Site icon Lekshmi Nair: Celebrity, Culinary Expert

നല്ല ഒന്നാംതരം വീട്ടിലെ ഊണ് ലഭിക്കുന്ന ശ്യാമളാമ്മച്ചിയുടെ കട

വിവരണം – Vishnu A S Pragati.

സ്നേഹപൂർവ്വം ശ്യാമളാമ്മച്ചി !! പുതുരുചിയിടങ്ങൾ തേടിയുള്ള യാത്രകൾ എപ്പോഴും മനസ്സിന് സംതൃപ്തി നൽകുന്നവയാണ് അത്തരം യാത്രകളിൽ പലപ്പോഴും കണ്ടെത്തുന്നത് എന്നെക്കാൾ പ്രായമുള്ള എന്നാൽ കൊട്ടിഘോഷിക്കപ്പെടാൻ ആരുമില്ലാത്ത ചില രുചിയിടങ്ങളിലേക്കാണ്.

ജീവിതത്തിന്റെ നല്ല പ്രായത്തിൽ വിധിയെന്ന നല്ല പണിക്കാരൻ ആലയിൽ ഊതികാച്ചിയ പ്രാരാബ്ദമെന്ന മാറപ്പുകൾ ചുമലിലേറ്റി സ്വന്തം കൈപ്പുണ്യത്തിൽ മാത്രം വിശ്വസിച്ചു പതിറ്റാണ്ടുകൾ അടുപ്പിലെ തീയോട് കുഴലൂതിയും പുകക്കറ പുരണ്ട ഭിത്തികളിൽ ജീവിതത്തിന്റെ നിറച്ചാർത്തു വരച്ചും ഇന്നും തോൽക്കാൻ മനസ്സില്ലാത്ത കുറേ ഒറ്റയാൾ പട്ടാളങ്ങൾ… സ്വജീവിതം അന്നമൂട്ടാനായി മാത്രം വിധിക്കപ്പെട്ട ചില ശിഥില ജന്മങ്ങൾ… അത്തരമൊരു യാത്രയിൽ കേട്ടറിഞ്ഞു പോയതാണ് ഒരു അമ്മച്ചിക്കടയിലേക്ക് – കുഴിയാലുമൂട് ശ്യാമളാമ്മച്ചിയുടെ കടയിലേക്ക്..

പട്ടത്ത് നിന്നും വരുമ്പോൾ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള വഴി ഏതാണ്ട് അരക്കിലോമീറ്റർ പോയാൽ പഴയ മാലി കോണ്സുലേറ്റിന് അടുത്തായി വലതു വശത്തായാണ് ശ്യാമളാമ്മച്ചിയുടെ കട. നല്ല ഒന്നാംതരം പക്കാ വീട്ടിലെ ഊണാണ് ഇവിടുത്തെ പ്രത്യേകത.

റോഡരുകിൽ സ്ഥലം ഉള്ളിടത്ത് ശകടം ശകലം പാർക്ക് ചെയ്ത ശേഷം മുന്നിലെ ബക്കറ്റിൽ കൈ കഴുകി നേരെ മുന്നിലെ ഇറയത്ത് നിൽക്കുന്ന ശ്യാമളാമ്മച്ചിക്കൊരു ചിരിയും പാസാക്കി വെറും 10 – 13 ഇരിപ്പിടങ്ങളുള്ള കടയിലേക്ക് കയറണം. ശ്രദ്ധിക്കുക ഊണിന്റെ സമയത്ത് നല്ല തിരക്കുള്ള കഥയാണ്. ചിലപ്പോൾ സീറ്റിനായി ഒന്ന് കാത്തുനിൽക്കേണ്ടി വരും..

ചെന്നിരുന്നാലുടനെ മേശ തുടച്ചു മുന്നിലേക്ക് തുമ്പപ്പൂ നാണിക്കുന്ന വെളുത്ത ചോറും, ബീൻസ് തോരനും, ഒടച്ചു കറിയും, പിന്നെ അത്യുജ്വലമായ പുളിഞ്ചിക അച്ചാറും ഒരു കിണ്ണത്തിൽ കിണ്ണം കാച്ചിയ മീൻ കറിയും, ഒരു കഷ്ണം മീൻ പൊരിച്ചതും.

കൂനകൂട്ടിയ ചോറിൽ കുഴികുത്തി ആദ്യം തന്നെ ആ കിടുക്കാച്ചി പരിപ്പ് ഇങ്ങു വാങ്ങുക.. കിണറ്റിലേക്ക് മണ്ണിടിച്ചിടും പോലെ പരിപ്പ് നിറഞ്ഞ കുഴിയിലേക്ക് ചോർ പതുക്കെ പതുക്കെ ഇടിച്ചിടുക എന്നിട്ട് മൊത്തത്തിൽ കുഴച്ച് പതം വരുത്തണം. കാലം നമ്മെ ‘തടിക്കാളയെപ്പോലെ” വളർത്തിയെങ്കിലും ഇതുപോലത്തെ ചില വിക്രിയകൾ അത് മനസ്സിൽ നിന്നും ബാല്യത്തെ ഒരിക്കലും പൊയ്പ്പോക്കില്ല..

പരിപ്പ് കുഴച്ച് പരുവം വന്ന ചോറിലേക്ക് ആ ചാളക്കറി മെല്ലെ മെല്ലെ ഒഴിക്കുക അതുംകൂടി ഒന്ന് പരുവമാക്കിയ ശേഷം അടർത്തിയെടുത്ത പൊരിച്ച മീൻ കഷ്ണവും ചേർത്ത് കഴിഞ്ഞ ഏതാനും നിമിഷങ്ങളാണ് എന്റെ കോപ്രായങ്ങൾ കണ്ട് ഉമിനീരിന്റെ വേലിയേറ്റം ചിറിയിൽ കൂടി ഒലിപ്പിക്കാതെ സൂക്ഷിക്കുന്ന അണ്ഡകടാഹം പോലുള്ള വായിലേക്ക് വച്ചു കൊടുക്കണം.

ശേഷം കണ്ണുകളടച്ചു കീഴ്ത്താടിയെല്ല് ചലിപ്പിച്ച് ഒരു കടിയിലും അമർന്നു വെളിവാകുന്ന ചൂട് ചോറിന്റെയും പരിപ്പിന്റെയും മീൻ കറിയുടെയും പൊരിച്ച മീനിന്റെയും രുചി അനുഭവിച്ചറിയണം. ഒരു ഇറക്ക് കഴിഞ്ഞാൽ നേരെ ആ പുളിഞ്ചിക അച്ചാർ നടുവിരലും മോതിരവിരലും കൊണ്ട് തോണ്ടിയെടുത്തു കഴിക്കണം.. ഒരു രക്ഷയില്ലാത്ത രുചി.. ഒരു പക്ഷേ ഞാൻ കഴിച്ചിട്ടുള്ള അച്ചാറുകളിൽ മികച്ചവയിൽ ഒന്ന്..

ചീന്തിയെടുത്ത് വൃത്തിയാക്കിയ തലഭാഗത്തെ മൊരിഞ്ഞു കരിഞ്ഞ മുള്ള് ഭാഗം പെരുവിരൽ കൊണ്ട് അമർത്തിപ്പൊടിച്ചു കഴിക്കണം.. അനുഭവിച്ചു തന്നെയറിയണം ആ അനുഭൂതി. എരിവ് മണ്ടയ്ക്ക് പിടിച്ചാൽ പിടിയില്ലാത്ത കുഞ്ഞു ജഗ്ഗിന്റെ കൊങ്ങ പിടിച്ചു ചരിച്ചാൽ നല്ല ഒന്നാംതരം കഞ്ഞിവെള്ളം കിട്ടും. ശ്രദ്ധിക്കുക എല്ലാ മേശപ്പുറത്തെയും ഒരു ജഗ്ഗിന് പിടിയില്ല,മൊബൈലും കുത്തിക്കൊണ്ട് പിടിയും നോക്കി കാലചക്രം പോലെ ജഗ്ഗ് കറക്കിക്കൊണ്ടിരുന്ന ഒരു ഹതഭാഗ്യവാനെ കണ്ട സ്മരണയിൽ പറഞ്ഞതാണ്.

ശേഷം വന്ന സാമ്പാറും പൊടി രസവും ശരാശരി നിലവാരം പുലർത്തിയപ്പോൾ ഇന്ത്യൻ ടീമിലെ സഞ്ജു സാംസണെപ്പോലെ തുടർച്ചയായി അവഗണിച്ച് അവസാനം കൂട്ടത്തിൽ കൂട്ടിയ പുളിശ്ശേരി അത്യുജ്വലമായ പ്രകടനം കാഴ്ച വച്ചു. തക്കാളിയും മറ്റു കിടുപിടികളും കൂട്ടത്തിൽ മറ്റു കടകളിൽ നിന്നും വിഭിന്നമായി കഷ്ണങ്ങളോട് കൂടിയ മീൻകറി കിടുക്കാച്ചി…

അളന്നു കുറിച്ചിട്ട അകത്തളമായതിനാലാകും എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ജീവനക്കാർ. പറയും മുൻപേ നമ്മുടെ മുന്നിൽ വിഭവങ്ങൾ തീരുന്ന പടി ചോദിച്ചു നിറയ്ക്കപ്പെടും, ഇടയ്ക്കിടയ്ക്ക് ഇറയത്ത് നിന്ന ശ്യാമളാമ്മച്ചി നിർദേശം കൊടുക്കുന്നുണ്ടായിരുന്നു “വയറ് നിറച്ചു കഴിപ്പിച്ചിട്ടേ വിടാവൂ…” ആ വാക്കുകൾ മാത്രം മതി പെരുവയറന്മാരുടെ കുംഭ നിറയ്ക്കാൻ. ഊട്ടാൻ വേണ്ടി മാത്രം ജന്മിച്ചെറിഞ്ഞ ചില ജന്മങ്ങൾ…

വായിൽക്കൊള്ളാതെ പേരും അലങ്കോലപ്പണികളും വയറു നിറയ്ക്കാത്ത ആമ്പിയൻസും ഒട്ടുമേയില്ലെങ്കിലും കഴിച്ചു കഴിഞ്ഞു പുറത്തെ ബക്കറ്റിൽ നിന്നും കൈ കഴുകി കഴിഞ്ഞാൽ സംതൃപ്തിയോടെ ഒരു അഡാർ ഏമ്പക്കം, അത് ഡെഫിനിറ്റാണ്.

ഊടും പാവുമേതുമില്ലാതെ 40 വർഷങ്ങൾക്ക് മുൻപാണ് ശ്യാമളാമ്മച്ചി ഇവിടൊരു കട തുടങ്ങുന്നത്. പിന്നെയൊരു ഒറ്റയാൾ പോരാട്ടമായിരുന്നു. ഇടയ്ക്ക് പ്രായമൊന്നു തളർത്തിയപ്പോൾ നാത്തൂനെ കടനടത്തിപ്പിനായി കൂടെക്കൂട്ടി പിന്നെയും കാലം ശരീരത്തെ ചുളുക്കിയും കരുവാളിപ്പിച്ചും തളർത്താൻ തുടങ്ങിയപ്പോൾ രണ്ട് ജീവനക്കാരെക്കൂടി വച്ചു.. കൂടെ മകനും കൂടെ കൂടിയപ്പോൾ പിന്നെയാകെയൊരു ഓളമായി.

ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ അമ്മച്ചി അധികം അടുക്കളയിൽ കയാറാറില്ല.. പകരം പണപ്പെട്ടി കൈകാര്യം ചെയ്യലാണ് പതിവ്. തിരിഞ്ഞു പോലും നോക്കിയില്ലെങ്കിലും കടയിലെ ഓരോ ഇരിപ്പിടങ്ങളും ആര് എന്ത് ഓർഡർ ചെയ്‌തെന്നും അവർക്ക് വേണ്ടതെന്നെന്നും അത് നടത്തിക്കും വരെ അലച്ചോണ്ടിരിക്കാനും അമ്മച്ചിക്ക് അപാര കഴിവാണ്. സ്ഥിരം ആൾക്കാരെ മുന്നേ ദിവസം കണ്ടില്ലെങ്കിൽ വഴക്ക് പറയും. ഒരു ആനപ്പാറയിലെ അച്ചാമ്മ സ്റ്റൈൽ…

ഊണിനു സാധാരണക്കാരിൽ സാധാരണക്കാർക്ക് അത്യധികം ഡിമാൻന്റുള്ള കടയാണിത്. ഉച്ച സമയത്ത്‌ യാതൊരു ഇണ്ടാസുമില്ലാതെ കയാറാമെന്നു കരുതിയാൽ ചിലപ്പോൾ കണക്കുകൂട്ടലുകൾ തെറ്റും.. വിയർപ്പിന്റെയും വിശപ്പിന്റെയും അസ്കിതിയുള്ള സാധാരണക്കാരുടെയും ഓട്ടോ അണ്ണന്മാരുടെയും കുമാരപുരം – മെഡിക്കൽ കോളേജ് ഭാഗത്തെ പോലീസ് ഏമാന്മാരുടെയും സ്ഥിരം സങ്കേതമാണ് അമ്മച്ചിയുടെ ഊണ് കട.. ഉച്ചയ്ക്ക് നല്ല തിരക്കാണ്. നല്ല ഒന്നാംതരം വീട്ടിലെ ഊണ്.. അതാണ് ഗ്യാരന്റി..

“നേടിയതെല്ലാം ഈ കട കൊണ്ടാണ്, ആണും പെണ്ണുമായി രണ്ടു മക്കൾ, അവരെ കെട്ടിച്ചു വിട്ടു. ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നു… എല്ലാം ഈ കട തന്നത്…” – ശ്യാമളാമ്മച്ചിയുടെ വാക്കുകൾ..

ചുമ്മാ ഇങ്ങനുള്ള സ്ഥലങ്ങളും കൂടി പോകണം. നാവിനെ ത്രസിപ്പിക്കുന്ന രുചി എന്നതിലുപരി വീട്ടിലെപ്പോലെ സ്വാഭാവിക രുചിയെന്തെന്നു മാത്രം കണ്ടറിഞ്ഞു വിളമ്പുന്ന അക്ഷിക്ക് മുന്നിലായിട്ടും കക്ഷിയെ കാണാതെ ചില രുചിയിടങ്ങൾ ഇപ്പോഴുമുണ്ട്. അറിയണം അറിയാതെ പോകരുത്. രാവിലെ ഏതാണ്ട് 7 മണി മുതൽ അമ്മച്ചിയുടെ കടയും കഥയുമുണ്ട്. ഉച്ചയ്ക്ക് 2 – 2.30 യോടെ ഉച്ചയൂണ് കഴിഞ്ഞാൽ പിന്നെ കടയില്ല. ലൊക്കേഷൻ : Kumarapuram Kannanmoola Rd, Kumarapuram, Thiruvananthapuram.