Site icon Lekshmi Nair: Celebrity, Culinary Expert

കിഴക്കൻ തട്ടുകട – തിരുവനന്തപുരത്തെ ഒരു കിടിലൻ രുചിയിടം

വിവരണം – ‎Praveen Shanmugam‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ.

Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ തനതായ രുചിയിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അങ്ങോട്ട് പോയി. കഴിച്ചത് മരിച്ചിനി – ₹ 20, പെറോട്ട – ₹ 7, രസവട – ₹ 7, നാടൻ ചിക്കൻ പെരട്ട് – ₹ 130, പന്നിത്തോരൻ – ₹ 120, ബീഫ് റോസ്റ്റ് – ₹ 90.

ചിക്കൻ പെരട്ടിന്റെ രുചി ആലോചിക്കുമ്പോൾ ഇപ്പോഴും വായിൽ രുചി നിറഞ്ഞ് ഒഴുകുകയാണ്. ബീഫ് പ്രിയനാണെങ്കിൽ ഇവിടത്തെ ബീഫ് റോസ്റ്റിന്റെ രുചി അറിഞ്ഞിരിക്കണം. കല്ലാമം എന്ന സ്ഥലത്ത് നിന്ന് കൊണ്ടു വന്ന പന്നിത്തോരനും പൊളിച്ചു. മരിച്ചീനിയും പെറോട്ടയുമെല്ലാം അടിപൊളി. രസവട സൂപ്പർ. എല്ലാം കൊണ്ടും കിടുക്കി. വേണമെങ്കിൽ ഇരുന്ന് കഴിക്കാം.

ഇപ്പോൾ കോവിഡ് കാലമാണല്ലോ. ഇതിൽ ഏറ്റവും കൂടുതൽ ‘പണി’ കിട്ടിയത് നിത്യവൃത്തിക്ക് ജോലി നോക്കുന്ന തൊഴിലാളികൾക്കാണ്. അതിൽ ഹോട്ടലുകാരും വരും. ഇവിടെത്തന്നെ മുൻപത്തേക്കാൾ പകുതി കച്ചവടമാണ് നടക്കുന്നത്. ഇവിടത്തെ രുചി അന്വേഷിച്ച് ഭക്ഷണപ്രേമികൾ ഇപ്പോഴും എത്തുമെന്നുള്ള വിശ്വാസം അഥവാ പ്രത്യാശ കൊണ്ടും വർഷങ്ങളായുള്ള ആത്മബന്ധം കൊണ്ടുമാണ് കടയിലെ മറ്റ് സ്റ്റാഫുകൾ കണ്ണൻ ചേട്ടനെ വിട്ട് പോകാതെ ഇപ്പോഴും ഇവിടെ നില്ക്കുന്നത്.

ജഗതി സ്വദേശിയായ രാജൻ നായർ എന്ന കണ്ണൻ ചേട്ടൻ, കടയും കടയോട് ചേർന്നുള്ള വീടും വാടകയ്ക്കായാണ് ഇവിടെ കഴിയുന്നത്. 16 പേർക്ക് മുൻപ് ഇരിക്കാൻ സാധ്യമായിരുന്ന ചെറിയ കടയാണ്. 2008 ൽ തുടങ്ങിയ രുചിയുടെ ഈ തേരോട്ടം നിർത്താതെ മുന്നോട്ട് കുതിക്കട്ടെ.