Site icon Lekshmi Nair: Celebrity, Culinary Expert

വെറും രണ്ടാഴ്ച കൊണ്ട് വയർ കുറയ്ക്കുവാൻ ഞാൻ പരീക്ഷിച്ച ഒരു മാജിക്കൽ ഡ്രിങ്ക്

നമുക്കിടയിൽ ധാരാളമാളുകൾ വണ്ണം കൂടുതലാണ് എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തടി കൂടുന്നു എന്ന് പറയുമ്പോൾ നമ്മളെല്ലാവരും ഫോക്കസ് ചെയ്യുന്നത് വയറിൻ്റെ ഭാഗത്തെയാണ്. അതായത് കുടവയർ ചാടുന്നു എന്ന പരിഭവമായിരിക്കും പലർക്കും. വയർ കുറയ്ക്കുവാനായി പല മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. ചിലർ ഭക്ഷണം കുറച്ചു കഴിച്ചുകൊണ്ട് ഏതാണ്ട് പട്ടിണി കിടക്കുന്ന അവസ്ഥയിൽ വയർ കുറയ്ക്കുവാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതൊന്നും ശരിയായ വഴിയില്ലെന്ന് ഓർക്കുക. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ മരുന്നുകളുടേയും കൃത്രിമ മാര്‍ഗങ്ങളുടേയും പുറകേ പോകാതെ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഞാനും ഒരിടയ്ക്ക് വയർ കുറയ്ക്കുവാനായി എളുപ്പമാർഗം തേടി നടക്കുകയായിരുന്നു. ഒടുവിൽ ഞാൻ അതിനായി ഒരു എളുപ്പമാർഗം കണ്ടെത്തി. അത് ഞാൻ നിങ്ങൾക്കായി പങ്കുവെയ്ക്കാം. ഒരിക്കൽ Day in my life എന്നഒരു വീഡിയോ കുറച്ചു നാൾ മുൻപ് ഞാൻ ചെയ്തിരുന്നു. അതിൽ രാവിലെ ഉണർന്നു കഴിഞ്ഞാൽ എൻ്റെ ആദ്യത്തെ ഭക്ഷണം എന്ന നിലയിൽ വെറും വയറ്റിൽ ഒരു ഗ്ളാസ്സ് ജീരകവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞുചേർത്തായിരുന്നു കുടിച്ചു കാണിച്ചത്. ധാരാളമാളുകൾ ഇത് എന്തിനാണെന്ന് സംശയങ്ങൾ ചോദിക്കുകയുണ്ടായി. അവരിൽ മിക്കയാളുകൾക്കും ഞാൻ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അതിനു പിന്നിലെ കാരണം നിങ്ങളെല്ലാവർക്കുമായി ഞാൻ ഇവിടെ പങ്കുവെയ്ക്കുകയാണ്.

ഞാൻ എൻ്റെ വയർ കുറയ്ക്കുന്നതിനു വേണ്ടിയാണ് വെറും വയറ്റിൽ ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്തു കുടിക്കുന്നത്. ഇത് ഞാൻ എൻ്റെ ദൈനംദിനചര്യകളുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നിക്കാണും. ദിവസവും നാരങ്ങാനീര് കുടിച്ചാൽ അസിഡിറ്റി കൂടില്ലേ, വയറിനു നല്ലതാണോ എന്നൊക്കെ. അതിനുള്ള ഉത്തരം ഞാൻ പറയാം. നമ്മൾ ഈ വെള്ളത്തിനായി ഉപയോഗിക്കുന്ന ജീരകം സാധാരണ ജീരകമാണ് (cumin seed). ഈ ജീരകത്തിന് ഇഷ്ടംപോലെ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് വണ്ണം, ശരീരഭാരം കുറയ്ക്കുന്നതിന്റെ കാര്യത്തിൽ.

ജീരകത്തിൽ കലോറി വളരെ കുറവായതിനാൽ അതിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. കൂടാതെ നെഞ്ചെരിച്ചില്‍, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ഇതുകൊണ്ടാണ് ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്തു ദിവസേന കുടിച്ചാൽ അസിഡിറ്റി സാധ്യത ഇല്ലാതെ വരുന്നതും.

ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.

ജീരകം പോലെ നാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി നല്‍കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പുരുക്കാന്‍ ഇത് സഹായിക്കും. കൊഴുപ്പും ടോക്‌സിനുകളും നീക്കാനും നാരങ്ങ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

ഇനി എങ്ങനെയാണ് ഈ ജീരകവെള്ളം തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു ഗ്ളാസ്സ് വെള്ളം നന്നായി തിളപ്പിക്കുവാൻ വെക്കുക. വെള്ളം ചെറുതായി തിളയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരു ടീ സ്പൂൺ ജീരകം ഇട്ട് നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചതിനു ശേഷം ചൂട് ആറുവാനായി വെക്കുക. ഇനി വേണ്ടത് പകുതി നാരങ്ങയുടെ നീരാണ്. ഏകദേശം ഒന്നര ടീ സ്പൂണോളം വരുമിത്. ജീരകവെള്ളം ചെറുചൂടുള്ളതായി മാറിക്കഴിഞ്ഞാൽ അത് അരിച്ചെടുക്കണം. ഈ ചെറുചൂടുള്ള ജീരകവെള്ളത്തിലേക്ക് നാരങ്ങാനീര് ചേർത്ത് ഇളക്കുക. ഇത്രേയുള്ളൂ, വയർ കുറയ്ക്കാനുള്ള നമ്മുടെ മാജിക്കൽ ഡ്രിങ്ക് റെഡി.

ഈ ഡ്രിങ്ക് ദിവസേന രാവിലെ വെറുംവയറ്റിൽ കുടിക്കാം. ഈ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ വേണമെങ്കിൽ ചേർക്കാവുന്നതാണ്. പക്ഷേ ഇത് നിർബന്ധമില്ല. പിന്നെയൊരു കാര്യം ശ്രദ്ധിക്കുക, ഇത് കുടിച്ചു കഴിഞ്ഞാൽ അരമണിക്കൂർ നേരത്തേക്ക് ഭക്ഷണമൊന്നും കഴിക്കരുത്. അതിനുശേഷം നമ്മൾ സാധാരണയായി കഴിക്കുന്നത് എന്താണോ അവ കഴിക്കാവുന്നതാണ്. പിന്നെയൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് കറക്ട് അളവിൽ ചേരുവകൾ ചേർത്തായിരിക്കണം. അതുപോലെ വെറും വയറ്റിൽ കഴിച്ചാൽ മാത്രമേ നമ്മളുദ്ദേശിക്കുന്ന കാര്യമായ വയർ കുറയൽ നടക്കുകയുള്ളൂ.

ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ഏതാണ്ട് ഒരാഴ്ച കഴിയുമ്പോൾത്തന്നെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്തായാലും ഇത് വളരെ ഫലപ്രദമായ ഒരു കാര്യമാണ്. എൻ്റെ അനുഭവത്തിൽ നിന്നുമാണ് ഞാനിത് പറയുന്നത്. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറോട് ചോദിച്ചതിനു ശേഷം മാത്രമേ ഇത് കഴിക്കുന്നത് ശീലിക്കാവൂ.