Site icon Lekshmi Nair: Celebrity, Culinary Expert

രുചിയുടെ തലയെടുപ്പ് കൊണ്ട് വ്യത്യസ്തമായ കുളവിക്കോണം ചന്തു ഹോട്ടൽ

വിവരണം – Vishnu A S Pragati.

രുചിയിടങ്ങൾ തേടിയുള്ള അലച്ചിലനിടയിൽ നമ്മുടെ അനുഭവം കൊണ്ട് മറക്കാനാകാത്ത ചിലതുണ്ട്. ചിലപ്പോൾ രുചിയുടെ തലയെടുപ്പ് കൊണ്ടും മറ്റു ചിലപ്പോൾ വ്യത്യസ്തത കൊണ്ടും ഇനി അതുമല്ലെങ്കിൽ വിളമ്പുന്നതിനെക്കാൾ കൂടുതൽ ഊട്ടാനുള്ള ചിലരുടെ കാലം പഴക്കമേറ്റിയ നര വീണ വ്യഗ്രതും അതിനുള്ളിലെ സ്നേഹവും കരുതലും പിന്നെ ആഹാരത്തിനോടുള്ള നേരും നെറിയും കൊണ്ടാകും. അങ്ങനെ ഞാൻ കണ്ടിട്ടുള്ള ചുരുക്കം ചില ഭക്ഷണശാലകളിൽ ഒന്നാണ് കുളവിക്കോണം ചന്തു ഹോട്ടൽ.

നെടുമങ്ങാട് ചന്തമുക്ക് ജംഗ്ഷനിൽ നിന്നും വേണാട് ആശുപത്രി പോകുന്ന വഴിക്ക് മുമ്പേയാണ് കുളവിക്കോണം എന്ന സ്ഥലം. കുളവിക്കോണം ജംഗ്ഷനിൽ നിന്നും സുമാർ ഒരു 200 മീറ്റർ പോയാൽ വലതു വശത്തായാണ് ചന്തു ഹോട്ടൽ. ഹോട്ടൽ ഇതാണെങ്കിലും ഹോട്ടൽ കഴിഞ്ഞു ഒരു 10 മീറ്റർ മുന്പിലായി ക്രിസ്ത്യൻ പള്ളിയിലേക്ക് കയറുന്ന കുത്തനെയൊരു കയറ്റമുണ്ട്, ആ കയറ്റത്തിന്റെ ഏതാണ്ട് ഒടുവിലായി വലതു വശത്ത് ഒരു ഓലപ്പുര കാണാം.. അതാണ് ചന്തു ഹോട്ടലിന്റെ മൂലസ്ഥാനം..

നല്ല അത്യുജ്വലമായ നാടൻ ഊണാണ് കാലിടറുന്ന നാല് ഡെസ്കും കസേരകളും ഓലപ്പുരയുടെ ആമ്പിയൻസുമുള്ള ഈ രുചിയിടത്തിന്റെ ഓഫർ. നേരെ ചെന്നു കയറുക ഫാനും ഏസിയും ഒരു കുടചക്രവുമില്ലെങ്കിലും ലവലേശം ചൂടറിയാത്ത ഓലമാടത്തിനുള്ളിലെ കസേരയിൽ കാലുകൾ താളത്തിലാട്ടിലാട്ടിയൊരു ഊണ് പറയുക. പറയേണ്ട താമസം ക്ഷണനേരം വൈകാതെ കഴുകി ഈർപ്പം മാറാത്തൊരു വാഴയില മുന്നിലേക്ക് വീഴും പിന്നെയാണ് തൊടുകറികളും കിടുപിടികളും വരിവരിയായി വരുന്നത്..

കരിമ്പനയുടെ ഇളംകൂമ്പ് വാട്ടിപ്പിഴിഞ്ഞ നീരും ആട്ടിൻപാലും ചേർത്താണ് ആയുധമൂട്ടാൻ വടക്കൻ പാട്ടിലെ ചന്തു പെരുംകൊല്ലനോട് പറഞ്ഞതെങ്കിൽ നല്ല ഇരുത്തം വന്ന വീട്ടിലിട്ട അച്ചാറും അനല്പമായ രുചിപേറുന്ന ബീൻസ് തോരനും ചെറുപയറും ഏത്തയ്ക്കയും വിരൽ വണ്ണത്തിൽ അരിഞ്ഞിട്ട കാരറ്റും കൂടിച്ചേർന്ന് അസാധ്യ രുചിപേറുന്ന ഒടച്ചുകറിയും. പിന്നെ കൂട്ടിനായി നെടുമങ്ങാടിന്റെ സ്വന്തം ഉഗോഗ്രൻ മരിച്ചീനിയും നല്ല കിടുക്കാച്ചി മീൻകറിയും..

ഇത്രയും പേരെ ഇലയിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞാൽ മുല്ലമൊട്ടിനെ വെല്ലുന്ന വെണ്മയോട് കൂടിയ ആവി പറപ്പിക്കുന്ന ചോറിന്റെ വരവാണ്. കൂടെ പരിപ്പ് അരച്ചുണ്ടാക്കിയ നല്ല ഒന്നാംതരം പരിപ്പ്കറിയും. എല്ലാം പക്കാ വീട്ടിലുണ്ടാക്കിയ പോലത്തെ നിറവും മണവും കൊഴുപ്പും. മീനിന്റെ മുഷിടില്ലാതെ തിരുവനന്തപുരത്തുകാർക്ക് എന്ത് ഊണ്? വരട്ടെ. ചൂര ഒന്ന്.. പാര ഒന്ന്..

“സാധനം വാങ്ങിക്കുന്നതൊക്കെ കൊള്ളാം വല്ലതും മിച്ചം വച്ചാലാണ് ഇരിക്കണത്.” വിളമ്പിക്കൊണ്ടിരുന്നപ്പോൾ കടയുടെ ഉടമയായ ചന്തു മാമന്റെ ഉത്തരവ്. മിച്ചം വയ്ക്കരുതെന്ന്.. അതും എന്നോട്.

ചില ഹോട്ടലുകളിലെ പരിപ്പ് കറിയുണ്ട്. ചോർ കുഴികുത്തി ഒഴിച്ചാൽ നെയ്യാർ പോലെ ഒഴുകി പരക്കുന്ന ഒളപ്പാസ് പരിപ്പുകറി. അതിൽ നിന്നും നിന്നും തീർത്തും വ്യത്യസ്തമായി നല്ല കിടുക്കാച്ചി പരിപ്പുകറിയാണ് ഇവിടുത്തേത്. പരിപ്പുകറിയൊഴിച്ചു അറുമാദിച്ച ചോറിൽ പപ്പടം പൊട്ടിച്ചിട്ടു വെരവി തൊട്ടാൽ പൂഞ്ഞിങ്ങു പോരുന്ന ചൂരയുടെ ഒരു കഷ്ണവും ഉള്ളിൽ വച്ചു കഴിക്കണം. വെറും വിജ്രംഭിച്ച കിടുക്കാച്ചി.

ചൂടിൽ അലഞ്ഞു തിരിഞ്ഞ് പൈദാഹങ്ങളോടെ വയറ് കാഞ്ഞു തുടങ്ങുന്ന നേരം ചെറുചൂടോടെ ഇവിടുത്തെ ഊണും ഉപ്പിട്ട കഞ്ഞി വെള്ളവും വേറെ ലെവലാണ്. പറഞ്ഞറിയിക്കാൻ വയ്യ. ശേഷം വന്ന സാമ്പാർ അത്യുഗ്രൻ, അനിതരസാധാരണമായ രുചിയോട് കൂടിയ പുളിശ്ശേരി, കിണ്ണം കാച്ചിയ രസം, ഉഗ്രൻ മോര് എന്നിങ്ങനെ ഓരോന്നിന്റെ ഒപ്പവും ആദ്യം വാങ്ങിയ അതേ അളവിൽ ചോറ്.. പക അത് വീട്ടാനുള്ളതാണ്.

ഏറ്റവും ഒടുവിൽ കഴിച്ച ഇലയിൽ തന്നെ വെന്തുടഞ്ഞ ആ കിടിലം മരിച്ചീനിയിൽ തക്കാളിയും പച്ചമാങ്ങയും തേങ്ങയും അരച്ച അപ്രാപ്യ രുചിയോട് കൂടിയുള്ള മീൻ കറി ഒഴിച്ചു കുഴച്ചു കഴിക്കണം. ആ ഒരൊറ്റ കഷ്ണം മീനിന്റെ രുചി വെറും അത്യുജ്വലം. മീൻ കറിയുടെ ഇടയിൽ കിട്ടിയ തക്കാളിയും അത്യപൂർവ്വമായി കിട്ടുന്ന പച്ചമാങ്ങയും എന്താ രുചി.. വെറും കിടിലം.

പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ അർദ്ധചന്ദ്രാകൃതിയിൽ കളം വരച്ചു പൊട്ടും പൊടിയും വടിച്ചു ഇല വൃത്തിയാക്കിയ ശേഷം മിച്ചം വന്ന കഞ്ഞിവെള്ളം കുടിച്ചോണ്ട് തകർപ്പനൊരു ഏമ്പക്കം.. ആഹാ.. അന്തസ്സ്… വയറും മനസ്സും നിറച്ചൊരു ഊണും കഴിഞ്ഞ് ഇല മുന്നിലോട്ട് മടക്കിയെടുത്ത് കൈകഴുകി വന്നപ്പോഴാണ് കടയുടെ നടയിൽ നാരങ്ങാ മുട്ടായി കണ്ടത്.. വിട്ടില്ല, വാങ്ങി അതും ഒരു പത്തെണ്ണം. ഊണു കഴിച്ചു വയറ് നിറഞ്ഞാൽ ആ കിക്കൊന്നു മാറാൻ ഒരൽപ്പം മധുരം അതൊരു നിർബന്ധമാണ്.

വീട്ടിലെ ഊണെന്നൊക്കെ പറഞ്ഞാൽ പക്കാ വീട്ടിലെ ഊണും രുചിയും .. വലിയ വലിയ ഹോട്ടലിൽ പോയാലും ഈ രുചി കിട്ടുമോയെന്ന കാര്യം തുലോം സംശയമാണ്. സത്യം… ചന്തു ചതിച്ചില്ല. വിലവിവരം : ഊണ് + മീൻ കറി + മീൻ പൊരിച്ചത് – 90 Rs, എക്സ്ട്രാ മീൻ പൊരിച്ചത് 30 Rs.

സപ്തതിയുടെ നിറവിൽ നിൽക്കുന്ന ചന്ദ്രസേനൻ നായർ അഥവാ ചന്തു മാമനാണ് ചന്തു ഹോട്ടലിന്റെ അമരക്കാരൻ. ഏതാണ്ട് 20 വർഷത്തോളമായി ഈ കട നടത്തിക്കൊണ്ട് പോകുന്നു. ആദ്യ കാലങ്ങളിൽ കുറച്ചു കച്ചവടങ്ങളും ‘അൽഗുൽത്ത്’ പരിപാടികളുമായാണ് മുന്നോട്ട് പോയതെങ്കിലും പിന്നീട് ഒരു ഭക്ഷണശാലയിലേക്ക് ജീവിതം വഴിമാറ്റി വിടുകയായിരുന്നു ചന്തു മാമൻ. മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലാക്കി, അവർക്കൊക്കെ ജോലിയും ലഭിച്ചു. എന്നിരുന്നാലും ഒരു ബോഞ്ചി വെള്ളത്തിന് പോലും ആരുടെയും മുന്നിൽ കൈനീട്ടാൻ വയ്യെന്ന കാർക്കശ്യമാണ് എപ്പോഴും ചന്തു ഹോട്ടലിന്റെ നിലനിൽപ്പിന്റെ ആധാരം.

കടയിലേക്കുള്ള വിഭവങ്ങളെല്ലാം ഉണ്ടാക്കുന്നത് തൊട്ടടുത്തുള്ള വീട്ടിൽ തന്നെയാണ്. വിളമ്പും മറ്റ് കാര്യവട്ടങ്ങളെല്ലാം ചന്തു മാമന്റെ നേതൃത്വത്തിലാണ്. ഈ പ്രായത്തിലും എന്താ ഊർജ്ജസ്വലത. മീൻ രാവിലെ നെടുമങ്ങാട് ചന്തയിൽ നിന്നും വാങ്ങും നല്ലത് കിട്ടിയില്ലെങ്കിൽ മാത്രം അപൂർവ്വമായി ബീഫും ഉണ്ടാക്കാറുണ്ട്..

ആഹാരം വിളമ്പുക എന്നതിലുപരി അത് ഊട്ടുക എന്നതിനും മുൻഗണന കൊടുക്കുന്ന വ്യക്തിയാണ് ചന്തു മാമൻ. നിറഞ്ഞ ചിരിയോടെയാണ് വിളമ്പ്. പക്ഷെ ഒറ്റ നിബന്ധന ഇലയിൽ വാങ്ങിയത് കഴിക്കാതെ എഴുന്നേൽക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ കണ്ണുപൊട്ടുന്ന വഴക്ക് പറയും. അതിപ്പോൾ പ്രായം കൊണ്ടായാലും സ്ഥാനം കൊണ്ടായാലും എത്ര വലിയവനായാലും ശെരി.

അതൊക്കെ ഒരു തരത്തിൽ സ്നേഹമാണ്. വിളമ്പുന്ന അന്നത്തിനോടുള്ള സ്നേഹം. ഇങ്ങനെ സ്നേഹിക്കുന്നവരും നമുക്കിടയിലുണ്ട്. അറിയണം അറിയാതെ പോകരുത്. അതൊക്കെ കൊണ്ടാകും നാട്ടുകാരും ചന്തയിൽ കച്ചവടത്തിന് വരുന്നവരും നെടുമങ്ങാട് ഗവർണമെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥവൃന്ദവും കൂട്ടരുമായി പറയാൻ ആരുമില്ലാത്ത ഈ ഓല മാടത്തിലെ രുചി തേടി വരുന്നത്. അറിയണം, അറിഞ്ഞേ പറ്റൂ.

നല്ല ഒന്നാംതരം ഊണ്. അത് ചന്തു ചതിക്കാതെ വിളമ്പും. അത് ഡെഫിനിറ്റാ. താഴെ കൂടുതൽ സൗകര്യങ്ങളോടെ, അതേ വിഭവങ്ങളോടെ ചന്തു ഹോട്ടൽ ഉണ്ടെങ്കിലും ഈ ഓലപ്പുരയിലിരുന്നു കഴിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്. ഉച്ചയ്ക്ക് 12.00 – 12.30 യോടെ ഊണ് തുടങ്ങും. ചോർ തീരുമ്പോൾ നിർത്തും. അത്ര തന്നെ.