Site icon Lekshmi Nair: Celebrity, Culinary Expert

ചിറ്റീപ്പാറ : തിരുവനന്തപുരത്തുകാരുടെ മീശപ്പുലിമലയും മേഘമലയും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുകാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. യാദൃചികമയാണ് ഈ വ്യൂ പോയിന്റിനെ കുറിച്ച് സുഹൃത്ത് വിഷ്ണു മുഖേന അറിയാൻ ഇടയാക്കുന്നത്.

എങ്കിൽ പിന്നെ ചിറ്റീപ്പാറ വ്യൂ പോയിന്റിലെ തങ്ക പ്രഭയിൽ ഉദിച്ച് വരുന്ന സൂര്യോദയം കാണാനായി ഞങ്ങൾ പുലർച്ചെ നാല് മണിക്ക് നിലമേലിൽ നിന്ന് യാത്ര തുടങ്ങി. ഡിസംബർ മാസമായത്തിനാൽ തണുത്ത ശീതക്കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു. നിശബ്ദമായ പാതയിലൂടെ ഞങ്ങളുടെ ടു വീലർ മുന്നോട്ട് നീങ്ങി തുടങ്ങി.

ഏകദേശം നാൽപ്പത്തിയെട്ട് കിലോ മീറ്റർ താണ്ടി വേണം വ്യൂ പോയിന്റിലെത്തി ചേരാനായി. നിലമേൽ, കടയ്ക്കൽ, മടത്തറ, പാലോട് നന്ദിയോട്, ചുള്ളിമാനൂർ, വിതുര റൂട്ടിൽ തൊളിക്കോട് നിന്നും രണ്ടാമത്തെ വലത്തെ റോഡ് കയറി പോകുമ്പോൾ അവിടെ നിന്നും ആദ്യത്തെ ഇടത് (ചിറ്റീപ്പാറ ആയിരവല്ലി ക്ഷേത്രത്തിന്റെ ആർച്ച് ബോർഡ് കാണാം).

ആ റോഡ് കുറച്ച് മുന്നോട്ട് പോകുമ്പോൾ ആദ്യത്തെ വലത് കുത്തനെയുള്ള വലിയൊരു കയറ്റമാണ് ആ റോഡ് അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നിലാണ്.

ഏകദേശം ഞങ്ങൾ അഞ്ച് മുപ്പത്തിഞ്ചോടെ എത്തി ചേർന്നിരിക്കുന്നു. റോഡിന്റെ സൈഡിൽ ടുവീലറുകൾ നിരന്നിരിക്കുന്നു. റോഡിൽ ആരെയും കാണുന്നുമില്ല , ചായ കടയിലെ ചേട്ടനോടായി പിന്നെ ചോദ്യം ചേട്ടാ ചിറ്റീപ്പാറ കേട്ട പാതി പുള്ളി ടുവീലർ അവിടെ ഒതുക്കി വെച്ച് നിങ്ങൾ 500 മീറ്റർ ന് മേൽ നടന്നാലേ ചീറ്റിപ്പാറ വ്യൂ പോയിന്റിലെത്താൻ കഴിയു എന്നായി.

പാറയിലെ വ്യൂ പോയിന്റിന് അടുത്തേക്കുള്ള മെയിൻ റോഡ് എൻട്രൻസ് അടച്ചിട്ടേക്കുകയാണ്. ഒരു സൈഡിൽ കൂടിയാണ് ഞങ്ങൾ അകത്ത് കയറിയത്. നല്ല കുത്തനേയുള്ള റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ശ്വാസോശ്വാസം നിലച്ച സമയങ്ങൾ കാരണം സൂര്യേദയത്തിന് ഇനി അധികം നേരമില്ല. ഞങ്ങളുടെ ലക്ഷ്യം പാറയിലെ വ്യൂ പോയിന്റാണ്.

ജീവിതം നന്നായി ആസ്വാദ്യകരമാക്കുന്നത് യാത്രകളെ പ്രണയിക്കുമ്പോഴാണ്. ഈ സ്നേഹം നിന്നിലല്ലാതെ മറ്റൊരാളിലും കാണുന്നില്ല. കാരണം നിന്റെ സ്നേഹത്തെ മറ്റൊന്നിനോടും ഉപമിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഞങ്ങൾ ചിറ്റീപ്പാറ വ്യൂ പോയിന്റിൽ എത്തി ചേർന്നു.

പ്രിയപ്പെട്ടവരെ വാക്കുകൾക്കുമതീതമാണ് ഇവിടുത്തെ കാഴ്ചകൾ, മൂടൽ മഞ്ഞ് കുറവായതിനാൽ വെള്ളി മേഘങ്ങളെ അടുത്ത് കാണാനും, സംസാരിക്കാനും, തലോടലേറ്റു വാങ്ങാനും കഴിഞ്ഞു. അവർ പരസ്പരം എന്തോ കഥകൾ പറയുന്നുണ്ടാവാം. സൂര്യോദയത്തിന് മുന്നേയുള്ള ആകാശ കാഴ്ചകൾ വാക്കുകളാൽ എഴുതി ചേർക്കാൻ എനിക്ക് കഴിയുന്നില്ല. സൂര്യനെ പോലെ ജ്വലിച്ച് നിൽക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

പെട്ടെന്നാണ് ആ കാഴ്ച കൺകുളിർക്കേ വിഷ്ണു കാണിച്ചു തരുന്നത് വെൺ പുലരിയിൽ വാനിലൂടെ വരി വരിയായി പോക്കുന്ന പറവകൾ ഹാ എന്ത് ഭംഗിയാണന്നോ! “ഇരു ചിറകിട്ടടിക്കും പറവയെ പോലെ എന്റെ ഹൃദയവും, ഈ ജീവിതവും യാത്രയിലാണ്.”

വ്യൂ പോയിന്റിന് മുകളിൽ നിന്നും ഉള്ള മനോഹര കാഴ്ചകളിൽ ഒരു വശത്ത് തണുത്ത പഞ്ഞിക്കെട്ടുകൾ മൂടിപുതച്ചു കിടന്നുറങ്ങുന്ന പൊന്മുടിയും പിന്നെ അഗസ്ത്യാർകൂടവും, അതിനു താഴെ പാലോടും, വിതുരയും , പെരിങ്ങമലയും ആര്യനാടും, മറു സൈഡിൽ നെടുമങ്ങാടും അതിന് അടുത്തുള്ള സ്ഥലങ്ങളും ഒക്കെ അങ്ങു വിദൂരതയിൽ കാണാം. കൂടാതെ തലസ്ഥാന നഗരത്തിന്റെ പടു കൂറ്റൻ ഫ്ലാറ്റുകളും ഈ വ്യൂ പോയിന്റിൽ നിന്നാൽ കാണാം.

ഏകദേശം ഈ മനോഹര കാഴ്ചകൾ കാണാൻ ഞങ്ങളെ കൂടാത ഇരുപതിലധികം സഞ്ചാരികളും ചിറ്റീപ്പാറ വ്യൂ പോയിന്റിലുണ്ടായിരുന്നു. ചിറ്റീപ്പാറയുടെ അതിമനോഹരമായ സൗന്ദര്യം കാണാനും നുകരാനുമായി ഒരു ചിത്രശലഭമായി വീണ്ടും ഞാൻ എത്തും നിന്നരികിൽ.

സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക – ചിറ്റീപ്പാറ വ്യൂ പോയിന്റ് പാറ മുകളിൽ സ്വയം സംരക്ഷണം ഉറപ്പു വരുത്തുക, അതി ശക്തമായ കാറ്റ് വീശുന്ന മേഖലയാണ്. പാറമുകളിൽ കാൽ വഴുതുന്നതിന് സാദ്ധ്യത കൂടുതലാണ്. പാറമുകളിൽ ഭക്ഷണം കൊണ്ട് പോയി കഴിക്കുന്നത് ഒഴുവാക്കണം. പ്ലാസ്റ്റിക്ക് കുപ്പികൾ ഒരു കാരണവശാലും പാറമുകളിൽ നിക്ഷേപിക്കരുത്. പരിപാവനമായ ദൈവ ചൈതന്യമുള്ള ക്ഷേത്രത്തോടു ഒപ്പമുള്ള ചിറ്റീപ്പാറ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ് മറക്കരുത്.

മദ്യം , മയക്കു മരുന്ന് നിരോധിത മേഖലയാണ്. പാറയുടെ സൈഡിൽ പോകരുത്, ചെന്ന് നിൽക്കരുത്. പാദരക്ഷകൾ ഒഴുവാക്കുക ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകളെ മനോഹരമാക്കി തീർക്കാവുന്നതാണ് .

ചിറ്റീപ്പാറ വ്യൂ പോയിന്റിൽ എത്തിചേരാൻ – വിതുര റൂട്ടിൽ തൊളിക്കോട് നിന്നും രണ്ടാമത്തെ വലത്തെ റോഡ് കയറി പോകുമ്പോൾ അവിടെ നിന്നും ആദ്യത്തെ ഇടത് (ചിറ്റീപ്പാറ ആയിരവല്ലി ക്ഷേത്രത്തിന്റെ ആർച്ച് ബോർഡ് കാണാം). ആ റോഡ് കുറച്ച് മുന്നോട്ട് പോകുമ്പോൾ ആദ്യത്തെ വലത് കുത്തന്നെയുള്ള വലിയൊരു കയറ്റമാണ്. ആ റോഡ് അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നിലാണ്.

കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും, മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.