Site icon Lekshmi Nair: Celebrity, Culinary Expert

ആദ്യത്തെ സർജ്ജറി; ഒരു നേഴ്‌സിൻ്റെ ഓർമ്മക്കുറിപ്പുകൾ

എഴുത്ത് – ലിസ് ലോന.

മുഴുവൻ ഫീസും ഒരുമിച്ചടക്കാൻ പോയിട്ട് ഫീസടക്കാനും ഡോണെഷൻ കൊടുക്കാനും പാങ്ങില്ലാത്തൊരു വീട്ടീന്നായതുകൊണ്ട് നഴ്സിംഗ് പഠിക്കാൻ പോകുമ്പോൾ ഉള്ള് മുഴുവൻ തീ ആയിരുന്നു. കർണാടകയുടെ അങ്ങേ അറ്റത്തെ മെഡിക്കൽ കോളേജിൽ സീറ്റ് ശരിയാക്കി തന്ന മാഡത്തിനോട് ആദ്യത്തെ അപേക്ഷ പഠിപ്പിനൊപ്പം പാർട്ട് ടൈം ജോലിയൊന്ന് ശരിയാക്കി തരണേയെന്നാണ്. പ്രീഡിഗ്രി കഴിഞ്ഞു മാർക്കിന്റെ വിലനിലവാരഗുണവും അപ്പന്റെ കാലിപോക്കറ്റിലെ കനവും കാരണം കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഒരു വർഷം നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലിയെടുത്ത ധൈര്യമുണ്ട് ആ പാർട്ട് ടൈം അപേക്ഷക്ക് പിന്നിൽ.

കോളേജിന്റെ തുടക്കമായതുകൊണ്ടും പ്രിൻസിപ്പലിന്റെ കെയറോഫ് ആയതുകൊണ്ടും ഡോണെഷൻ ഒന്നും വേണ്ട ഫീസും സ്വന്തം ചിലവിനുള്ള കാശും കരുതിയാൽ മതിയെന്നായിരുന്നു അവരുടെ ഓഫർ. പൈസ കൊടുക്കാതെ സീറ്റിന്റെ കാര്യം ആലോചിക്കയെ വേണ്ടെന്ന് പറഞ്ഞ സഭവക കോളേജുകളും ശുപാർശകത്തു തരാതെ കളിപ്പിച്ച പള്ളിവികാരിയെക്കാളും എത്രെ ഭേദമെന്ന് വീട്ടുകാരും കരുതി യാത്രയാക്കുമ്പോൾ.

ഹോസ്റ്റലിൽ നിൽക്കാനുള്ള കാശില്ലാ.. ഇനി ഉണ്ടെങ്കിൽ തന്നെ അവിടേക്ക് കൂടി ഓടാൻ നേരവുമില്ല അതുകൊണ്ട് പാർട്ട് ടൈം ജോലിചെയ്യുന്ന നഴ്സിംഗ് ഹോമിൽ തന്നെയാണ് താമസവും. രാവിലെ ആറിന് നഴ്സിംഗ് ഹോമിലെ ഡ്യൂട്ടി കഴിഞ്ഞു കുളിച്ചു റെഡി ആയി നേരെ പഠിക്കുന്ന കോളേജിലേക്ക്.

ഏഴരക്ക് ക്ലാസ് തുടങ്ങും. ഉച്ചവരെ ക്ലാസ്സും ഉച്ചക്ക് ശേഷം പ്രാക്ടിക്കലും. അതിനിടയിലെ ലഞ്ച് ബ്രേക്കിലും മിസ്സുമാരുടെ സമ്മതത്തോടെ ക്ലാസ്സിലും മറ്റുമായി ഇരുന്നുറങ്ങും. അഞ്ചിന് കോളേജ് വിട്ടാൽ നേരെ ഓട്ടമാണ് ബസ് കിട്ടാനായി. കോളേജിൽനിന്നും ഇരുപത് മിനുട്ട് യാത്രയുണ്ട് റൂമുള്ള സ്ഥലത്തു എത്താനായി. ചിലപ്പോ ഒരു ചായ കുടിച്ചുകൊണ്ട് അല്ലങ്കിൽ ചായ പോലുമില്ലാതെ ഉടുപ്പ് മാറി ഡ്യൂട്ടിക്ക്…

15 ബെഡിന്റെ നഴ്സിംഗ് ഹോം ആണ്. കാൻസർ സർജന്റെ നഴ്സിംഗ് ഹോം ആയതുകൊണ്ട് ഓപ്പറേഷൻ തീയേറ്ററും പോസ്റ്റ് ഓപ്പറേറ്റീവ് റൂമുകളും കീമോക്കാരും ഒക്കെ ആയി സംഭവബഹുലമാണ് രാവിലെ വരെ. അതിനിടയിലെപ്പോഴെങ്കിലും ഇരുന്നോ നിന്നോ രാത്രി ഭക്ഷണം.

ഏത് റിസ്ക് പിടിച്ച ഓപ്പറേഷനും പൂ എടുക്കുന്ന ലാഘവത്തോടെ പെർഫെക്ഷനിൽ ചെയ്യുന്ന വളരെ സമാധാനത്തോടെ സംസാരിക്കുന്ന ഇത്രെയും തിരക്കുള്ള ഒരു സർജനെ ഞാൻ വേറെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. ആദ്യത്തെ രണ്ട് മാസങ്ങൾ കൊണ്ട് തന്നെ എന്നെ തരക്കേടില്ലാത്ത രീതിയിലുള്ള OT അസിസ്റ്റന്റ് ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു..

ഒരു നെഗറ്റീവ് സൈഡ് എന്തായിരുന്നെന്നാൽ പിന്നീടുള്ള എല്ലാ സർജറികളും അദ്ദേഹം വൈകീട്ടേക്ക് എന്റെ ഡ്യൂട്ടി ടൈമിലേക്ക് മാറ്റിയെന്നതാണ്. പത്തര പതിനൊന്നര വരെയുള്ള തീയറ്ററിലെ നിൽപ്പ് കഴിഞ്ഞാൽ പിന്നെയങ്ങോട്ട് പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളെയും മറ്റുരോഗികളെയും നോക്കി നേരം വെളുക്കുന്നത് അറിഞ്ഞിരുന്നില്ല. ഇതിനിടയിലെപ്പോഴാണ് ഞാൻ അസൈന്മെന്റ്സ് എഴുതിയതും റെക്കോർഡുകൾ വരച്ചതും പഠിച്ചതുമൊക്കെ ഉത്തരമില്ലാത്ത കടംകഥയാണ് .

ഹിന്ദിസിനിമകൾ കണ്ടുള്ള പരിചയത്തിൽ പഠിച്ച ഹിന്ദി കയ്യിലുള്ളത് കൊണ്ട് തന്നെ എനിക്ക് മഹാരാഷ്ട്ര ബോർഡറിലുള്ള കർണാടകത്തിലെ ഭാഷ വലിയൊരു പ്രശ്നമായിരുന്നില്ല ആദ്യമാദ്യം. പക്ഷെ പിന്നീട് ഡോക്ടർക്കും രോഗിക്കുമിടയിലെ മീഡിയേറ്റർ വായും പൊളിച്ചു നിൽക്കേണ്ടെന്ന് കരുതി മൂന്ന് മാസങ്ങൾ കൊണ്ട് കന്നഡ പഠിച്ചു.

അവിടതന്നെയുള്ള വേറൊരു മെഡിക്കൽ കോളേജിന്റെ ഡീൻ ആയിരുന്ന ഡോക്ടറും കമ്മ്യൂണിറ്റി മെഡിസിൻ HOD ആയിരുന്ന ഭാര്യയും മെഡിസിന് പഠിക്കുന്ന മകനും ഇതേ നഴ്സിംഗ് ഹോമിന്റെ നാലാം നിലയിലെ വീട്ടിലാണ് താമസം. പഠിപ്പൊക്കെ കഴിഞ്ഞു പിന്നെയും കാലം കുറേയെടുത്തു അദ്ദേഹം ആരാണെന്നും മെഡിക്കൽ ഫീൽഡിലേക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്നും മനസിലാക്കാൻ.

എല്ലാ ആഘോഷങ്ങൾക്കും അവരുടെ വീട്ടിൽ നിന്നായിരുന്നു എന്റെ ഭക്ഷണം. കാശ്മീരി ഭക്ഷണത്തിന്റെ രുചി അവിടുന്നാണ് ഞാനറിഞ്ഞത്. താമരമൊട്ടുകൊണ്ടുള്ള കറിയുടെ രുചിയൊക്കെ ഇപ്പോഴും നാവിൽ തട്ടി നിൽക്കുന്നപോലെ. പത്തൊൻപത് വർഷങ്ങൾക്കിപ്പുറം എന്റെ ഫ്രണ്ട്ലിസ്റ്റിൽ ലണ്ടനിൽ പീഡിയാട്രീഷൻ ആയ മകനും റിട്ടയർ ആയി ഒഴിവുകാലം ആഘോഷിക്കുന്ന മാഡവും ഉണ്ട്. ഇന്നെന്റെ സന്തോഷങ്ങളിലും സൗഭാഗ്യങ്ങളിലും എന്നെക്കാളുമധികം സന്തോഷിക്കുന്നതും അവരായിരിക്കും. അന്നത്തെ അതേ സ്നേഹം ഇപ്പോഴുമെന്റെ സുഖവിവരങ്ങൾ ചോദിച്ചുള്ള അവരുടെ മെസേജിലെനിക്ക് അറിയാം.

പഠിപ്പും ജോലിയും തുടങ്ങി വർഷമൊന്നാകാൻ ആയി ഒന്നാംവർഷത്തെ പരീക്ഷ അടുത്തതിന്റെ ടെൻഷനും ജോലിയുടെ തിരക്കുകളും കൊണ്ട്തന്നെ ഇടയ്ക്കിടെ ശല്യം ചെയ്യുന്ന വയറുവേദനയെപ്പറ്റി ആരോടും മിണ്ടിയില്ല. വെള്ളം കുടി കുറവായതുകൊണ്ടാകുമെന്ന് കരുതി വെള്ളം കുടിച്ചും വേദനസംഹാരി കഴിച്ചുമുള്ള ഓട്ടം തന്നെ.

അന്ന് വൈകുന്നേരം ജോലിക്ക് കയറുമ്പോഴേ നിവർന്ന് നിൽക്കാൻ പറ്റാത്തവിധം വയറുവേദനിക്കുന്നുണ്ട്. കൊളുത്തിപ്പിടുത്തം പോലുള്ള വേദന. ഗ്യാസിന്റെ മരുന്ന് കഴിച്ചും വേദനക്കുള്ള ഒരു ഇൻജെക്ഷൻ ഡോക്ടറോട് ചോദിച്ചു വാങ്ങിയും ഡ്യൂട്ടിക്ക് കയറി. അന്നത്തെ മൂന്ന് സർജറികൾ മുൻപേ തീരുമാനിച്ചു വച്ച ദിവസമാണ്. അനസ്തറ്റിസ്റ്റും എത്തിച്ചേർന്നു, ഡോക്ടർ ഇടക്ക് വന്നെന്നോട് എങ്ങനെയുണ്ടെന്നും പറ്റില്ലെങ്കിൽ പുറത്തു നിന്ന് ആരെയെങ്കിലും വിളിക്കാമെന്നും അറിയിച്ചു.

അപ്പെൻഡിക്സിന്റെ വയറുവേദനയാണെന്ന് പുള്ളി ഇൻജെക്ഷൻ എടുത്തോളാൻ പറയും മുൻപ് പരിശോധിച്ചു പറഞ്ഞതാണ്. വേദനയുടെ ഇൻജെക്ഷൻ എടുത്തപ്പോഴേ ഓക്കേ ആയതിനാൽ വേറെ ആരെയും വിളിക്കണ്ട ഞാൻ മതിയെന്ന് പറഞ്ഞു. പക്ഷേ എന്റെ ക്ഷീണിച്ച മുഖം കണ്ടതുകൊണ്ടാകും സർജറി കഴിഞ്ഞുള്ള ഡ്യൂട്ടിക്ക് പകലുണ്ടായിരുന്ന സ്റ്റാഫിനോട് എത്താനായി അദ്ദേഹം വിളിച്ചറിയിച്ചു.

രാത്രി പതിനൊന്നര കഴിഞ്ഞു. അവസാനത്തെ ഹെർണിയറാഫി കഴിയുമ്പോഴേക്കും ഇനിയൊന്ന് കിടന്നില്ലെങ്കിൽ ഞാൻ ചിലപ്പോൾ തളർന്നു വീഴുമെന്ന് തോന്നി. തീയറ്റർ സ്റ്റാഫിന്റെ ജോലി അസിസ്റ്റിങ് മാത്രമല്ല യുദ്ധക്കളമായി കിടക്കുന്ന തീയറ്റർ വൃത്തിയാക്കാനും ഇൻസ്ട്രുമെന്റസ് കഴുകാനുമൊക്ക കൂടെ നിക്കണമെന്നത് ഓർമയുള്ളത് കൊണ്ട് കടിച്ചുപിടിച്ചു നിന്നു.

തീയറ്ററിൽ നിന്നും ഫ്രീ ആയി അറ്റന്ററിന്റ കൂടെക്കൂടി എല്ലാം ക്ലീൻ ചെയ്ത് സ്റ്റെറിലൈസഷനു ഇൻസ്ട്രുമെന്റസ് വച്ചപ്പോഴേക്കും വീണ്ടും വേദന പൂർവ്വാധികം ശക്തിയിൽ തല പൊക്കിയതേ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. പോകാനായി ഇറങ്ങിയ അനസ്തറ്റിസ്റ്റിനോട് രാവിലത്തെ ഷെഡ്യൂൾ ഡോക്ടർ ചോദിക്കുന്നതും എന്നെ അവിടെ ആക്കിയ മാഡത്തിനെ വിളിച്ചു സിറ്റുവേഷൻ പറയുന്നതുമൊക്കെ എനിക്ക് കേൾക്കാം.

രാത്രിക്ക് രാത്രി വീട്ടിൽ വിളിച്ചു രാവിലെ എന്റെ ഓപ്പറേഷൻ ആണെന്ന് വീട്ടിൽ വിളിച്ചുപറഞ്ഞാൽ ഇവിടേക്ക് പെട്ടെന്ന് എത്താൻ കഴിയാത്തതുകൊണ്ട് അവരെല്ലാം പേടിച്ചുചാകുമെന്ന് ഉറപ്പാണ്.. അതുകൊണ്ട് ഇപ്പോൾ ആരെയും അറിയിക്കേണ്ടെന്ന് തീരുമാനിച്ചു.. എല്ലാം കഴിഞ്ഞു സമാധാനത്തോടെ രാവിലെ എനിക്ക് തന്നെ വിളിക്കാമല്ലോ. തലേന്ന് പാതിരാത്രി വരെ അസിസ്റ്റ് ചെയ്ത തീയറ്ററിലേക്ക് പച്ച ഗൗൺ ധരിച്ചു രോഗിയായി നടന്ന് ചെല്ലുകയാണ്..

എന്റെ രക്ഷാധികാരി മാഡം തന്നെയാണ് അസിസ്റ്റന്റ് ആയി വന്നത്.. അവർക്കൊപ്പം നിന്ന് തമാശകൾ പറഞ്ഞു ഇൻസ്ട്രുമെന്റസ് സെറ്റാക്കിയപ്പോഴേക്കും ഡോക്ടർസ് എത്തി. “Hey happy first surgery dear… enjoy ” അനസ്തറ്റിസ്റ്റിന്റെ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതിനിടയിലാണ് എന്റെ കിളി ശരിക്കും പറന്നത്.. ദൈവമേ ഞാനാണാല്ലോ.. എന്റെ വയറാണല്ലോ..ഞാൻ അടിവയറ്റിൽ കൈ വച്ചു പകച്ചുനിന്നു..

ശരീരത്തിൽ ആദ്യമായി കത്തിവക്കുകയാണ് കുടുംബക്കാർ ആരും കൂടെയില്ല.. എന്റെ കണ്ണൊക്കെ നീറാൻ തുടങ്ങി.. അമ്മയെയും അപ്പയെയും ഓർത്തതും തൊണ്ടക്കുഴിയിലൊരു വിമ്മിഷ്ടം. സങ്കടം നിറഞ്ഞു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ. എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ നിക്കുന്നവരൊക്കെ തൂങ്ങും. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. കണ്ണടച്ചു ടേബിളിൽ കിടന്നപ്പോഴേക്കും സ്‌പൈനൽ അനസ്തേഷ്യക്കായി തിരിച്ചു കിടത്തി.

അന്നത്തെ സ്‌പൈനൽ അനസ്തേഷ്യയും കുഞ്ചിക്കും ചീരുവിനും വേണ്ടിയെടുത്ത എപിഡ്യൂറലുകളും അടക്കം നട്ടെല്ലിന് കിട്ടിയ ഇൻജെക്ഷൻ പലതവണ. അതാകും ഇപ്പോഴും ചേച്ചിയും അനുജത്തിയുമൊക്കെയായി നടുവേദന കൂടെതന്നെയുള്ളത്. അരക്ക് താഴേക്ക് മാത്രം തരിപ്പിച്ച എന്റെ നാവിന് ഒട്ടും റെസ്റ്റ് കിട്ടാത്ത വിധം ഓപ്പറേഷൻ ചെയ്യുന്നവരോട് കത്തിയടിക്കാൻ തുടങ്ങിയതോടെ എനിക്കവർ പൂർണമായും മയങ്ങാനായി മരുന്ന് തന്നു പിന്നെ എല്ലാം കഴിഞ്ഞു റൂമിലെത്തിയാണ് ഞാൻ കണ്ണ് തുറക്കുന്നത്.

ഓർമ വന്നതിന് ശേഷം അവരെന്നെകൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ചു കാര്യങ്ങൾ അറിയിപ്പിച്ചതും എല്ലാവരും ഞെട്ടിപ്പോയി. “നിന്റെ ധൈര്യം സമ്മതിച്ചു മോളെ എന്നാലും എന്തെങ്കിലും പറ്റിയിരുന്നെങ്കി..” വാക്കുകൾ പൂർത്തിയാകാതെ അമ്മ പൊട്ടിക്കരഞ്ഞതും ഫോൺ പൊത്തിപിടിച്ചു ഞാനും ഉറക്കെ കരഞ്ഞു.

ആദ്യപ്രണയം പോലെ ആദ്യ ഓപ്പറേഷനും മനസ്സിൽ നിന്നും പോകാത്ത വിധം തങ്ങി നിൽക്കുമെന്ന് അന്നത്തെ അതേ ഓർമ ദിവസം അടിവയറ്റിലെ അപ്പെന്ഡിസെക്ടമി പാടിൽ തലോടുമ്പോൾ ഞാനോർത്തു. ജീവിതത്തിൽ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ ഞാൻ കഴിഞ്ഞുപോയതൊക്കെ ഓർക്കും അന്ന് ഞാൻ എത്രെ ധൈര്യത്തോടെ നിസ്സാരമായി ഇതെല്ലാം നേരിട്ടു എന്നോർക്കുമ്പോൾ മനസിലൊരു ഉന്മേഷമാണ്.

തോറ്റുകൊടുക്കാനുള്ളതല്ല ധീരമായി നേരിട്ടാൽ ജയിക്കാനുള്ളതാണ് ജീവിതമെന്ന് ഉറപ്പിച്ചാൽ പിന്നെയാർക്കും ഒന്നിനും നമ്മളെ തോൽപിക്കാൻ കഴിയില്ല. നമ്മൾ അനുഭവിക്കാത്ത കഥകളൊക്കെ കെട്ടുകഥകളാണെന്ന് തോന്നിയേക്കാമെന്ന് അറിയാമെങ്കിലും ജീവിതയാത്രയിൽ കടന്നുപോയ ഇങ്ങനൊരു ചിത്രം കൂടി എഴുതിയിടണമെന്ന് മനസ്സ് പറഞ്ഞു.