വിവരണം – Vishnu A S Pragati.
നല്ല നാടൻ വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളെന്നും നമ്മുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്നവയാണ്. അങ്ങനെ പുതിയ ഭക്ഷണശാലകൾ തേടിയുള്ള യാത്രയിൽ ഇത്തവണ ചെന്നെത്തിയത് ഇത്തിരി കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ്. ആ പേര് പോലും ഒരിക്കലും മറക്കില്ല, മനസ്സിൽ കൂടെ നിൽക്കും – സഖാവ് ഹോട്ടൽ.
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു നിന്നും 11 കിലോമീറ്റർ മാറിയാണ് നരുവാമൂടെന്ന പഞ്ചായത്ത്. ഇവിടെ നാടൻ കോഴി പിരട്ടിന്റെ തനിമ മേന്മകളൊട്ടും കുറയാതെ നമ്മുടെമുന്നിൽ അവതരിപ്പിക്കുന്ന സഖാവ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് 12.30 യോടെ പ്രവർത്തനമാരംഭിക്കുന്ന വെറും 9 ഇരിപ്പിടങ്ങളോട് കൂടിയ ഈ കുഞ്ഞു ഭക്ഷണശാലയിൽ ആലോചിച്ചു തലപുണ്ണാക്കാൻ അധികം വിഭവങ്ങളൊന്നുമില്ല. ചെന്നു കയറുക നല്ല കിണ്ണം കപ്പയും തനി നാടൻ ചിക്കൻ പിരട്ടും പറയുക. മതി..അത്രയും മതി.
മുന്നിൽ പ്ലേറ്റിലായി വാഴയില വിരിച്ചു ചിക്കൻ പിരട്ട് കൊണ്ടു വയ്ക്കുമ്പോൾ അന്തരീക്ഷത്തിൽ പരക്കുന്ന വെളിച്ചെണ്ണയുടെയും മസാലയുടെയും ഒരു മണമുണ്ട്. ഒരു രക്ഷയില്ലാത്ത ഗന്ധമാണ്. വിഭവങ്ങൾ നാവിലെത്തും മുൻപുതന്നെ കൊതിയൂറിപ്പിക്കുന്ന മണം. ആവി പറക്കുന്ന കപ്പയിൽ എല്ലിൽ നിന്നും വലിച്ചൂരിയ നാടൻ കോഴിയിറച്ചിയും ഒരല്പം തരിതരി പോലുള്ള അരപ്പും കൂട്ടി കിരുകിരാന്ന് കഴിക്കണം. സ്വയമ്പൻ.. നാവിൽ എരിവ് പിടിച്ചു തുടങ്ങിയെന്ന് തോന്നിയാൽ നല്ല ഇളം ചൂട് കരിങ്ങാലി വെള്ളം കൂടെ കുടിക്കണം. എരിവും ചൂടും! ആഹാ കിടുക്കാച്ചി.. നാവിന്റെയൊക്കെ ഒരവസ്ഥയേ…
കപ്പയെക്കുറച്ചു പറയാതെ വയ്യ.. നല്ല ആവി പറക്കുന്ന നല്ല സ്വയമ്പൻ കപ്പ. തോന്നിയ വേവുള്ള കപ്പ വാങ്ങി രണ്ടും മൂന്നും വെള്ളം ഊറ്റി കുളമാക്കിയ ഐറ്റമൊന്നുമല്ല. മലയോരപ്രദേശങ്ങളായ നെടുമങ്ങാട്, കാട്ടാക്കട പോലുള്ള സ്ഥലങ്ങളിൽ കിട്ടുന്ന നല്ല മാവുള്ള ചില മരിച്ചീനിയുണ്ട്. അതൊക്കെ ഊറ്റിയെടുക്കണം. കാണാൻ കട്ടിപോലെ തോന്നിയാലും കഴിച്ചു തുടങ്ങിയാൽ വെണ്ണ തോൽക്കുന്ന പരുവമാണ്. ഒരു കറിയുമില്ലെങ്കിലും ചുമ്മാ കഴിക്കാൻ പറ്റുന്നവ. അജ്‌ജാതി കപ്പയും നല്ല കിടുക്കാച്ചി കോഴി പിരട്ടും കൂടിയായലുണ്ടല്ലോ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല…
നല്ല ഒന്നാംതരം മസാല ചേർന്ന പിരട്ട് കൂടെ നല്ല കിടിലം കപ്പ. രണ്ടും കൂടെയാകുമ്പോൾ നാവിൽ സ്വാദിന്റെ പുതിയ മുദ്രാവാക്യങ്ങളേകാൻ മറ്റൊന്നും വേണ്ട. ആ കെട്ടികിടക്കുന്ന എണ്ണയ്ക്ക് പോലും എന്താ സ്വാദ്. പിന്നെ നാടൻ കോഴിയാണോയെന്നുള്ള സംശയം കഴിക്കുമ്പോൾ മാറിക്കോളും. നല്ല ഉറപ്പുള്ള എല്ലിൽ പറ്റിയ ഇറച്ചിയാണ്. വിരലിന് ബലമില്ലെങ്കിൽ കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടും. ചിലപ്പോൾ ഇറച്ചിക്കായി എല്ലുകൾ പല്ലുകൾകൊണ്ട് ക്രാവിയെടുക്കേണ്ടി വരും. പിന്നെ അകത്തുള്ള ചട്ടിയിൽ കോഴിപ്പിരട്ട് ഇളക്കുമ്പോൾ വരുന്നൊരു ഗന്ധമുണ്ട്. അത് ബോണസ്. വിലവിവരം : കപ്പ – 20 Rs, , നാടൻ കോഴി പിരട്ട് – 120 Rs (കാൽ കിലോ).
രണ്ട് വർഷങ്ങൾക്ക് മുൻപാണ് കല്യാണ പാചകകാരനായിരുന്ന രത്‌നാകരൻ മാമൻ പ്രായത്തിന്റെ അവശതകൾ കാരണം ഉറക്കമിളയ്ക്കാനും മറ്റും ബുദ്ധിമുട്ടുകൾ നേരിട്ടത്തിനെത്തുടർന്ന് നരുവാമൂട് ജംഗ്ഷനിൽ ഒരു കടമുറി വാടകയ്ക്കെടുത്തു ഈ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടൽ മേഖലയിൽ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളുവെങ്കിലും കൈപ്പുണ്യത്തിന്റെയും പാചകത്തിന്റെയും ലോകത്ത് ഇരുത്തം വന്ന വ്യക്തിയാണ് രത്‌നാകരൻ മാമൻ.
പിന്നെ ഈ ഹോട്ടലിരിക്കുന്ന സ്ഥലത്തിനും ഒരു പ്രത്യേകതയുണ്ട്. അതറിയാൻ കുറച്ചു കാലം പിന്നോട്ട് പോകണം. ചിലപ്പോൾ പ്രായമുള്ളവർക്ക് ഓർമ കാണും. 1992ൽ നടന്ന രാഷ്ട്രീയ സംഘട്ടനത്തിൽ ചെങ്കൊടിയേന്തിയ രണ്ടു പേർ രക്തസാക്ഷികളായ സ്ഥലമാണ് ഇപ്പോഴത്തെ സഖാവ് ഹോട്ടലിന് നേരെയെതിരെയുള്ള റോഡിന്റെ വശം. അന്ന് മരിച്ച ഒരാളുടെ സഹോദരന്റെ കടമുറിയാണ് ‘സഖാവ്’ കൂടിയായ രത്‌നാകരൻ മാമൻ വാടകയ്ക്ക് നാമിന്ന് കാണുന്ന ‘സഖാവ് ഹോട്ടലാക്കി’ മാറ്റിയിരിക്കുന്നത്.
കഴിക്കാൻ ഒരുപാട് വിഭവങ്ങളും ആമ്പിയൻസും മറ്റും നന്നേ കുറവാണെങ്കിലും രുചിയുടെ കാര്യത്തിൽ ഇവരെ വെല്ലാൻ ഇത്തിരി ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ആ കോഴിപ്പിരട്ടിന്റെ കാര്യത്തിൽ. അപ്പോൾ മറക്കണ്ട തിരുവനന്തപുരത്തിന്റെ നാടൻ കോഴിപ്പിരട്ടിന്റെ പ്രമാണിതത്തിലേക്ക് ഒരു നാമം കൂടി – സഖാവ് ഹോട്ടൽ. തിങ്കളാഴ്ച നല്ല ദിവസം പക്ഷേ അന്നാണ് അവധി ദിവസം. ഉച്ചയ്ക്ക് 12.30യോടെ പ്രവർത്തനമാരംഭിക്കുമെങ്കിലും വൈകുന്നേരങ്ങളിൽ പോകുന്നതാകും കൂടുതൽ ഉചിതം. കട അടയ്ക്കുന്നതിനു പ്രത്യേക സമയമൊന്നുമില്ല. വിഭവങ്ങൾ കഴിയുമ്പോൾ അടയ്ക്കും. അത്ര തന്നെ. ലൊക്കേഷൻ :- Saghavu Hotel Nala Nadan Perattu, Naruvamoodu, Kerala 695528, Phone – 09744575505.