഇങ്ങനെയും ചിലരൊക്കെ നമുക്കിടയിലുണ്ടെന്ന് എല്ലാവരും ഒന്നറിഞ്ഞിരിക്കണം, ഞാൻ ചെയ്തതുപോലെ മറ്റൊരാൾക്കും കൂടി ചെയ്യുവാൻ ഈ വീഡിയോയും ലേഖനവും കാരണമാകുമെന്നുള്ള വിശ്വാസമുള്ളതിനാലാണ് ഇത് ഇവിടെ ഷെയർ ചെയ്യുന്നത്.
നമ്മുടെ തിരക്കിട്ട ജീവിതത്തിനിടയിൽ എല്ലാവരും ഒന്നോർക്കണം, ഇതുപോലെ കുട്ടികളും, പ്രായമായവരുമടക്കം ധാരാളമാളുകൾ കേരളത്തിലുടനീളം പല സ്ഥാപനങ്ങളിലുമായി കഴിയുന്നുണ്ട്. അവയിൽ ചിലതൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ഇവരെ പരിപാലിക്കുന്നതും. അങ്ങനെയുള്ളവർക്ക് നമ്മളെപ്പോലുള്ളവരുടെ സഹായങ്ങൾ കൂടിയേ തീരൂ. അതുകൊണ്ട് തീർച്ചയായും ഇടയ്ക്കൊക്കെ ഇത്തരത്തിലുള്ളവർക്കായി നാം കുറച്ചു സമയവും, സഹായവും മാറ്റിവെക്കണം. ജീവിതം നമുക്ക് സന്തോഷിക്കാൻ മാത്രമല്ല, മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കൂടിയാണെന്നുള്ള തിരിച്ചറിവ് നാം ഓരോരുത്തരിലും ഉണ്ടാകട്ടെ.