Site icon Lekshmi Nair: Celebrity, Culinary Expert

തിരുവനന്തപുരത്തുള്ളവർക്ക് ഒരു വീക്കെൻഡ് ട്രിപ്പ് പോകാവുന്ന സ്ഥലം

തിരക്കേറിയ ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒരൽപം റിലാക്സ് ചെയ്യുവാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങൾ മാറ്റി നിർത്തി നമുക്ക് അധികമാർക്കും അറിയാത്ത ഒരു മനോഹരയിടത്തിലേക്ക് പോയാലോ? അതാണ് ചിതറാൽ.

തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി – സന്യാസിനീ ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്.

ഗുഹാ ശിൽപ്പങ്ങളിലെ ധർമ്മ ദേവതയുടെ ശില്പം പ്രസിദ്ധമാണ്. മഹാദേവവർമ്മൻ ഒന്നാമന്റെ (610-640) കാലത്താണ് ഇവിടെ ജൈന മതം പ്രബലമായിരുന്നത്.

ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നിതെങ്കിലും 1956 ൽ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളിൽ വിഭജിച്ചപ്പോൾ ചിതറാൽ തമിഴ്‌നാടിന്റെ ഭാഗമായിത്തീർന്നു. മലൈകോവിൽ എന്ന് നാട്ടുകാർ വിളിക്കുന്ന ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപെട്ടുവെന്ന് ചരിത്രകാരന്മാർ കരുതുന്നു. ആദ്യ കാലത്ത് ക്ഷേത്രം ജൈനസന്യാസിമാരുടെ താവളമായിരുന്നുവെങ്കിലും ഹിന്ദുമതത്തിന്റെ കടന്നുകയറ്റത്തോടുകൂടി ഇതൊരു ഹിന്ദുക്ഷേത്രമായി മാറിയതായിരിക്കാം.

ചിതറാൽ ഗ്രാമത്തിലെത്തിയാൽ ജൈനക്ഷേത്രത്തിലേക്ക് യാത്രികരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനകവാടം കാണാം. അവിടെനിന്നും അല്പദൂരം സഞ്ചരിച്ചാൽ ചിതറാൽ ജൈനക്ഷേത്രത്തിലേക്കുള്ള നടവഴിയായി. ചിതറാൽ മലയുടെ താഴെവരെ വാഹനങ്ങൾ എത്തും. നടവഴി തുടങ്ങുന്നിടത്ത് ഇടതുവശത്തായി പാർക്കിങ്ങ് ഏരിയയും, ശുചിമുറികളും ഉണ്ട്. പാർക്കിങ്ങ് ഫീസ് ഒടുക്കി വാഹനം പാർക്ക് ചെയ്യാം. ഗ്രാമപ്രദേശമായതിനാൽ ജനസാന്ദ്രത കുറവാണ്‌. ചിതറാൽ മലക്കു താഴെ രണ്ട് ചെറിയ കടകൾ ഉള്ളതൊഴിച്ചാൽ മറ്റു സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല.

രാവിലെ 8:30 മുതൽ വൈകിട്ട് 5 മണിവരെയാണ്‌ പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30 ന്‌ അടക്കും. പ്രവേശനകവാടത്തിൽ നിന്നും ഒന്നര കിലോമീറ്റർ കരിങ്കൽ പാകിയ നടവഴിയിലൂടെ മുകളിലേക്ക് കയറിച്ചെന്നാൽ ക്ഷേത്രത്തിനു സമീപത്തെത്താം. നടവഴി മുഴുവനായും ചെത്തിയെടുത്ത കരിങ്കൽ പാകി ഇരുവശങ്ങളിലും ചെടികളും, വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ച്, കരിയിലകളെല്ലാം നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിച്ചു വരുന്നു. ഇടക്കിടെ പ്രകൃതിക്കിണങ്ങും വിധത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങളുമുണ്ട്.

ക്ഷേത്രത്തിനു പുറകിൽ പടർന്നു നില്ക്കുന്ന അരയാൽ തണലേകുന്നു. അവിടെനിന്നും മുകളിലേക്കു കയറിയാൽ ക്ഷേത്രത്തിന്റെ മുകൾ ഭാഗവും, ദൂരെയായി താമ്രപർണി (തമിഴിൽ താമരഭരണി) നദിയും, പച്ചപുതച്ചു നില്ക്കുന്ന താഴ്വാരവും, വിദൂരതയിലുള്ളം ജലാശയങ്ങളും, ചെറു പട്ടണങ്ങളും, ആരാധനാലയങ്ങളുടെ ഉയർന്ന ഗോപുരങ്ങളും കാണാം. താഴെയായി ക്ഷേത്രമുറ്റത്തിനടുത്തു പ്രകൃതിദത്തമായ ജലാശയവും ഒരു സുന്ദര ദൃശ്യമാണ്‌. ഉയർന്ന മലയുടെ മുകളിലായിരുന്നിട്ടും, കടുത്തവേനലിലും ഈ ജലാശയം ജലസമൃദ്ധമായിരിക്കും എന്നു പറയുന്നു. ക്ഷേത്രത്തിന്റെ മുകളിലെ പാറയിൽ വലിയ കാലപ്പഴക്കം തോന്നിക്കാത്ത ഒരു നിർമ്മിതിയും കാണാം.

ക്ഷേത്രത്തിനു പുറകിലൂടെ വന്ന് ഒരു ചെറിയ കവാടത്തിലൂടെ കടന്ന് ഗുഹാമുഖത്തിലൂടെ താഴോട്ടിറങ്ങി വേണം ക്ഷേത്രമുറ്റത്തെത്താൻ. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ചുവരുകളിൽ മഹാവീരന്റെ വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്. മലയുടെ ഒരുവശത്തായുള്ള പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളോടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ മൂന്ന് ഗർഭഗൃഹങ്ങളുണ്ട്. അവയിൽ അവസാനത്തെ തീർഥങ്കരനായ വർദ്ധമാന മഹാവീരന്റെയും, പാർശ്വനാഥന്റെയും, പത്മാവതിയുടെയും പ്രതിഷ്ഠകൾ കാണാം. പത്മാവതി പ്രതിഷ്ഠയുള്ളതിനാലാണ്‌ ഭഗവതികോവിലായി അറിയപ്പെടുന്നതെന്നും, അതല്ല തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ പത്മാവതി പ്രതിഷ്ഠമാറ്റി പകരം ഭഗവതി പ്രതിഷ്ഠ നടത്തി എന്നും രണ്ടഭിപ്രായമുണ്ട്.

ചിതറാൽ മലയുടെ മുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ അത്യാകർഷകമാണ്‌. ക്ഷേത്രത്തിന്‌ അല്പ്പം അകലെയായുള്ള വിശാലമായ പാറ സഞ്ചാരികളെ കാറ്റേറ്റ്, പ്രകൃതി ദൃശ്യം ആസ്വദിച്ച് വിശ്രമിക്കാൻ ക്ഷണിക്കുന്നു. അവിടെനിന്നുമുള്ള സൂര്യാസ്തമയത്തിന്റെ ദൃശ്യം അവർണ്ണനീയമാണ്‌. ഭാരതചരിത്രത്തിന്റെ ഏടുകളിൽ ബുദ്ധമതത്തോളം തന്നെ പ്രാധാന്യത്തോടെ ഇടം നേടിയിട്ടുള്ള ജൈനമതം സഹസ്രാബ്ദങ്ങൾക്കുമുൻപുതന്നെ കേരളത്തിലും, തമിഴ് നാട്ടിലും വ്യാപകമായി പ്രചരിച്ചിരുന്നു എന്നും, വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം നടത്താൻ സഹായിച്ചു എന്നും, അക്കാലത്തെ വാസ്തുവിദ്യ ലോകോത്തരമായിരുന്നു എന്നും ചിതറാൽ ആധുനിക ലോകത്തെ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ, മാർത്താണ്ഡത്തു നിന്നും നാല് കിലോമീറ്ററോളം സഞ്ചരിച്ചാൽ ആറ്റൂർ എന്ന ഗ്രാമത്തിലെത്താം. അവിടെ നിന്ന് ഏകദേശം മൂന്നുകിലോമീറ്റർ കൂടി പോയാൽ ചിതറാലിലെത്താം. യാത്രയോടും ചരിത്രത്തോടും ഒരുപോലെ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴലാണ് ഇവിടം ഇപ്പോള്‍ പരിപാലിക്കുന്നത്. അടുത്തെങ്ങും കടകളോ ഹോട്ടലുകളോ ഇല്ലാത്തതിനാൽ യാത്രികർ ലഘുഭക്ഷണവും ജലവും കയ്യിൽ കരുതുന്നതാവും ഉചിതം.

തൃപ്പരപ്പ് വാട്ടർഫാൾ, പേച്ചിപ്പാറ ഡാം, ചിറ്റാർ ഡാം, മാത്തൂർ തൊട്ടിപ്പാലം [Aqueduct] (ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റ്), ആദികേശവ പെരുമാള്‍ ക്ഷേത്രം. (ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്.) എന്നിവയാണ് സമീപത്തുള്ള മറ്റു ടൂറിസ്റ്റ് സ്പോട്ടുകൾ.