കൊതിപ്പിക്കുന്ന മസാലയുടെയും മധുരങ്ങളുടെയും മണമുയരുന്ന കോഴിക്കോടന്‍ വഴികളിലൂടെ നടന്നിട്ടുണ്ടോ ഒരിക്കലെങ്കിലും? ബോംബെ ഹോട്ടലിലെ ബിരിയാണി, വെസ്റ്റ്ഹില്‍ ഹോട്ടല്‍ രത്നാകരയിലെ പൊറോട്ടയും ബീഫും, പിന്നെ കോഫി ഹൗസിലെ നെയ്റോസ്റ്റ്, ഫ്രഞ്ച് ഹോട്ടലിലെ ഊണ്, സാഗറിലെ നെയ്ച്ചോറും ചിക്കനും, ടോപ്ഫോമിലെ ജിഞ്ചര്‍ ചിക്കണ്‍, അളകാപുരിയിലെ സദ്യ, സെയിന്‍സിലെ കോഴി പൊരിച്ചത്, റഹ്്മത്തിലെ ബീഫ് ബിരിയാണി … കോഴിക്കോട്ടെ രുചി വിളയുന്ന ഇടങ്ങളില്‍ ചിലതാണിവ.
ഇവയിൽ നിന്നെല്ലാം തെല്ലു വ്യത്യസ്തമാണ് 70 വര്‍ഷം പഴക്കമുള്ള കൈപ്പുണ്യമുള്ള ഹോട്ടൽ പാരഗൺ. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ്, സായിപ്പന്മാരുടെ യൂറോപ്യന്‍ ടേസ്റ്റുകളെ സ്നേഹിച്ചുകൊണ്ടാണ് പാരഗണ്‍ പിറന്നത്. 1939-ല്‍ കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയെത്തിയ ഗോവിന്ദന് എന്ന ഉത്സാഹശാലിയുടെ സ്വപ്നമായിരുന്നു അത്. ഗോവിന്ദന് തുടങ്ങിയത് പാരഗണ്‍ ബേക്കിങ് കമ്പനിയാണ്. രഗണ്‍ ബേക്കിംഗ് കമ്പനി കണ്ണൂര്‍ റോഡില്‍ ഇന്നത്തെ പാരഗണ്‍ സ്ഥിതിചെയ്യുന്ന അതേ സ്ഥലത്താണ് ആരംഭിച്ചത്. അക്കാലത്ത് തന്നെ രുചിപ്പെരുമയില്‍ മുമ്പനായി ഈ പുതിയ സ്ഥാപനം. റിബണ്‍ കേക്കായിരുന്നു അന്നത്തെ പാരഗണിന്റെ പ്രൗഢി. സിനിമാ സംവിധായകന് അരവിന്ദന്, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി. കൃഷ്ണവാരിയര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, വി.കെ.എന്‍ തുടങ്ങി സാഹിത്യ-സിനിമാലോകത്തെ പ്രമുഖരുടെ രാത്രിഭക്ഷണത്തിന്റെ താവളമായിരുന്നു പാരഗണ്‍. കലാസാഹിത്യ രംഗങ്ങളിലെ വ്യത്യസ്ത രുചിക്കൂട്ടുകള്‍ പാരഗണിലെ രുചിയില്‍ ഒന്നായി.
എന്നാല്‍ പാരഗണിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ചിലപ്പോഴൊക്കെ കൂപ്പുകുത്തിയിരുന്നു. ഗോവിന്ദന്റെ കാലശേഷം മകന് വത്സനായിരുന്നു ഹോട്ടല്‍ ഏറ്റെടുത്തത്. പാരഗണ്‍ പ്രശസ്തിയുടെ പടവുകളിലേക്ക് കുതിച്ചുകയറി. എന്നാല്‍ ഇടയ്ക്ക് സിനിമാമേഖലയില്‍, ഫിലിം വിതരണത്തിലേക്ക് വത്സന് ശ്രദ്ധ തിരിച്ചപ്പോള്‍ ഹോട്ടല്‍ നടത്തിപ്പിന് അത് പ്രതികൂലമായി. അപ്രതീക്ഷിതമായി വത്സന്റെ മരണം. ഹോട്ടല്‍ പൂട്ടിപ്പോകുമോ എന്ന അവസ്ഥ. വത്സന്റെ ഭാര്യ സരസ്വതിയാണ് പിന്നീട് ഹോട്ടല്‍ നടത്തിയത്. മകന് സുമേഷ് ബിരുദപഠനം പൂര്‍ത്തിയാക്കി ഹോട്ടല്‍ ബിസിനസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സരസ്വതി ഹോട്ടല്‍ നടത്തിയത്. 1982 ല്‍ ഒരു വര്‍ഷം ഹോട്ടല്‍ അടച്ചിടേണ്ടി വരികയും ചെയ്തു.
“ഒന്നുകില്‍ വില്‍ക്കുക. അല്ലെങ്കില്‍ തിരിച്ചെടുക്കുക. ആ പ്രതിസന്ധിയിലും ഒരേ മനസ്സായിരുന്നു എനിക്കും കുടുംബത്തിനും. പാരഗണ്‍ വിറ്റുപോവാന്‍പാടില്ല. വില്ക്കാന് മനസ്സുവന്നില്ല. ഒരു അവസാന ശ്രമംകൂടി നടത്താനുറച്ചു. കൂട്ടുകാരും ബന്ധുക്കളും ഒപ്പം നിന്നു. അന്നെന്റെ മനസ്സില്‍ മാതൃകയായി നിന്നത് സാഗര്‍ ഹോട്ടലിന്റെ ഹംസക്കയാണ്. ഒരു സാധാരണക്കാരനായി ജനിച്ച അദ്ദേഹത്തിന്റെ ഒറ്റ പ്രയത്നമാണ് ഹോട്ടല്‍ സാഗര്‍.1991-ല്‍ ഞാന്‍ ഹോട്ടലേറ്റെടുത്തു” – സുമേഷ് പറയുന്നു.
ബിരുദപഠനം കഴിഞ്ഞ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്ത സുമേഷ് ഗോവിന്ദ് കഠിന പ്രയത്നത്താല്‍ പാരഗണ്‍ എന്ന ഹോട്ടല്‍ ശൃംഖലയ്ക്ക് ജീവന് നല്കി. അമ്മയുടെ അടുക്കളയില്‍ നിന്ന് രുചിയോടെ ലഭിച്ച ഇഷ്ടഭക്ഷണങ്ങള്‍ സുമേഷിന്റെ നേതൃത്വത്തില്‍ പാരഗണിന്റെ തീന്മേശയില് നിരന്നു. രുചിതേടി നടന്ന ഭക്ഷണപ്രിയര്‍ക്ക് അത് പുതിയ അനുഭവമായിരുന്നു. രുചിയുടെ പുതിയ ലോകം ഇരുകൈകളും നീട്ടി ഏറ്റെടുത്തു. പാരഗണിന്റെ തീന്മേശകളില് കോഴിക്കോട് നഗരം മാത്രമല്ല, മലബാര്‍ മുഴുവനും നിറഞ്ഞു. വൃത്തിയും വെടിപ്പും സ്നേഹത്തോടെയുള്ള പെരുമാറ്റവും വിശ്വാസ്യതയും പാരഗണിന്റെ ആകാശത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.
രുചിയുടെ നഗരം, മിഠായിത്തെരുവും സില്‍ക്ക് സ്ട്രീറ്റും പാരമ്പര്യത്തിന്റെ കഥപറയുന്ന നഗരത്തില്‍ രുചിപ്പെരുമയില്‍ അതിര്‍ത്തികള്‍ ഭേദിക്കുകയാണ് പാരഗണ്‍ ഹോട്ടല്‍ ശൃംഖല. മലബാര്‍ രുചിയുടെ നിരവധി വൈവിധ്യങ്ങളില്‍ നിന്നാരംഭിച്ച് ഗള്‍ഫ് വിഭവങ്ങളുടെയും ചൈനീസ് വിഭവങ്ങളുടെയും സമ്മിശ്ര കേന്ദ്രമാണ് പാരഗണ്‍. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന ഒരേ ഒരാഗ്രഹം മുന്‍നിര്‍ത്തി കോഴിക്കോട്ടേക്ക് എത്തുന്നവരുണ്ട്.
മീന്‍ മുളകിട്ടതും കൊഞ്ചും കല്ലുമ്മക്കായയും തുടങ്ങി പാരഗണിനുമാത്രം അവകാശപ്പെടാവുന്ന നിരവധി വിഭവങ്ങള്‍. തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കിയ മാങ്ങാക്കറിയും മലബാര്‍ റെസിപ്പിയുടെ രുചിഭേദവുമായി മുളകിട്ടതും പുളിയും മുളകും ചട്ടിക്കറി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍. തികഞ്ഞ വെജിറ്റേറിയന്‍കാര്‍ക്ക് കടായി പനീര്‍ മുതല്‍ വെജിറ്റബിള്‍ ജെയ്പൂരി വരെ. റൊട്ടിയും കുല്ച്ചയും ബട്ടര്‍നാനും ചിക്കന്‍ അറുപത്തിയഞ്ചും അങ്ങനെ എന്തെല്ലാം. ആലപ്പുഴ ചിക്കന്‍കറിയാണ് ചിലര്‍ക്ക് ഇഷ്ടമെങ്കില്‍ കുമരകം സ്പെഷ്യല്‍ വേറെയുണ്ട്. വെള്ളയപ്പം കഴിക്കണമെങ്കില്‍ അത് പാരഗണില് നിന്നാവണം എന്ന് രുചിയറിയാവുന്നവര്‍ പറയുന്നു. പാരഗണിലെ വെള്ളയപ്പത്തിനും കറിക്കും അത്രകണ്ട് പ്രശസ്തിയുണ്ട്.
അതിസാധാരണക്കാര്‍ക്കുള്ള ചെറിയ ബഡ്ജറ്റില്‍ തങ്ങളുടെ വിശപ്പടക്കാന്‍ ഇവിടെ വിഭവങ്ങളുണ്ട്. കുറച്ച് കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ അതനുസരിച്ചുള്ള വിഭവങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ നമുക്ക് ലഭിക്കുന്നു. രാത്രി വൈകിയും ഭക്ഷണത്തില്‍ രസിച്ച് സൗഹൃദം പങ്കിടുന്ന യുവാക്കളുടെ കൂട്ടം പാരഗണ്‍ രാത്രികളെ പകലുകളാക്കുന്നു. തെക്കും വടക്കും ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല, ജാപ്പനീസ്, മെക്സിക്കന്‍, അറബി, ചൈനീസ്, ഇറ്റാലിയന്‍, തായ് തുടങ്ങി നിരവധി വിദേശ വിഭവങ്ങളും പാരഗണില് റെഡിയാണ്.
നാട്ടിന്‍പുറത്തെ ചായക്കടയില്‍ നിന്നും ലഭിക്കുന്ന പുട്ടും അടയും വരെ നഗരമധ്യത്തിലെ ഈ ഹോട്ടലിന്റെ കണ്ണാടിച്ചില്ലുകളില്‍ രുചിക്ക് കൂട്ടിരിക്കുന്നു. കോഴിക്കോട്ടെ ഹോട്ടല്‍ പാരമ്പര്യത്തില്‍ മൂന്നു നൂറ്റാണ്ടിന്റെ ചരിത്രമാണ് പാരഗണ്‍ ഗ്രൂപ്പിനുള്ളത്. ഇന്നത് കോഴിക്കോട്ട് മാത്രമല്ല, ദുബായ്യിലും യുഎയിലുമായി വ്യാപിച്ചുകിടക്കുന്നു. സല്‍ക്കാര, എം ഗ്രില്‍, ബ്രൗണ്‍ ടൗണ്‍ തുടങ്ങി പാരഗണിന്റെ വ്യത്യസ്ത ബ്രാന്‍ഡുകളില്‍ വ്യാപിച്ചുകിടക്കുകയാണ് ഈ ഹോട്ടല്‍ ശൃംഖല. ഇടപ്പള്ളി ലുലുമാളിലും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലും ദുബായിലും ഷാര്‍ജയിലും ഒക്കെ മലബാറിന്റെ ഈ രുചി പെരുമയ്ക്ക് തന്റേതായ ഇടമുണ്ട്. പാരഗണില് നിന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം മണിക്കൂറുകളോളം ക്യൂ നില്ക്കാന് തയ്യാറാകുന്ന രുചിപ്രിയര്‍ ദേശത്തും വിദേശത്തുമായുണ്ട്.
പുറത്തെ ഭംഗിയല്ല, അകത്തെ വൃത്തിയാണ് പാരഗണിനെ ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമാക്കിയത്. കുടുംബങ്ങള്‍ ഒന്നടങ്കം ആഘോഷവേളകളിലും അല്ലാതെയും സിഎച്ച് ഓവര്‍ബ്രിഡ്ജിന് താഴെയുള്ള പാരഗണ്‍ ഹോട്ടലിന്റെ വിരുന്നില്‍ കളിചിരികളുമായി ഒത്തുകൂടി. അവിടെയെവിടെയെങ്കിലും ഒരു മേശക്കരികില്‍ ഭക്ഷണം കഴിക്കുന്ന ഉടമ സുമേഷ്ഗോവിന്ദ്, മറ്റ് ഉടമകളില്‍ നിന്നും വ്യത്യസ്തനായി. നാട്ടുകാര്‍ക്ക് വിളമ്പുന്ന ഭക്ഷണം തന്നെയാണ് ഉടമയും കഴിക്കുന്നതെന്ന അറിവ് വിശ്വാസ്യതയുടെ മറ്റൊരടയാളമായി മാറി.
കടല്‍ കടന്നും പാരഗണ്‍ ശൃംഖല മുന്നേറിയപ്പോള്‍ രുചിയുടെ ലോകത്തെ ചക്രവര്‍ത്തിമാരില്‍ പാരഗണും പരിഗണിക്കപ്പെട്ടു. 2013ല്‍ ടൈംസ്നൗ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച കടല്‍വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടല്‍ എന്ന പദവി അഭിമാനത്തോടെ പാരഗണ്‍ സ്വന്തമാക്കി. മൂന്നു തവണ ദുബായ്യിലെ മികച്ച ബഡ്ജറ്റ് റെസ്റ്റോറന്റായി ടൈം ഔട്ട് റെസ്റ്റോറെന്റ് അവാര്‍ഡും പാരഗണ്‍ കരസ്ഥമാക്കി. നാലായിരം ഹോട്ടലുകളോട് മത്സരിച്ചാണ് അമേരിക്കന്‍ മാസികയായ ടൈംഔട്ട് ഏര്‍പ്പെടുത്തിയ പുരസ്കാരം പാരഗണ്‍ നേടിയത്. ഇന്ത്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ കൊച്ചിയിലെ പാരഗണ്‍ ഹോട്ടല്‍ ഇടം പിടിച്ചു. ഇതില്‍ 24 ആം സ്ഥാനമാണ് കൊച്ചിയിലെ പാരഗണ്‍ ഹോട്ടലിന്.
പാരഗണിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ പരിശ്രമത്തിന്റെ അവസാനവാക്കെന്ന് പറയാവുന്ന ഒരു ചെറുപ്പക്കാരന്റെ കഠിന പ്രയത്നത്തിന്റെ ചരിത്ര പശ്ചാത്തലമുണ്ട്. സുമേഷ്ഗോവിന്ദിന് മികച്ച പാതിയായി ഭാര്യ ലിജുവിന്റെ പൂര്‍ണ പങ്കാളിത്തവുമുണ്ട്. ഓരോ നിമിഷവും ശ്രദ്ധവേണ്ട ബിസിനസ് ആണിതെന്ന് സുമേഷ് ഗോവിന്ദിന് തികഞ്ഞ ബോധ്യമുണ്ട്.
1600 ഓളം ജീവനക്കാരെ വെറും തൊഴിലാളികളായല്ല ഈ ഉടമ പരിഗണിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതാണ് ഈ സ്ഥാപനമെന്ന അനുഭവമുണ്ടാക്കാന്‍ സുമേഷിന് കഴിയുന്നു. പരാജയപ്പെട്ടതിന്റെ പാഠങ്ങളില്‍ നിന്നും വിജയത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കാന്‍ സുമേഷിന് കഴിയുന്നത് പ്രായോഗികതയുടെ പുതിയ സമീപനം കൊണ്ടാണ്. കണ്ണൂര്‍ റോഡിലെ എപ്പോഴും തിരക്കുള്ള പാരഗണ്‍ റെസ്റ്റോറന്റ് കോഴിക്കോടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. കരാമയിലും അല്‍ഹദയിലും കോഴിക്കോടിന്റെ രുചിപ്പെരുമ പാരഗണ്‍ ആകാശത്തോളമുയര്‍ത്തുന്നു.
നടന് ജയറാമും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സീതാറാം യെച്ചൂരിയും മീരാ നയ്യാരും രാഹുല്‍ ഗാന്ധിയും മോഹന്‍ലാലും സുരേഷ്ഗോപിയും എംടിയും വ്യത്യസ്തതലങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരായി നില്‍ക്കുമ്പോഴും തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടെത്തി രുചിക്കൂട്ടിലൂടെ നമ്മുടെ നാവില്‍ വെള്ളമൂറിക്കുന്ന പാരഗണ്‍ ഹോട്ടല്‍ ഇവരെയെല്ലാം ഒരേ അഭിപ്രായക്കാരാക്കി മാറ്റുന്നു. പാരഗണ്‍ രുചിയുടെ തമ്പുരാനാണ്.
കടപ്പാട് – ജന്മഭൂമി, മാതൃഭൂമി.