Site icon Lekshmi Nair: Celebrity, Culinary Expert

കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര

ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര നടത്താം.

എറണാകുളത്ത് എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബോട്ട് യാത്രയ്ക്കായി മിക്കവാറും പ്രൈവറ്റ് സർവ്വീസുകളെയാണ് ആശ്രയിക്കാറുള്ളത്. പാട്ടും മേളവുമായി കായൽ യാത്ര ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രൈവറ്റ് ബോട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് ജലഗതാഗത വകുപ്പിന്റെ (SWTD) ബോട്ട് സർവ്വീസുകൾ. എറണാകുളം, വൈപ്പിൻ, ഫോർട്ട്കൊച്ചി, വില്ലിങ്ടൻ ഐലൻഡ് എന്നിവിടങ്ങളിലേക്ക് ബോട്ടിൽ യാത്ര ചെയ്യുവാൻ വെറും നാലു രൂപയാണ് ടിക്കറ്റ് ചാർജ്ജ്. കൂടുതൽ വിശേഷങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

എറണാകുളത്തു നിന്നും ഐലൻഡ് വഴി ഫോർട്ട് കൊച്ചിയിലേക്ക് പോകുന്ന ബോട്ട് സർവ്വീസുകളിലാണ് യാത്രക്കാർ കൂടുതലും കയറുന്നത്. അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ആണെങ്കിൽ പറയുകയേ വേണ്ട. ടിക്കറ്റെടുക്കാൻ കൗണ്ടറിൽ നല്ല ക്യൂ ആയിരിക്കും. ഒരാൾക്ക് മൂന്നു ടിക്കറ്റുകൾ വീതമേ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കുകയുള്ളൂ. വലിയ ഗ്രൂപ്പായി വരുന്നവർ ഈ കണക്കനുസരിച്ച് കൂടുതലാളുകളായി നിന്നു ടിക്കറ്റെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടിക്കറ്റ് എടുത്തശേഷം വേഗം ബോട്ടിൽ കയറിപ്പറ്റുവാൻ നോക്കണം. എന്നാലേ സീറ്റ് കിട്ടുകയുള്ളൂ. എന്നുവെച്ച് അശ്രദ്ധമായി ബോട്ടിൽ കയറുവാൻ ശ്രമിക്കരുതേ.. ചെളിയുള്ള കായലാണ് പണി പാളും.

ബോട്ടിൽ കയറിയാൽ ഉടനെ അനുയോജ്യമായ സീറ്റ് പിടിക്കുക. യാതൊരു കാരണവശാലും ബോട്ടിന്റെ വാതിൽപ്പടിയിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യരുത്. അതുപോലെ തന്നെ ക്യാമറ, മൊബൈൽഫോൺ തുടങ്ങിയവ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും എടുക്കുന്നവർ ഈ സാധനങ്ങൾ പുറത്തേക്ക് വീണുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

എറണാകുളത്തു നിന്നും ഫോർട്ട്കൊച്ചിയിലേക്ക് പോകുമ്പോൾ ബോട്ടിന്റെ വലതു വശത്ത് വല്ലാർപാടം കണ്ടെയ്‌നർ ടെര്മിനലിന്റെയും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെയും കാഴ്ചയാണ് ആസ്വദിക്കുവാൻ സാധിക്കുന്നത്. ഇടതു വശത്താണെങ്കിൽ കൊച്ചി തുറമുഖം, വില്ലിങ്ടൻ ഐലൻഡിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസ് തുടങ്ങിയവയുടെ മനോഹര ദൃശ്യങ്ങളും കാണാം. ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തുന്ന കപ്പലും ചിലപ്പോൾ ഈ ഭാഗത്ത് (വാർഫിൽ) കാണാവുന്നതാണ്. നല്ല സൂം ഉള്ള ക്യാമറയാണെങ്കിൽ വ്യത്യസ്തങ്ങളായ തകർപ്പൻ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും.

ഫോർട്ട്കൊച്ചി ജെട്ടിയിൽ ഇറങ്ങിയതിനു ശേഷം കുറച്ചു ദൂരം നടന്നാൽ ബീച്ചും പരിസരവുമെല്ലാം കാണാം. ഫോർട്ട്കൊച്ചിയിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ബസ് സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ജെട്ടിയിൽ നിന്നും വൈപ്പിനിലേക്ക്‌ ബോട്ട് കയറാം. ഒരു ബാർജ്ജ് പോലെ തോന്നിക്കുന്ന വലിയ ബോട്ടിൽ 3 രൂപയാണ് ഒരാൾക്ക് ചാർജ്ജ്. ഈ ബോട്ട് കൂടാതെ വാഹനങ്ങൾ കയറ്റിക്കൊണ്ടു വൈപ്പിനിലേക്ക്‌ പോകുന്ന ജങ്കാറും (റോ-റോ) അവിടെ ലഭ്യമാണ്. വൈപ്പിനിൽ എത്തി കായൽക്കരയിലൂടെ കുറച്ചു ദൂരം പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നാൽ ഫോർട്ട്കൊച്ചി ബീച്ചിനു പാരലലായ സ്ഥലത്തെ കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കും. അങ്ങേയറ്റം വരെ പോകുകയാണെങ്കിൽ കടലിൽ ഇറങ്ങുന്നതിനു സൗകര്യമുണ്ട്.

ഇവിടെ ചെലവഴിച്ചതിനു ശേഷം ജങ്കാർ ജെട്ടിയുടെ അപ്പുറത്തുള്ള വൈപ്പിൻ SWTD ബോട്ട് ജെട്ടിയിൽ നിന്നും എറണാകുളത്തേക്ക് ബോട്ടിൽ യാത്ര തിരിക്കാം. എറണാകുളത്തേക്കുള്ള ബോട്ടുകൾ പുറപ്പെടുന്ന വൈപ്പിൻ ബോട്ട് ജെട്ടി പെട്ടെന്നു കാണില്ല. സംശയമുണ്ടെങ്കിൽ ആരോടെങ്കിലും ചോദിച്ചാൽ വഴി കാണിച്ചു തരും. വൈപ്പിൻ – എറണാകുളം ടിക്കറ്റ് ചാർജ്ജ് നാല് രൂപയാണ്. അങ്ങനെ മൊത്തം 4+3+4= 11 രൂപ. കണ്ടില്ലേ വെറും 11 രൂപയ്ക്ക് കൊച്ചി കായലിൽ മനോഹരമായൊരു ബോട്ട് യാത്ര ആസ്വദിക്കുവാൻ സാധിച്ചില്ലേ? ഇനി കൊച്ചിയിൽ വരുന്നവർ ഈ സർക്കിൾ ട്രിപ്പ് ഒന്നു പരീക്ഷിച്ചു നോക്കുക.