Site icon Lekshmi Nair: Celebrity, Culinary Expert

ഒറ്റയ്ക്ക് കാറിൽ ഇന്ത്യ ചുറ്റാൻ ഒരു മലയാളി പെൺകുട്ടി

യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ചിലർക്ക് കൂട്ടുകാരുമൊത്തുള്ള യാത്രകളും, ചിലർക്ക് കുടുംബവുമൊത്തുള്ള യാത്രകളുമായിരിക്കും താല്പര്യം. എന്നാൽ മറ്റു ചിലരുണ്ട്, ഒറ്റയ്ക്കുള്ള (സോളോ) യാത്രകളായിരിക്കും ഇഷ്ടം. ഇത്തരത്തിലുള്ള യാത്രകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മറ്റൊന്നുമല്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ചു യാത്ര ചെയ്യാം, ആരെയും നോക്കേണ്ട കാര്യമില്ല.

ഓൾ ഇന്ത്യ ട്രിപ്പുകൾ ഇക്കാലത്ത് പലരും പോകാറുണ്ട്. എന്നാൽ ഒറ്റയ്ക്ക് കാറോടിച്ചുകൊണ്ട് ഇന്ത്യ ചുറ്റുവാനിറങ്ങിയിരിക്കുകയാണ് നിധി കുര്യൻ എന്ന പെൺകുട്ടി. ജോലിയോടൊപ്പം യാത്ര ഒരു പാഷനായി കൊണ്ടുനടക്കുന്ന നിധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു മുൻപ് പോയിട്ടുണ്ടെങ്കിലും, ഇത്രയും ദിവസം നീളുന്ന ഒരു സോളോ ട്രിപ്പ് ഇതാദ്യം.

കൊച്ചിയിൽ നിന്നും 2021 ഫെബ്രുവരി 7 നാണു നിധി തന്റെ യാത്ര തുടങ്ങിയത്. യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തതാകട്ടെ, ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റി പ്രശസ്തരായ വിജയൻ – മോഹന ദമ്പതിമാരും. കാറിൽ ഒറ്റയ്ക്കുള്ള യാത്ര. അതും രണ്ടു മാസത്തിലേറെ കാലയളവിൽ… അധികം സ്ത്രീകളാരും പരീക്ഷിക്കാത്ത ഒരു ഉദ്യമമാണിത്.

‘ദി ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ്’ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയുടെ റൂട്ട് : കൊച്ചിയിൽ നിന്നും സേലം, പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, ഗുണ്ടൂര്‍, വിജയവാഡ, വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍, കല്‍ക്കട്ട റൂട്ടിൽ സഞ്ചരിച്ച ശേഷം പിന്നീട് നിധിയുടെ കാർ ഹിമാലയ മേഖലയിലൂടെയായിരിക്കും കടന്നുപോകുക. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങൾ കറങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കണ്ണൂർ, തിരുവനന്തപുരം വഴി കന്യാകുമാരിയിലായിരിക്കും നിധിയുടെ പര്യടനം അവസാനിക്കുക.

രണ്ടു മാസത്തേക്കുള്ള യാത്രയിൽ വേണ്ടതെല്ലാം നിധി കാറിൽ ഒരുക്കിയിട്ടുണ്ട്. പുറമെ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുവാനായി ഒരു സ്ടൗവും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള മറ്റു സാമഗ്രികളും കരുതിയിട്ടുണ്ട്. ദിവസവും വൈകുന്നേരം 5.30 വരെയായിരിക്കും യാത്ര. അതുകഴിഞ്ഞാൽ സുരക്ഷിതമായി എവിടെയെങ്കിലും തങ്ങും. പോകുന്നയിടങ്ങളിലെ പരിചയക്കാരുടെ കൂടെയാണ് ഭൂരിഭാഗവും താമസം ഒരുക്കിയിരിക്കുന്നത്. അല്ലാത്ത സ്ഥലങ്ങളിൽ ഹോസ്റ്റൽ പോലുള്ള സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. കൂടാതെ കിടന്നുറങ്ങാന്‍ റോളിങ് ബെഡ്, അത്യാവശ്യം ഉപയോഗിക്കാന്‍ ടെന്‍റ് തുടങ്ങിയവയും വാഹനത്തിലുണ്ട്.

ഒരു മീഡിയയിൽ ജോലി ചെയ്യുന്ന നിധി രണ്ടു മാസത്തെ അവധിയെടുത്താണ് ഈ പര്യടനത്തിന് ഇറങ്ങിയിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ആവശ്യമായ പലതും നിധി വാഹനത്തിൽ കരുതിയിട്ടുണ്ട്. അതുപോലെതന്നെ നിധിയുടെ യാത്രക്ക് കേരള ടൂറിസം വകുപ്പിന്‍റെ സഹകരണവുമുണ്ട്. യാത്ര ചെയ്യുന്നയിടങ്ങളിൽ വിതരണം ചെയ്യുവാൻ മരവിത്തുകൾ അടങ്ങിയ പേനകളും ഒപ്പം കരുതിയിട്ടുണ്ട്.

ചാനൽ എഫ്.എം (Channel FM) എന്ന പേരിൽ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കാനായി ഒരു ഫേസ്‌ബുക്ക് പേജ്, യൂട്യൂബ് ചാനൽ തുടങ്ങിയവ നിധിയ്ക്കുണ്ട്. സ്ത്രീകൾക്കും ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ സാധിക്കും എന്ന തിരിച്ചറിവുകൾ ആളുകളിൽ ഉണ്ടാക്കുക എന്നതാണ് തൻ്റെ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് നിധി പറയുന്നു. നിധിയെപ്പോലെ ധാരാളം പെൺകുട്ടികൾ യാത്രകളിലേക്ക് കടന്നു വരട്ടെ. ഈ ട്രിപ്പ് അവർക്കൊരു പ്രചോദനമാകട്ടെ.

ഫോട്ടോകൾ – അരുൺ വിജയ്, പ്രശാന്ത് പറവൂർ.