മണി മെസ്സിലെ ഊണിൻ്റെ രുചിയിലെ ഓർമകളിലൂടെ

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

പലരും പറഞ്ഞു പറഞ്ഞു മനസ്സിൽ പതിഞ്ഞൊരു പേര് മണി മെസ്സ്. ഫെബ്രുവരി മാസാവസാനം, തിളയ്ക്കുന്ന വെയിലുള്ള ഒരു ഉച്ച നേരം മണക്കാട് അഗ്രഹാര തെരുവകൾക്കിടയിലൂടെ മണി മെസ്സിലെത്തി.

പ്രതീക്ഷിച്ച പോലെ തന്നെ ആളുകളുടെ തിരക്ക് ഉണ്ടായിരുന്നു. ഇവിടെ ടോക്കൺ സിസ്റ്റം ആണ്. മുൻഗണനാ ക്രമം അങ്ങനെ നോക്കാറില്ല. ടോക്കൺ എടുക്കുക, ഒഴിവു നോക്കി കഴിയുന്നതും മുന്നിൽ നിൽക്കുക. അകത്തിരിക്കുന്ന ആളുകൾ കഴിച്ചു ഇറങ്ങുമ്പോൾ മുപ്പതോളമുള്ള ഇരിപ്പിടങ്ങൾ കണക്കാക്കി പുറത്തു കാത്തു നിൽക്കുന്നവരെ ഒരു ബാച്ചായിട്ടു അകത്തു കേറ്റും. ഇതാണ് ഇവിടത്തെ സമ്പ്രദായം. ഒരു പത്തു മിനിട്ടിന്റെ കാത്തിരിപ്പിനൊടുവിൽ അകത്തു സീറ്റ് കിട്ടി.

മുന്നിൽ രണ്ടു സ്റ്റീൽ പാത്രങ്ങൾ, ഒന്നിൽ ചോറും സാമ്പാറും പപ്പടവും പരിപ്പ് വടയും. കറികളായി വേറൊരു പാത്രത്തിൽ ബീൻസ് തോരനും , നാരങ്ങാ അച്ചാറും, വെള്ളിരിക്കയൊക്കെ ചേർന്നൊരു കറിയും. 2 ഗ്ലാസ്സുകളിലായി കരിങ്ങാലി വെള്ളവും തൈരും.

എല്ലാം നല്ല ചൂട് ചൂടാണ്. നല്ല വെള്ള ചെറു മണിയരിയിലുണ്ടാക്കിയ ചോറിന്റെ രുചി വളരെ ഇഷ്ട്ടപ്പെട്ടു. കൂടെ കിട്ടിയ സാമ്പാറും തൊടു കറികളുമെല്ലാം പൊളിച്ചു. പരിപ്പ് വട ഇതിലെ ഒരു കിടുക്കാച്ചി ഐറ്റമാണ്. പറയാതിരിക്കാൻ ഒരു നിവർത്തിയുമില്ല. കൂടെ വന്ന കൂട്ടുകാരൻ വട അങ്ങനെ കഴിക്കാത്ത ആളാണ്. എന്നിട്ടും രണ്ടെണ്ണം വാങ്ങിച്ചു. ഞാനും. കപ്പലണ്ടി എണ്ണയാണ് വടയ്ക്കും എല്ലാത്തിനും ഉപയോഗിക്കുന്നത്.

ആ വട ആ ചോറിന്റെ കൂടെ തന്നെ അങ്ങനെ കഴിക്കണം അപ്പോഴാണ് അതിന്റെ ഒരു ടേസ്റ്റ്. ഒരു ഒന്നര ടേസ്റ്റാണ്. വായിൽ ഇപ്പോഴും വെള്ളം നിറയും. അത് പോലെ തന്നെ തൈരും അവിടത്തെ ഒരു ഘടാ ഘടിയാൻ ഐറ്റമാണ്, വിട്ടു കളയരുത്. സൂപ്പർ ടേസ്റ്റാണ്. സർവീസൊക്കെ എടു പിടിയെന്നാണ്. തൊടു കറികളൊക്കെ തീരുന്ന മുറയ്ക്ക് മുറയ്ക്ക് ഇങ്ങു എത്തും. അത് നോക്കാൻ വേണ്ടി പ്രത്യേകം ആളെ നിറുത്തിയിട്ടുണ്ട്.

ഒരു രീതിയിൽ നോക്കിയാൽ ഒരു സദ്യയുമായി താരതമ്യം ചെയ്താൽ സംഭവം ലളിതമാണ്, വളരെ കുറച്ചു കറികൾ, എങ്കിലെന്താ കഴിച്ച അനുഭവം വച്ച് നോക്കുമ്പോൾ വീണ്ടും അങ്ങോട്ട് ആകർഷിക്കുന്ന ഒരു പ്രത്യേകത ഉണ്ട് ഈ ഊണിന്. എന്താണെന്നു അറിയില്ല ആ കറികളുടെ രുചിയും, അവിടെയുള്ളവരുടെ മര്യാദയോട് കൂടിയുള്ള പെരുമാറ്റവും, വൃത്തിയും, ഊണ് സമയത്തു അലയടിക്കുന്ന സംഗീതവുമെല്ലാം കൂടി ചേർന്ന് ആകാം. വെറുതെയല്ല ആളുകൾ കുറച്ചു കാത്തു നിന്നായാലും കഴിക്കാനായി എത്തുന്നത്. വളരെ വളരെ സംതൃപ്തിയോടു കൂടിയാണ് അവിടെ നിന്ന് ഇറങ്ങിയത്.

ഒരു അമ്മയുടെ കയ്യിൽ നിന്നാരംഭിച്ച രുചിയുടെ മണി മുഴക്കം. 1977 കാലഘട്ടങ്ങളിൽ ആണ് ഈ രുചിയുടെ തുടക്കം കുറിച്ചത്. ശ്രീമതി കൃഷ്ണമ്മാൾ തുടക്കം കുറിച്ച ചെറിയ ഒരു ഭക്ഷണയിടം. ആദ്യ കാലങ്ങളിൽ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലായിരുന്നു. പാഴ്‌സൽ, ഡെലിവറി സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പൂജപ്പുര ഓഫീസ് സമുച്ചയങ്ങൾ , കേശവദാസപുരം തുടങ്ങി പല സ്ഥലങ്ങളിലും ഡെലിവറി നടത്തിയിരുന്നു.

1990 കളിൽ ഇരുന്ന കഴിക്കാവുന്ന സൗകര്യങ്ങളാക്കെയൊള്ള ഒരു ഭക്ഷണയിടമായി മാറി. അമ്മയുടെ അനാരോഗ്യം കണക്കിലെടുത്തു മകൻ, ശ്രീ കൃഷ്ണമൂർത്തി എന്ന മണി, 1994 ൽ മണി മെസ്സിന്റെ സാരഥ്യം പൂർണമായി ഏറ്റെടുത്ത് നടത്തി വരുന്നു. 2000 ൽ ശ്രീമതി കൃഷ്ണമ്മാൾ കാല യവനികയ്ക്കുള്ളിൽ മറഞ്ഞു.

മണി മെസ്സിലെ ദിനചര്യകൾ – രാവിലെ 6:30 ക്ക് മണി മെസ്സ് തുറക്കും. ഇഡ്ഡലി, പൂരി, ദോശ – നെയ് റോസ്റ്റ്‌റ് സാദാ ദോശ, ചമ്മന്തി, സാമ്പാർ, തക്കാളി ചമ്മന്തി, ഉഴുന്നു വട തുടങ്ങിയ വിഭവങ്ങൾ. ഒരു 11 മണി വരെ പ്രഭാത ആഹാരത്തിനുള്ള സമയമാണ്. ഉച്ചയ്ക്ക് 12:15 മുതലാണ് ഊണ് സമയം. ഒരു 3:15 മണിയാകുമ്പോഴേ ഊണ് തീരും. 4 മണിയാകുമ്പോൾ കട അടയ്ക്കും. മുൻപ് വൈകുന്നേരങ്ങളിൽ ഒരു 6 മണി മുതൽ രാത്രി 10 മണി വരെ കാപ്പി, ദോശ വിഭവങ്ങൾ, ഉള്ളി വട , സേവ, രസ വടയൊക്കെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നല്ല ചെലവുമായിരുന്നു. മണി ചേട്ടന്റെ അനാരോഗ്യങ്ങൾ കാരണം വൈകുന്നേരത്തെ ആഹാരം. നിർത്തി. ഇപ്പോൾ ഉച്ച വരെ മാത്രം.

ചെറിയ തോതിലുള്ള കാറ്ററിംഗ് വർക്കുകൾ ഏറ്റെടുത്തു നടത്തി വരുന്നു. ഊണ് എന്തായാലും ഇനിയും കഴിക്കും എങ്കിലും എന്റെ അടുത്ത ലക്ഷ്യം അവിടത്തെ പ്രഭാത ഭക്ഷണമാണ്. ആ നല്ല നാളുകൾക്കായി കാത്തിരിക്കുന്നു.

Seating Capacity: 30, Timings: 6:30 AM to 4 PM, Address : Mani Mess, TC 40, 540, 3rd Puthen St, Near Mani Fashion Jewellwers, Muttathara, Thiruvananthapuram.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.