Site icon Lekshmi Nair: Celebrity, Culinary Expert

ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ

എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൻ’, സംഭവം നമ്മുടെ അയൽവക്കത്ത് ചെന്നൈ നഗരത്തിലാണ്.

കൊൽക്കത്തയിൽ തുടക്കം കുറിച്ച ഈ റെസ്റ്റോറന്റ് ചെയിൻ ചെന്നൈയിൽ ആരംഭിക്കുന്നത് 2014 മാർച്ച് മാസത്തിലാണ്. ജയിലുകളുടെ പോലത്തെ കവാടമാണ് കൈദി കിച്ചണിലേക്ക് കയറുമ്പോൾത്തന്നെ ആശ്ചര്യമുളവാക്കുന്നത്. അതുപോലെതന്നെ ജയിൽ മുറികളുടേതിനു സമാനമായ രീതിയിലാണ് ഇവിടെ ഭക്ഷണം കഴിക്കുന്നതിനുള്ള മുറികൾ ഒരുക്കിയിരിക്കുന്നത്. ഈ മുറികളിൽ മേശയും കസേരയുമെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറത്തായി വിശാലമായ ഡൈനിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്.

സെല്ലിൽ കയറി ഇരുന്നുകഴിഞ്ഞാൽ ഓർഡർ എടുക്കുവാൻ വരുന്നത് പോലീസ് ഉദ്യോഗസ്ഥന്മാരായിരിക്കും. അയ്യോ ശരിക്കും പോലീസ് അല്ല കെട്ടോ, അതുപോലെ വേഷം ധരിച്ചവർ. വെജിറ്റേറിയൻ റെസ്റ്റോറന്റായ ഇവിടെ നോർത്ത് ഇന്ത്യൻ, മെക്സിക്കൻ, ഇറ്റാലിയൻ, മംഗോളിയൻ, ചൈനീസ്, ലെബനീസ്, തായ് വിഭവങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഓർഡർ എടുത്തു കഴിഞ്ഞു എല്ലാം തയ്യാറായിക്കഴിഞ്ഞാൽ ഭക്ഷണം സെർവ് ചെയ്യുന്നത് ജയിൽപ്പുള്ളികളായിരിക്കും. അതായത് അവരെപ്പോലെ വേഷം ധരിച്ചവർ.

നാടൻ ഭക്ഷണം മാത്രം കഴിച്ചു ശീലിച്ചവർക്ക് കൈദി കിച്ചൻ ചിലപ്പോൾ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. നോർത്ത് ഇന്ത്യൻ – വെസ്റ്റേൺ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഇവിടത്തെ ഫുഡ് ഓക്കെയായിരിക്കും. അല്ലാത്തവർക്ക് ചിലപ്പോൾ രുചി പിടിച്ചെന്നു വരില്ല. എങ്കിലും ഇവിടേക്ക് പ്രധാനമായും ആളുകൾ വരുന്നത് ഭക്ഷണത്തിന്റെ രുചിയറിയുവാൻ അല്ല, മറിച്ച് വ്യത്യസ്തമായ ഇത്തരം ഒരു ജയിൽ അന്തരീക്ഷത്തിൽ ചെലവഴിക്കുവാനും ഫോട്ടോസ് എടുക്കുവാനും ഒക്കെയാണ്. കൂട്ടത്തിൽ ഫുഡും കഴിക്കുന്നു എന്നുമാത്രം. വ്യത്യസ്തമായ ഭക്ഷണത്തിനു പുറമെ വിവിധ തരാം പാനീയങ്ങളും കൈദി കിച്ചണിൽ ലഭ്യമാണ്.

ചെന്നൈയിലെ മൈലാപ്പൂരിൽ Bishop Wallers Avenue East ലാണ് വ്യത്യസ്തമായ ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വരുന്നവർക്ക് തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3.30 വരെയും രാത്രി 7 മുതൽ 10.30 വരെയുമാണ് ഈ ജയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത്. സംഭവം മൊത്തത്തിൽ വ്യത്യസ്തമായ അനുഭവങ്ങൾ നല്കുമെന്നതിനാൽ ഇവിടെ ഭക്ഷണങ്ങൾക്ക് അൽപ്പം വില കൂടുതലാണ്. 1000 -1500 രൂപയുണ്ടെങ്കിലേ ഇവിടെ രണ്ടുപേർക്ക് അത്യാവശ്യം നല്ല രീതിയിൽ ഭക്ഷണം കഴിക്കുവാനാകൂ. ഭക്ഷണം കഴിക്കുക മാത്രമല്ല ചെറിയ പാർട്ടികൾ വേണമെങ്കിൽ ഇവിടെ സംഘടിപ്പിക്കാവുന്നതുമാണ്. ഇതിനായി നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്.

ഇപ്പോൾ ചെന്നൈയിൽ ഉള്ളവർക്കും ഇനി എപ്പോഴെങ്കിലും ചെന്നൈയിൽ പോകുന്നവർക്കും താല്പര്യമുണ്ടെങ്കിൽ ഒന്നു പരീക്ഷിക്കാവുന്ന ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് ആണ് കൈദി കിച്ചൻ. ബാക്കി എല്ലാം നിങ്ങൾ അവിടെച്ചെന്ന് അനുഭവിച്ചറിയുക. വിലാസം : 20/3, Bishop Wallers Avenue East, Mylapore, Chennai, Tamil Nadu 600004. Phone: 42009701/42009702.